ഡബ്ലിൻ: അടുത്ത അഞ്ചു വർഷത്തേക്ക് 1500-ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പു നൽകിക്കൊണ്ട് നാലു കമ്പനികൾ രംഗത്തെത്തി. രാജ്യമെമ്പാടും വിവിധ മേഖലകളിലായി സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരങ്ങളിൽ ഏറ്റവും കൂടുതൽ ഡിസ്എബിലിറ്റി കെയർ മേഖലയിലായിരിക്കുമെന്നാണ് റിപ്പോർട്ട്.

നുവാ ഹെൽത്ത് കെയർ 800-ലധികം തൊഴിൽ സാഹചര്യങ്ങൾ ഡിസ്എബിലിറ്റി കെയർ മേഖലയിൽ തന്നെ സൃഷ്ടിക്കപ്പെടും. ഈ വർഷം തന്നെ കമ്പനി 300 പേരെ ജോലിക്കെടുക്കും. ബാക്കി 500 പേർക്ക് 2019-നു മുമ്പു തന്നെ തൊഴിൽ നൽകുമെന്നാണ് നുവാ ഹെൽത്ത് കെയർ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 20 റെസിഡൻഷ്യൻ സെന്ററുകളും അതിനോടനുബന്ധിച്ച് ഡേ കെയർ സെന്ററുകളും രാജ്യമെമ്പാടും സ്ഥാപിക്കുന്നതാണ്.

ഫ്രഞ്ച് എൻവയോൺമെന്റൽ സർവീസസ് ഗ്രൂപ്പായ വിയോലിയ, ഐറീഷ് ട്രാവൽ സോഫ്റ്റ് വെയർ കമ്പനിയായ ബോക്‌സെവർ, ഓൺലൈൻ സർവേ കമ്പനിയായ നെറ്റിഗേറ്റ്  എന്നിവയാണ് കൂടുതൽ തൊഴിൽ അവസരങ്ങൾ തീർക്കുന്ന മറ്റു കമ്പനികൾ. വിയോലിയ 300 തസ്തികകളും  ബോക്‌സെവർ 100 തസ്തികകളും നെറ്റിഗേറ്റ് 45 തസ്തികകളും സൃഷ്ടിക്കും.