ന്യൂഡൽഹി : ഭീഷണി എന്നോടു വേണ്ടെന്നും ഞാൻ ജീവിക്കുന്നത് മതങ്ങൾ ഭരിക്കുന്ന നാട്ടിലല്ലെന്നും ബോളിവുഡ് താരം ഇർഫാൻ ഖാൻ. മൃഗങ്ങളെ അറുക്കുന്നതിനെതിരെ സംസാരിച്ചതിനെ തുടർന്ന് മതപുരോഹിതരുടെ വിമർശനം നേരിടേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഇർഫാന്റെ പ്രതികരണം.

താൻ ജീവിക്കുന്നത് മത കുത്തകകൾ ഭരിക്കുന്ന രാജ്യത്തല്ലെന്നും ഭീഷണി വേണ്ടെന്നും ഇർഫാൻ ഖാൻ തുറന്നടിച്ചു. മതത്തെപ്പറ്റി തനിക്കുള്ള അഭിപ്രായം പറയാനും ഇർഫാൻ ഖാൻ മറന്നില്ല . മതം തികച്ചു വ്യക്തിപരമായ കാര്യമാണെന്നും ഭ്രാന്തല്ല കാരുണ്യമാണ് മതത്തിന്റെ സവിശേഷതയെന്നും അദ്ദേഹം വിമർശകരെ ഓർമ്മിപ്പിച്ചു.

ആചാരത്തിനു പിന്നിലുള്ള യഥാർത്ഥ വിഷയം ജനങ്ങൾ അറിഞ്ഞിരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഇർഫാന്റെ അഭിപ്രായ പ്രകടനമാണ് വിവാദമായത് . മുൻപ് മനുഷ്യൻ ആഹാരത്തിന് കൂടുതൽ ആശ്രയിച്ചത് മൃഗങ്ങളെയായിരുന്നു. അതുകൊണ്ടാണ് ബലി കൊടുക്കാൻ മൃഗത്തെ അന്ന് തെരഞ്ഞെടുത്തത്. എന്നാൽ ഇന്ന് അങ്ങാടിയിൽ പോയി ആടിനെ വാങ്ങി ബലി കൊടുക്കുകയാണ് മതാനുയായികളെന്നുമാണ് ഇർഫാൻ പറഞ്ഞത്.

ഇർഫാൻ ഖാന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ളിം മത പുരോഹിതർ രംഗത്തെത്തിയിരുന്നു . ഇർഫാൻ സ്വന്തം ജോലി വൃത്തിയായി ചെയ്താൽ മതിയെന്നും ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമായിരുന്നു പുരോഹിതരുടെ മറുപടി.