നീനാ (കൗണ്ടി ടിപ്പററി) : മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ രണ്ട് മാസങ്ങള്‍ നീളുന്ന ആഘോഷാരവങ്ങളുമായി വരവേല്‍ക്കാന്‍ നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും,ആഘോഷത്തിമിര്‍പ്പ് നിറഞ്ഞതുമാണ് ഈ രണ്ട് മാസങ്ങള്‍. 'ഇലുമിനാറ്റി,ആവേശം,തരംഗം,അമ്പാന്‍ 'എന്നിവയാണ് ഗ്രൂപ്പുകള്‍ .ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി.

ഓഗസ്റ്റ് 23 ന് നിരവധി ഓണക്കളികളുമായി 'സ്‌പോര്‍ട്‌സ് ഡേ' നടക്കും. അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പുകളെ കാത്തിരിക്കുന്നത്.വടംവലി,റിലേ,ക്രിക്കറ്റ്,ക്വിസ്,ബാഡ്മിന്റണ്‍ ,ചാക്കിലോട്ടം, എന്നിവ അവയില്‍ ചിലത് മാത്രമാണ്.കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങള്‍ അന്നേ ദിവസം നടത്തപ്പെടുന്നു. ജേഴ്‌സികള്‍ അണിഞ്ഞ് 'സ്‌പോര്‍ട്‌സ്‌ഡേ' യില്‍ ആധിപത്യം സ്ഥാപിക്കാന്‍ കാത്തിരിക്കുകയാണ് ഓരോ ഗ്രൂപ്പും ക്യാപ്റ്റന്മാരും. തുടര്‍ന്ന് സെപ്റ്റംബര്‍മാസത്തില്‍ നടക്കുന്ന പാരമ്പര്യത്തനിമയാര്‍ന്ന ഓണാഘോഷങ്ങളോടെയും,ഓണസദ്യയോടെയും രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.

ആഘോഷപരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ്,സഞ്ജു ബെന്‍,സിനുലാല്‍ വി,തോംസണ്‍ ജോസ്,സോഫി കണ്ണന്‍,നിഷ രാജേഷ്,രമ്യ സണ്ണി,രോഹിണി അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

വാര്‍ത്ത : ജോബി മാനുവല്‍.