വാട്ടർഫോർഡ്: അയർലൻഡിൽ കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവനിൽ മലയാളികളുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രിസ്തുമസ്-പുതുവർഷത്തിനോടനു ബന്ധിച്ച് സംഘടിപ്പിക്കാറുള്ള ആഘോഷപരിപാടികൾ ഇക്കുറിയും ഗംഭീരമായി നടത്തപ്പെട്ടു. ഡിസംബർ 29 വ്യാഴാഴ്‌ച്ച ഡൺഗാർവൻ ഫ്യൂഷൻ സെന്ററിൽ വെച്ച് നടന്ന ആഘോഷപരിപാടികൾ മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെയുള്ള അംഗങ്ങളുടെ സജീവ സാന്നിധ്യത്താൽ ശ്രദ്ധേയമായി. വൈകിട്ട് 5.30 ന് ആരംഭിച്ച പരിപാടികൾ രാത്രി 10.30 വരെ നീണ്ടുനിന്നു.

നേറ്റിവിറ്റി പ്ലേ, കുട്ടികളുടെ ഗാനാലാപനം, ഡാൻസ്, കീബോർഡ് സോംഗ്, കുട്ടികളുടെ സംഘ നൃത്തം, ഡൺഗാർവൻ മലയാളി കമ്മ്യൂണിറ്റി അംഗംകൂടിയായ ബിജു പോളിന്റെ സംവിധാനത്തിൽ അരങ്ങേറിയ ഏവരെയും വിസ്മയിപ്പിച്ച യു.വി. ലൈറ്റ് ഡാൻസ്, ഡബ്ലിനിൽ നിന്നുള്ള ഡോണ എലിസബത്ത് ആലപിച്ച മനോഹര ഗാനങ്ങൾ, കുട്ടികൾക്കായുള്ള ഗെയിംസ്, കാപ്പക്വിൻ മലയാളി കമ്യൂണിറ്റിയിൽ നിന്നുള്ള വനിതകൾ ഗംഭീരമായി അവതരിപ്പിച്ച സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, കുട്ടികൾക്ക് സമ്മാനവുമായി എത്തിയ സാന്താ വിസിറ്റ് ( സാന്റായെ മികച്ച ഡാൻസിങ് സ്റ്റെപ്പിലൂടെ അവതരിപ്പിച്ചത് ഷിന്റോ ജോസഫ് ) തുടങ്ങിയ ഒരു ഡസണിലേറെ പരിപാടികൾ ആഘോഷരാവിന് തിളക്കമേകി.

ഈ ആഘോഷരാവിലേക്ക് രുചികരമായ ഡിന്നർ ഒരുക്കിയത് രാജീവ്-ഇറാൻസ് ദമ്പതികളുടെ നേതൃത്വത്തിലാണ്. പരിപാടിയുടെ ശബ്ദ സംവിധാനം ഒരുക്കിയത് ജോർഡിസ് ഫിലിംസും മനോഹര നിമിഷങ്ങളെ ഫോട്ടോഗ്രാഫിയിലൂടെ ഒപ്പിയെടുത്തത് സിജോ ജോസഫും ആണ്. ലക്കി ഡ്രോയിലൂടെ SHAWS DEPARTMENT STORE 50 യൂറോ വൗച്ചർ വിജയിച്ചത് ബിജോ കാപ്പക്വിൻ, TOYMASTER 20 യൂറോ വൗച്ചർ വിജയിച്ചത് റോണി മാത്യു എന്നിവരാണ്. സോനു മാത്യൂസ് ജോർജ്ജ്, ബിജു പോൾ, റോണി മാത്യു, ബോബി ജോർജ്ജ്, സിജോ ജോസഫ്, ക്രിസ്റ്റീന ബോബി, ജോസിനാ റോണി, സിജോ ജോർഡി, ബിന്റാ സിജോ, രാജീവ് തോമസ്, ഇറാൻസ് രാജീവ്, ഷിന്റോ - ആൽബി, മെൽവിൻ തോമസ് തുടങ്ങിയവർ മറ്റ് കമ്യൂണിറ്റി അംഗങ്ങളുടെ കൂടെ തോളോടുതോൾചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.