ഡബ്ലിൻ: രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ട് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഉത്തരവിട്ടു. ഇതിനു മുന്നോടിയായ പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് പ്രസ്താവനയിറക്കുകയും ചെയ്തു. ഈ മാസം 26ന് രാജ്യത്ത് പൊതുതെരഞ്ഞെടുത്ത് നടത്തുമെന്ന് പ്രധാനമന്ത്രി എൻഡ കെന്നിയും പ്രഖ്യാപിച്ചു. 

പ്രസിഡന്റും പ്രധാനമന്ത്രിയും ചേർന്നു നടത്തിയ പൊതുപ്രസ്താവനയിലാണ് പാർലമെന്റ് പിരിച്ചുവിട്ടതും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ എൻഡ കെന്നി അദ്ദേഹവുമായി ഏതാനും മിനിട്ടു നേരത്തെ ചർച്ച നടത്തിയ ശേഷം പുറത്തു വരികയും ചെയ്തു. പിന്നീട് ഇരുവരും ചേർന്ന് സ്റ്റേറ്റ് റിസപ്ഷൻ ഹാളിൽ മാദ്ധ്യമപ്രവർത്തകരെ അഭിവാന്ദ്യം ചെയ്തു സംസാരിക്കുകയായിരുന്നു.

തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയത്തിൽ പ്രസിഡന്റ് ഒപ്പിച്ചു. മാർച്ച് പത്തിന് പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നും എൻഡ കെന്നി അറിയിച്ചു.