മേരിക്ക വിസ നിയന്ത്രണങ്ങൾ കർശനമാക്കുകയും ബ്രിട്ടനിലെ ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതും ഇന്ത്യക്കാരടക്കമുള്ള ഉദ്യോഗാർഥികളുടെ പ്രിയപ്പെട്ടരാജ്യമാക്കി അയർലൻഡിനെ മാറ്റിയിരിക്കുന്നു. ആയിരക്കണക്കിന് തൊഴിലവസരങ്ങളുമായി അയർലൻഡ് വിദേശികളെ സ്വീകരിക്കുകയും ചെയ്യുന്നു. നഴ്‌സുമാരും ഐടിക്കാരുമടക്കമുള്ള വിവിധ മേഖലകളിലായി ഒട്ടേറെ ഇന്ത്യക്കാർ ഇതിനകം അയർലൻഡിൽ ചേക്കേറിക്കഴിഞ്ഞു.

നിലവിൽ ബ്രിട്ടനിലുള്ളവരും അയർലൻഡിലേക്ക് പോകാൻ താത്പര്യം കാട്ടുന്നുണ്ടെന്നാണ കണക്കുകൾ തെളിയിക്കുന്നത്. 2016 ഏപ്രിലുമായി തട്ടിച്ചുനോക്കുമ്പോൾ ഈ പ്രവണതയ്ക്ക് 11 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ബ്രിട്ടനിൽ സ്‌കിൽഡ് വർക്കർമാർക്ക് നൽകുന്ന ടയർ 2 വിസ കൂടുതൽ ചെലവേറിയതും കർശനവുമായതോടെയാണ് അയർലൻഡിലേക്കുള്ള കുടിയേറ്റം വർധിച്ചത്. ടയർ 2 സ്‌പോൺസർഷിപ്പ് ലൈസൻസുള്ളവർക്കു മാത്രമേ ടയർ 2 വിസ നൽകാനാവൂ.

ബ്രിട്ടനിലേക്കുള്ള തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞതോടെ, അയർലൻഡിലേക്കും ഫ്രാൻസിലേക്കും ജർമനിയിലേക്കുമാണ് കൂടുതൽ പേർ പോകുന്നത്. അയർലൻഡിൽ മുൻകാലത്തൊന്നമില്ലാത്തയത്ര വർക്ക് പെർമിറ്റുകളാണ് 2016-ൽ നൽകിയത്. ഇക്കൊല്ലവും അത് പുതിയ റെക്കോഡിലാക്കാണ് പോകുന്നതെന്ന് വർക്ക് പെർമിറ്റ് ഡോട്ട് കോം സമാഹരിച്ച കണക്കുകൾ തെളിയിക്കുന്നത്. യൂറോപ്പിന് പുറത്തുനിന്നുള്ള രാജ്യങ്ങളിൽ ബ്രസീൽ, ഇന്ത്യ, ഇസ്രയേൽ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽപേരും അയർലൻഡിലെത്തുന്നത്.

വിദേശത്തുനിന്ന് ജോലിക്കാരെ കൊണ്ടുവരുന്നതിന് വിസ നടപടികൾ ലഘൂകരിക്കുമെന്ന് ഐറിഷ് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അയർലൻഡിൽ കൂടുതൽ നിക്ഷേപവും അവസരങ്ങളും സൃഷ്ടിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമാണിത്. നടപടികൾ അനായാസമായതുകൊണ്ടുതന്നെ ചതിക്കുഴികളിൽപ്പെടാനുള്ള സാധ്യതയുമേറെയാണ്. വർക്ക് പെർമിറ്റ് ഡോട്ട് കോം പോലുള്ള പ്രമുഖ വെബ്‌സൈറ്റുകളിലൂടെ വർക്ക് പെർമിറ്റ് നേടുന്നതാകും സുരക്ഷിതമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.