നീതിപൂർവമായ രീതിയിൽ വാട്ടർ ചാർജ് ഏർപ്പെടുത്തുമെന്ന് ടാനെയ്സ്റ്റും ഫോർ സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്ററുമായ ജോൺ ബർട്ടൻ പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും മീറ്റർ ഇല്ലാത്തതിനാൽ വാട്ടർ ചാർജ് പിരിക്കാൻ മീറ്റർ സിസ്റ്റം ഏർപ്പെടുത്തുന്നത് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഏത് തരത്തിലുള്ള വാട്ടർചാർജുകളാണ് അടയ്‌ക്കേണ്ടി വരികയെന്നതിനെ സംബന്ധിച്ച് രണ്ടാഴ്ചക്കകം വ്യക്തതയുണ്ടാകുമെന്നാണ് ഫിനാൻസ് മിനിസ്റ്റർ മൈക്കൽ നൂനാൻ പറഞ്ഞത്. എക്കണോമിക് മാനേജ്‌മെന്റ് കൗൺസിലിന്റെ മീറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതിനിടെ വാട്ടർ ചാർജിനെച്ചൊല്ലി രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നുമുണ്ട്. ആയിരക്കണക്കിന് ഡെമോൻസ്‌ട്രേറ്റർമാരാണ് തെരുവുകളിൽ അരങ്ങേറുന്ന ഇത്തരം പരിപാടികളിൽ ഭാഗഭാക്കാകുന്നത്. റൈറ്റ് ടു വാട്ടർ ക്യാംപയിൻ ഇന്ന് 90 മാർച്ചുകൾ സംഘടിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചാർജിനെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണീ മാർച്ചുകൾ നടക്കുന്നത്.

ഐറിഷിലെ ജലവിതരണ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിൽ സർക്കാർ വേണ്ടത്ര സമയമെടുത്തില്ലെന്നും അതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് മുൻ കാബിനറ്റ് മിനിസ്റ്റർ പാറ്റ് റാബിറ്റ് പറയുന്നത്. മൂന്നോ അഞ്ചോ വർഷമെടുത്ത് ചെയ്യേണ്ടുന്ന കാര്യം സർക്കാർ രണ്ട് വർഷം കൊണ്ട് ചെയ്തതിന്റെ പ്രത്യാഘാതങ്ങളാണിന്ന് നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒക്ടോബര് ആദ്യം ഡബ്ലിൻ സിറ്റി സെന്ററിൽ നടന്ന നാഷണൽ ഡെമോൻസ്‌ട്രേഷനെ പിന്തുടർന്നാണ് ഇന്ന് നടക്കുന്ന പ്രതിഷേധസമരങ്ങളും അരങ്ങേറുന്നത്.