തൃശൂർ: ഇരിങ്ങാലക്കുടയിൽ രണ്ടു പേർ മരിച്ചത് വ്യാജമദ്യം കുടിച്ചല്ലെന്ന് പൊലീസ്. ഇവർ കുടിച്ചത് കെമിക്കലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും.

ഇവർ കുഴഞ്ഞു വീണ ഹോട്ടലിനു മുന്നിൽ റൂറൽ എസ്‌പി പി.ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. ഈ ദ്രാവകം മറ്റാളുകൾ കുടിക്കാൻ സാധ്യതയില്ലെന്നും ഉണ്ടായിരുന്നേൽ കൂടുതൽ അപകടം റിപ്പോർട്ട് ചെയ്തിരുന്നേനെയെന്നും എസ്‌പി പറഞ്ഞു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ എക്സൈസ് ഓഫീസിന് സമീപത്തായുള്ള ഗോൾഡൻ ചിക്കൻ സെന്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേർ ദ്രാവകം കുടിച്ചത്. ചിക്കൻ സെന്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത് സ്‌കൂട്ടറിൽ പോകും വഴി ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലിന് മുന്നിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ഹോട്ടൽ ജീവനക്കാർ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. നിഷാന്തിന്റെ കൂടെ ഇതേ ദ്രാവകം കുടിച്ചിരുന്ന എടതിരിഞ്ഞി അണക്കത്തിപറമ്പിൽ ബിജുവിനെ വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.