തിരുവനന്തപുരം: ട്രെയിനുകളിൽ യാത്ര റിസർവ് ചെയ്തു മാത്രമാക്കിയെങ്കിലും ഐആർസിടിസി വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഉയർത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഒരാൾക്ക് ഒരു മാസം ബുക്ക് ചെയ്യാവുന്നത് ഇപ്പോഴും 6 ടിക്കറ്റ് മാത്രം. ട്രെയിനിൽ സ്ഥിരം യാത്ര ചെയ്യുന്ന ജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് കൗണ്ടറിൽ നിന്ന് അൺറിസർവ്ഡ് ടിക്കറ്റ് എടുക്കാൻ സൗകര്യമുള്ളത് 2 ട്രെയിനുകളിൽ മാത്രം. ബാക്കി ട്രെയിനുകളിലെല്ലാം റിസർവ് ചെയ്യണം.

ടിക്കറ്റുകൾ ഓൺലൈനിൽ വൻതോതിൽ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്ന ഏജൻസികൾക്കു തടയിടാനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് കോവിഡ്കാലത്ത് യാത്രക്കാർക്കു കുരുക്കായത്. ആധാറുമായി ലിങ്ക് ചെയ്താൽ 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാമെന്നു സൈറ്റിൽ പറയുന്നുണ്ടെങ്കിലും ഇതിനു ശ്രമിച്ചാൽ നിലവിൽ അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടെന്ന മറുപടിയാണു ലഭിക്കുക. സംസ്ഥാനത്ത് ഏതാനും ട്രെയിനുകളിൽ മാത്രമാണു തത്സമയം ടിക്കറ്റ് എടുക്കാൻ അവസരമുള്ളത്.