ഡബ്ലിൻ: യൂറോപ്പിൽ ഏറ്റവും കൂടുതൽ പൊണ്ണത്തടിയന്മാർ ഉള്ളത്‌ അയർലണ്ടിലെന്ന് പുതിയ റിപ്പോർട്ട്. ശരീരത്തിന്റെ അമിത ഭാരം അളക്കുന്ന ബോഡി മാസ് ഇൻഡക്‌സ് (body mass index) പ്രകാരം യൂറോപ്പിൽ ഐറീഷ് പുരുഷന്മാരാണ് മുന്നിൽ നിൽക്കുന്നത്. ഐറീഷ് സ്ത്രീകളാകട്ടെ ഇക്കാര്യത്തിൽ യൂറോപ്പിൽ മൂന്നാം സ്ഥാനത്തും.

ലോകത്തിലെ അമിത ഭാരമുള്ളവരിൽ അഞ്ചിൽ ഒരാൾ എന്ന കണക്കിൽ അയർലണ്ടിൽ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇക്കാര്യത്തിൽ അയർലണ്ടിനൊപ്പം തന്നെ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളും നിൽക്കുന്നുണ്ട്. ഈ രാജ്യങ്ങളിലാണ് ലോകത്തെ ഏറ്റവും പൊണ്ണത്തടിയന്മാരായ ആൾക്കാരിൽ നാലിനൊന്നും ജീവിക്കുന്നത്.

അയർലണ്ടിലും യുകെയിലും ഉള്ള പുരുഷന്മാർക്കിടയിൽ 38 ശതമാനത്തോളം പേർ അമിതഭാരമുള്ളവരാണെന്നാണ് കണക്ക്. ഭാരക്കുറവ് അനുഭവപ്പെടുന്നതിനെക്കാൾ കൂടുതലായി അമിത ഭാരമുള്ളവർ കൂടുതലായി ജീവിക്കുന്ന ലോകത്താണ് നാമിപ്പോൾ എന്നാണ് ഇംപീരിയൽ കോളേജ് ലണ്ടനിൽ നിന്നുള്ള വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. 2025-ഓടെ ലോകത്തുള്ള പ്രായപൂർത്തിയായവരിൽ അഞ്ചിലൊരാൾ എന്ന നിലയിൽ അമിതഭാരമുള്ളവരായി തീരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2014-ലെ കണക്കനുസരിച്ച് ലോകത്ത് അമിതഭാരമുള്ളവർ 641 മില്യൺ ആയെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. 1975-ൽ ഇത് 105 മില്യൺ ആയിരുന്നു. നിലവിൽ ഭാരക്കുറവ് എന്നൊരു പ്രശ്‌നം അധികം കാണുന്നിലെന്നും 40 വർഷം കൊണ്ട് പൊണ്ണത്തടിയിൽ വന്ന മാറ്റം ഭയാനകമാണെന്നും ഇവർ വിലയിരുത്തുന്നു.