ഡബ്ലിൻ: ഡെസ്മണ്ട് കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ നിന്നു ഇനിയും വിമുക്തമാകാത്ത അയർലണ്ടിന്റെ പുനരുദ്ധാരണത്തിന് വേണ്ടത് എട്ടു മില്യണിലധികം യൂറോയാണെന്ന് വിലയിരുത്തൽ. മോശം കാലാവസ്ഥ പല കൗണ്ടികളേയും വെള്ളത്തിൽ മുക്കിയതിന്റെ ഫലമായി ഒട്ടേറെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇവയുടെ പുനരുദ്ധാരണത്തിനുള്ള ഫണ്ട് ലോക്കൽ അഥോറിറ്റികൾക്ക് കൈമാറിയെന്ന് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് സൈമൺ ഹാരിസ് വ്യക്തമാക്കി.

വെള്ളപ്പൊക്കത്തെ തുടർന്ന് 260-ലധികം വീടുകളാണ് ഒലിച്ചുപോയത്. കനത്ത പേമാരി മൂലം കൂടുതൽ വീടുകൾ നാശനഷ്ടത്തിന്റെ വക്കിലാണ്. കൊടുങ്കാറ്റും പേമാരിയും ഏറെ നാശനഷ്ടം വിതച്ച ഗാൽവേ, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങൾ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് സന്ദർശിക്കുകയും ചെയ്തു. അത്‌ലോണിൽ നിന്ന് നൂറിലധികം കുടുംബങ്ങൾക്ക് വീടുപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതാണ് വീടുപേക്ഷിക്കാൻ ഇവരെ നിർബന്ധിച്ചത്.

ഷാനോൻ നദിയിലെ വെള്ളത്തിന്റെ ലെവൽ ഏറ്റവും അപകടകരമായ അവസ്ഥയിലും എത്തി. ലെവൽ രേഖപ്പെടുത്താൻ തുടങ്ങിയ 1932-നു ശേഷം ഏറ്റവും ഉയർന്ന ലെവലാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. മിക്കയിടങ്ങളിലും വെള്ളം പമ്പു ചെയ്തു കളയാൻ ഐറീഷ് ഡിഫൻസ് ഫോഴ്‌സ് രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലായി രക്ഷാപ്രവർത്തനത്തിന് 110-ഓളം അംഗങ്ങളെ വിന്യസിച്ചിട്ടുമുണ്ട്.

ഈസ്റ്റ് കോർക്കിലുള്ള എൻ 25-നെ വെള്ളപ്പൊക്കത്തിന്റെ വിപത്തിൽ നിന്നു കരകയറ്റാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് കോർക്ക് കൗണ്ടി കൗൺസിൽ പറയുന്നത്. ഒരാഴ്ചയായി ഇവിടെ വെള്ളംകയറിയ അവസ്ഥയിലാണ്. കൊടുങ്കാറ്റും ദിവസങ്ങളായി തുടരുന്ന പേമാരിയും മൂലം വെള്ളത്തിന്റെ തോത് കുറയുന്നുമില്ല.

അതേസമയം വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും പുനരുദ്ധാരണത്തിന് കൂടുതൽ തുക വേണ്ടിവരുമെങ്കിൽ അതു നൽകാനും സർക്കാർ സന്നദ്ധമാണെന്ന് സർക്കാർ വക്താവ് അറിയിച്ചിട്ടുണ്ട്. കൂടാതെ മുൻകൂട്ടി കാലാവസ്ഥാ പ്രവചിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും സർക്കാർ തലത്തിൽ ആലോചന നടന്നുവരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.