റാഖിൽ പാശ്ചാത്യ സേനയ്ക്കുമുന്നിൽ പരാജയപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യൂറോപ്പിലേക്ക് കടന്നേക്കാമെന്ന് തെരേസ മെയ്‌. സൗദി സന്ദർശനത്തിന് പോകവെ, ഇറാഖിലെത്തിയ തെരേസ മെയ്‌ സൈനികരോട് സംസാരിക്കുകയായിരുന്നു. ഐസിസ് ഭീകരരുടെ ഭീഷണി നേരിടുന്നതിന് ബ്രിട്ടൻ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് തെരേസ മെയ്‌ പറഞ്ഞു. ഒരു ദശാബ്ദത്തിനിടെ, ഇറാഖ് സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് തെരേസ.

ഇറാഖിൽനിന്ന് സൗദി അറേബ്യയിലെത്തിയ തെരേസ, സൗദി രാജാവ് സൽമാനെയും അദ്ദേഹത്തിന്റെ മകനും സൗദിയുടെ കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനെയും സന്ദർശിച്ചു. യെമനിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് തെരേസ മെയ്‌ സൗദിയിലെത്തിയത്. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടശേഷം അദ്ദേഹത്തെ സന്ദർശിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ നേതാവ് കൂടിയാണ് തെരേസ.

യെമനിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന് തെരേസ വ്യക്തമാക്കി. യെമനിലെ ഹൗദെയ്ദ തുറമുഖം രക്ഷാപ്രവർത്തകർക്കും സഹായമെത്തിക്കുന്നതിനുമായി സുരക്ഷിതമാക്കണമെന്നും തെരേസ സൗദി ഭരണാധികാരികളോട് ആവശ്യപ്പെട്ടു. യെമനിൽ നടന്നുകൊണ്ടിരുന്ന ഏറ്റുമുട്ടലുകളിൽ അന്താരാഷ്ട്ര സമൂഹത്തിന് കടുത്ത ആശങ്കകളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

യെമനിലെ സർക്കാരിന് സൗദിയുടെ പിന്തുണയുണ്ട്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂത്തി വിമതർക്കെതിരെ സൗദിയുടെ സഹായത്തോടെയാണ് യെമൻ സൈന്യം പോരാടുന്നത്. യുദ്ധത്തിന് പുറമെ, കടുത്ത ക്ഷാമവും കോളറയും യെമനിൽ വ്യാപകമായിട്ടുണ്ട്. ഇതോടെയാണ് മനുഷ്യജീവിതം അവിടെ നരകതുല്യമായത്. 2015 മാർച്ച് മുതൽക്കാണ് യെമനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

യെമനിൽ സൗദി സൈനിക സഹായം നൽകാൻ തുടങ്ങിയതോടെ, ബ്രിട്ടനിൽനിന്നാണ് കൂടുതൽ ആയുധങ്ങൾ സൗദി വാങ്ങുന്നത്. 3.3 ബില്യൺ പൗണ്ടിന്റെ ആയുധങ്ങളാണ് ഇതുവരെ സൗദി ബ്രിട്ടനിൽനിന്ന് വാങ്ങിയിട്ടുള്ളത്. സൗദിയുടെ നേതൃത്വത്തിലുള്ള സൈന്യം യെമനിൽ അന്താരാഷ്ട്ര മര്യാദകൾ ലംഘിക്കുന്നുവെന്ന ആരോപണം ശക്തമാണ്. സൗദിക്കുള്ള ആയുധക്കച്ചവടം നിർത്തിവെക്കണമെന്ന ആവശ്യവും ബ്രിട്ടനുമേൽ ഉയരുന്നുണ്ട്.

ബാഗ്ദാദിലെ ബ്രിട്ടീഷ് സൈനിക കേന്ദ്രത്തിലാണ് തെരേസ സന്ദർശനം നടത്തിയത്. തെരേസയുടെ സന്ദർശന വിവരം അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. സൈനികരുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി, ഭീകരരെ അമർച്ചചെയ്യാൻ ബ്രിട്ടൻ ആവുന്നല്ലൊം ചെയ്യുമെന്നും വ്യക്തമാക്കി. എന്നാൽ, ഇറാറിലെ സൈനികരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് അവർ വ്യക്തമായ സൂചനകളൊന്നും നൽകിയില്ല.

ജോർദാനിൽനിന്ന് വ്യോമസേനയുടെ ഹെർക്കുലിസ് യുദ്ധവിമാനത്തിലാണ് തെരേസ ബാഗ്ദാദിലേക്കെത്തിയത്. ഇറാഖി സൈനികരെ പരിശീലിപ്പിക്കുന്നതിലേർപ്പെട്ടിരിക്കുന്ന 600-ഓളം ബ്രിട്ടീഷ് സൈനികരെ അവർ അഭിസംബോധന ചെയ്തു. അതിനുശേഷം ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ-അബാദിയുമായും തെരേസ കൂടിക്കാഴ്ച നടത്തി. ഭീകരരെ ഇല്ലാതാക്കുന്നതിന് ഇറാഖുമായി തുടർന്നും യോജിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.