ഡബ്ലിൻ: ഐറീഷ് ജനതയുടെ ജീവിത നിലവാരം യൂറോപ്യൻ യൂണിയൻ ശരാശരിയിലും താഴെയെന്ന് കണ്ടെത്തൽ. യൂറോപ്യൻ യൂണിയനിലെ 28 അംഗരാജ്യങ്ങളെക്കാളും രണ്ടാമത്തെ ഉയർന്ന ജിഡിപിയാണ് അയർലണ്ടിലെങ്കിലും ജീവിത നിലവാരത്തിന്റെ കാര്യം വരുമ്പോൾ യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാളും പത്തു ശതമാനം താഴെയാണെന്നാണ് വ്യക്തമായിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസായ യൂറോസ്റ്റാറ്റ് വെളിപ്പെടുത്തിയതാണിക്കാര്യം.

ഓരോ കുടുംബത്തിനുമുള്ള സമ്പത്തിന്റെ കണക്കെടുപ്പ് നടത്തിയ ശേഷമാണ് യൂറോ സ്റ്റാറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌പെയിൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ ജീവിത നിലാവരത്തിനു സമാനമാണ് അയർലണ്ടിലെന്നും ഇറ്റലിയെക്കാൾ താഴെയാണ് ഇവിടുത്ത ജീവിത നിലവാരമെന്നുമാണ് കണക്കാക്കിയിരിക്കുന്നത്. അതേസമയം വിലനിലവാരത്തിന്റെ കാര്യത്തിൽ 28 ഇയു അംഗരാജ്യങ്ങളിൽ വച്ച് അഞ്ചാം സ്ഥാനമാണ് അയർലണ്ടിനുള്ളത്. ജിഡിപിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ലക്‌സംബർഗിനെക്കാൾ തൊട്ടു താഴെ. ജിഡിപി യൂറോപ്യൻ യൂണിയനിൽ ശരാശരി 28 ശതമാനമായിരിക്കേ അയർലണ്ടിൽ ഇത് 32 ശതമാനമാണ്. തൊട്ടുപിന്നിൽ 30 ശതമാനവുമായി നെതർലാൻഡ്‌സ് ആണ്.