ഡബ്ലിൻ: കാരുണ്യത്തിന്റെ ജൂബിലിവർഷം അയർലണ്ടിലെ സീറോമലബാർ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവർഷം. '2006 - 2016' അയർലണ്ടിലെ സീറോ മലബാർ സഭ പത്താം വർഷത്തിലേയ്ക്ക്. പ്രവാസ ദേശത്ത് സീറോ മലബാർ സഭയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും കരുതലിനും നന്ദി അർപ്പിച്ചുകൊണ്ട് മെയ് 21 ന് ശനിയാഴ്ച നോക്ക് മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ ദശവൽസര ആഘോഷങ്ങൾക്ക് തുടക്കമാവും. സീറോ മലബാർ സഭയുടെ അയർലണ്ടിലെയും, നോർത്തേൺ അയർലണ്ടിലെയും സഭാമക്കൾ നോക്ക് തീർത്ഥാടനകേന്ദ്രത്തിൽ ഒന്നുചേർന്ന് ദൈവത്തിന് നന്ദിയർപ്പിക്കും.

മെയ്‌ 21ന് നടക്കുന്ന ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾക്കും സമ്മേളനത്തിനും ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡോ.ഡേർമറ്റ് മാർട്ടിൻ നേതൃത്വം നല്കും. അന്നേ ദിവസം രാവിലെ 10.45 ന് ആർച്ച് ബിഷപ്പ് ഭദ്രദീപം കൊളുത്തി ദശാബ്ദി ആഘോഷ പരിപാടികളുടെ തിരിതെളിക്കും.

തുടർന്ന് ആഘോഷമായ പാട്ടുകുർബാനയും വർണാഭമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വർണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും ,പ്രാർത്ഥനഗാനങ്ങൾ ആലപിച്ചുകൊണ്ടും വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.

2006 ൽ ഡബ്ലിൻ ആർച്ച്ബിഷപ് സീറോ മലബാർ സഭാഗങ്ങളായ വൈദികരെ ചാപ്ല്യന്മാരായി ആയി നിയമിച്ചതോടു കൂടിയാണ് അയർലണ്ടിൽ സഭയുടെ പാരമ്പര്യ രീതിയിലുള്ള ആത്മീയ ശുശ്രൂഷകൾ ആരംഭിക്കുന്നത്. തുടർന്ന് വിശ്വാസ കൂട്ടായ്മകളുടെ ആവശ്യ പ്രകാരം അയർലണ്ടിലെ വിവിധ സ്ഥലങ്ങളിലും സഭാ പ്രവർത്തനം ആരംഭിച്ചു. 2006 വരെയുള്ള കാലഘട്ടത്തിൽ അയർലണ്ടിൽ പഠനത്തിന്റെ ഭാഗമായി വന്ന വൈദികരുടെ സേവനമാണ് ആരംഭകാല കുടിയേറ്റ വിശ്വാസികൾക്ക് ലഭിച്ചിരുന്നത്.
സീറോ മലബാർ സഭയുടെ പ്രവാസി കാര്യാലയവും ഡബ്ലിൻ അതിരൂപതയും സംയുക്തമായി ആരംഭിച്ച ആത്മീയ പരിപാലനശുശ്രൂഷകൾ അയർലണ്ടിലും, നോർത്തേൺ അയർലണ്ടിലുമായുള്ള 32 മാസ് സെന്ററുകളിലായി ഇതിനകം വ്യാപിച്ചുകഴിഞ്ഞു. ഇത് കൂടാതെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും കൂട്ടായ്മകൾ രൂപപ്പെട്ടുവരുന്നുമുണ്ട്.

അയർലണ്ടിലെ സീറോമലബാർ വിശ്വാസസമൂഹം തങ്ങൾക്കു പാരമ്പര്യമായി കിട്ടിയ വിശ്വാസം ചോർന്ന്പോകാതെ കാത്തുസൂക്ഷിക്കുന്നതിനും, കുടുംബമെന്ന അടിസ്ഥാനശിലക്ക് ഇളക്കം വരാതെ സംരക്ഷിക്കേണ്ടതിനും യുക്തമായ വിശ്വാസപരിശീലനപരിപാടികളും ആത്മീയ ശുശ്രൂഷകളും വിഭാവനം ചെയ്യേണ്ട അവസരം കൂടിയാണ് ദശാബ്ദി ആചരണവേളയെന്ന് സഭയുടെ നാഷണൽ കോർഡിനേററർ മോൺ.ഫാ.ആന്റണി പെരുമായൻ ഓർമ്മപ്പെടുത്തി. സഭാ ശുശ്രൂഷകൾക്കായി വലിയ പ്രോത്സാഹനം തന്ന അഭിവന്ദ്യ പിതാക്കന്മാരെയും, തദേശ്ശിയ സഭാധികാരികളെയും, സ്തുത്യർഹമാംവിധം സേവനം ചെയ്ത മുൻ ചാപ്ല്യൻവൈദികരെയും സഭാ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ വേണ്ടി അഹോരാത്രം അധ്വാനിച്ച ആദ്യകാല പ്രവാസികളായെത്തിയ സഭാമക്കളെയും നന്ദിയോടെ ഓർത്ത് പ്രാർത്ഥിക്കേണ്ട വർഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
അയർലണ്ടിലെ മലയാളി കത്തോലിക്കർ എല്ലാ വർഷവും നോക്ക് മരിയൻ തീർത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള മെയ്‌ മാസത്തിലെ തീർത്ഥാടനവേളയോട് അനുബന്ധിച്ച് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്ന ദശാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുത്ത് ദൈവാനുഗ്രഹത്തിന് നന്ദിയർപ്പിക്കാനായി ഏവരെയും ക്ഷണിക്കുന്നതായി മോൺ.പെരുമായൻ അറിയിച്ചു.

മെയ്‌ 21 ന്റെ നോക്ക് തീർത്ഥാടനത്തിനും ദശാബ്ദി ആഘോഷങ്ങൾക്കും സഭയുടെ എല്ലാ കേന്ദ്രങ്ങളിലും ലോക്കൽ തലത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോൺ: ഫാ. ആന്റണി പെരുമായൻ (ബെൽഫാസ്റ്റ്), ഫാ. പോൽ മോരേലി (ബെൽഫാസ്റ്റ്), ഫാ. ജോസഫ് കറുകയിൽ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിൻ), ഫാ. ആന്റണി ചീരംവേലിൽ (ഡബ്ലിൻ), ഫാ. ഫ്രാൻസിസ് ജോർജ് നീലങ്കാവിൽ (കോർക്ക്) എന്നിവരുടേയും അയർലണ്ടിൽ സഭാപ്രവർത്തനങ്ങളിൽ സഹകരിക്കുന്ന മറ്റു വൈദീകരുടെയും,സഭാസമിതികളുടെയും, യൂണിറ്റ് തല ഭാരവാഹികളുടെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നോക്ക് മരിയൻ തീർത്ഥാടനത്തിനായി ഒരുക്കുന്നുണ്ട് .

നോക്ക് മരിയൻ തീർത്ഥാടനത്തിലേക്ക് അയർലണ്ടിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി തീർത്ഥാടനത്തിന്റെ കൺവീനർ ഫാ. ഫ്രാൻസിസ് ജോർജ് നീലങ്കാവിൽ അഭ്യർത്ഥിച്ചു.

കിസാൻ തോമസ്-0876288906