ന്യൂഡൽഹി: ബോളിവുഡ് താരം ഇർഫാൻഖാന്റെ രോഗം സ്ഥിരീകരിച്ചു. ന്യൂറോ എൻഡോക്രൈൻ ട്യൂമറാണ് രോഗമെന്ന് ട്വിറ്ററിലൂടെ ഇർഫാൻ ഖാൻ തന്നെയാണ് വെളിപ്പെടുത്തിയത്.

ന്യൂറോ എന്നാൽ എല്ലായ്‌പ്പോഴും മസ്തിഷ്‌കവുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും അസുഖത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഗൂഗിൾ നോക്കിയാൽ മതിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അമേരിക്കൻ എഴുത്തുകാരി മാർഗരറ്റ് മിച്ചലിന്റെ വാക്കുകൾ ആമുഖമായി നൽകിയാണ് ഇർഫാന്റെ ട്വീറ്റ്.

പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാൻ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് മനസിലായതും അതാണ്. എനിക്ക് ട്യൂമറാണെന്ന സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും ശക്തിയും പ്രതീക്ഷ പകരുന്നതാണ്. ചികിത്സയ്ക്കായി ഇപ്പോൾ വിദേശത്താണുള്ളതെന്നും താരം ട്വിറ്ററിൽ കുറിച്ചു.

മാർച്ച് അഞ്ചിനാണ് ഇർഫാൻ ഖാൻ അപൂർവ രോഗത്തിന്റെ പിടിയിലാണെന്ന വെളിപ്പെടുത്തൽ നടത്തിയത്. പത്ത് ദിവസത്തിനുള്ളിൽ രോഗം എന്താണെന്നുള്ള സ്ഥിരീകരണം വരും. അതിന് ശേഷം അത് നിങ്ങളോട് ഞാൻ തന്നെ പറയും. നല്ലത് വരാൻ ആശംസിക്കുക എന്നായിരുന്നു താരം അന്ന് ട്വിറ്ററിൽ കുറിച്ചത്.

ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചതിനാൽ സിനിമകളിൽ നിന്ന് അവധിയെടുത്തിരിക്കുയാണ് അദ്ദേഹം. ഇർഫാൻ കരാറൊപ്പിട്ട എല്ലാ പ്രോജക്ടുകളും മാറ്റിവയ്ക്കുകയാണെന്ന് അദ്ദേഹത്തിന്റെ പ്രസ് ടീം അറിയിച്ചു.