ഡബ്ലിൻ: രാജ്യത്തുള്ള നാലിൽ ഒരാൾ പതിനാലു വയസിൽ താഴെയുള്ളവരാണെന്ന് റിപ്പോർട്ട്. അയർലണ്ടിലെ ജനസമൂഹമാണ് യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറുപ്പമേറിയതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെയുള്ള 4.7 മില്യൺ ജനസംഖ്യയിൽ 22 ശതമാനം പേരും 14 വയസുവരെയുള്ളവരാണെന്നാണ് വിലയിരുത്തുന്നത്. യൂറോപ്യൻ യൂണിയനിലെ മറ്റ് 27 രാജ്യങ്ങളിൽ ഇതു ശരാശരി 15.5 ശതമാനമായിരിക്കേയാണ് അയർലണ്ടിൽ ഇത് 14 വയസിൽ താഴെയായി നിലകൊള്ളുന്നത്.

65 വയസിനു മുകളിലുള്ളവരുടെ എണ്ണവും അയർലണ്ടിലാണ് ഏറ്റവും കുറവ്. വെറും 13 ശതമാനം മാത്രമാണ് ഇവിടെ 65 വയസു കഴിഞ്ഞവരായിട്ടുള്ളത്. മറ്റു രാജ്യങ്ങളിൽ ഇത് ശരാശരി 18.5 ശതമാനമാണ്. ജർമനിയിലേയും ഇറ്റലിയിലേയും അവസ്ഥയെക്കാൾ നേരെ വിപരീതമാണ് ഇവിടുത്തെ അവസ്ഥ. ജർമനിയിൽ 654 വയസു കഴിഞ്ഞവരുടെ എണ്ണം മൊത്തം ജനസംഖ്യയിൽ 21 ശതമാനമാണ്. 14 വയസിൽ താഴെയുള്ളവരുടെ എണ്ണമാകട്ടെ 14 ശതമാനവും. ഇറ്റലിയിൽ ഇത് യഥാക്രമം 22 ശതമാനവും 13 ശതമാനവുമാണ് രേഖപ്പെടുത്തുന്നത്.

യൂറോപ്യൻ യൂണിയനിൽ ഫെർട്ടിലിറ്റി നിരക്കിലും അയർലണ്ട് മുന്നിലാണ്. എന്നാൽ ഇക്കാര്യത്തിൽ അയർലണ്ടിനൊപ്പം ഫ്രാൻസുമുണ്ട്. ഒരു സ്ത്രീക്ക് രണ്ടു കുട്ടികൾ എന്ന തോതിലാണ് ഇവിടത്തെ ജനനനിരക്ക്. 1.4 ശതമാനമായി ജർമനിയും ഇറ്റലിയും തൊട്ടു പിന്നിലുണ്ട്. എന്നാൽ ഗ്രീസ്, ഹംഗറി, പോർച്ചുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിൽ ജനനനിരക്ക് തീരെ കുറവാണ്. 1.3 ശതമാനമാണിത്.