മുംബൈ: വ്രതത്തിന്റെയും മറ്റും പേരിൽ മൃഗങ്ങളെ കൊല്ലുന്നതിനെ എതിർത്തു ബോളിവുഡ് താരം ഇർഫാൻ ഖാൻ. റംസാൻ വ്രതമെടുക്കുന്നതിന് മുമ്പ് എല്ലാവരും സ്വയം ആത്മപരിശോധന നടത്തണം. മുഹറത്തിനിടയിലെ ബലിദാനത്തിന്റെ പേരിൽ മൃഗങ്ങളെ അറുക്കേണ്ട കാര്യമില്ലെന്നും ഇർഫാൻ ഖാൻ പറഞ്ഞു.

മുഹറത്തിന്റെ വേളയിലുള്ള ഖുർബാനി കൊണ്ട് അർത്ഥമാക്കുന്നത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ഒന്ന് ത്യാഗം ചെയ്യുക എന്നതാണ്. ആടിനെയും പശുവിനെയും കൊല്ലുക എന്ന് അതിനർത്ഥമില്ലെന്നും നടപടിയെ രൂക്ഷമായി വിമർശിച്ച് ഇർഫാൻ പറഞ്ഞു.

മതാചാരപ്രകാരമുള്ള ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും പിന്നിലുള്ള ശരിയായ സന്ദേശം മനസ്സിലാക്കാതെ അന്ധമായി മതത്തെ പിന്തുടരുകയാണ് ഭൂരിപക്ഷം. ഭീകര പ്രവർത്തനങ്ങൾക്കെതിരെ നേതാക്കൾ ആരും ശബ്ദമുയർത്തുന്നില്ല. ഇതെന്തുകൊണ്ടാണെന്ന് ജനങ്ങൾ രാഷ്ട്രീയക്കാരോടും ചോദിക്കണമെന്നും ഇർഫാൻ ആവശ്യപ്പെട്ടു.

അതിനിടെ, ഇർഫാൻ ഖാന്റെ വിമർശനങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്ത് വന്നു. ഇസ്ലാം മതത്തെക്കുറിച്ച് ഇർഫാൻ പ്രതികരിക്കേണ്ടെന്നും അഭിനയത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നുമാണ് സംഘടനകളുടെ വാദം. ഇസ്ലാം മതത്തെക്കുറിച്ച് ഒന്നുമറിയാത്ത ഇസ്ലാം ഇത്തരം കാര്യങ്ങൾ പറയേണ്ടതില്ലെന്നും സംഘടനകൾ വാദിക്കുന്നു.