ഡബ്ലിൻ: മലയാളം സാംസ്കാരിക സംഘടനയും കൊച്ചിയിലെ പരസ്യ ചിത്രനിർമ്മാണ കമ്പനിയുമായ മാജിക്‌ റിയൽ കമ്മ്യുണിക്കേഷൻസും സംയുക്തമായി നിർമ്മിച്ച ഹ്രസ്വ ചിത്രം "ഐറിഷ് ഡെയ്സ്" പ്രദർശനത്തിന് ഒരുങ്ങി. ചില യാത്രകൾ ജീവിതയാത്രയെ തന്നെ മാറ്റി മറിക്കും എന്നുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.

കൊച്ചിയിലെ പ്രമുഖ പരസ്യചിത്രസംവിധായകനായ ആർട്ടെസ് ജോളി സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം സോഷ്യൽ മീഡിയകളിൽ  ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. പ്രദീപ്‌ ചന്ദ്രൻ, സാജ് സെബാൻ, ശംഭു ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന "ഐറിഷ് ഡെയ്സി"ൽ ജയ്സൺ ജോസഫ്‌, എലിസബത്ത് മത്തായിതുടങ്ങിയ ഐറിഷ് മലയാളികൾക്കൊപ്പം സീറോ വിസേന്തേ, സിൽവെസ്റ്റർ, ഫിയോണ മിഷേൽ, റസ്വാൻ അൽബാൻ തുടങ്ങി ഒരുകൂട്ടം ഐറിഷ് കലാകാരന്മാരും അതിഥി വേഷങ്ങളിൽ എത്തുന്നു.

എയർപോർട്ട് , കാസിനോകൾ, പബ്ബുകൾ, അയർലണ്ടിലെ മനോഹരങ്ങളായ കൗണ്ടി പ്രദേശങ്ങൾ എന്നിവിടങ്ങളിലായി ചിത്രികരിച്ച ഐറിഷ് ഡേയ്സ് അയർലണ്ടിൽ നിർമ്മിക്കപ്പെടുന്ന ഷോർട്ട് ഫിലിമുകളിൽ നിന്ന് വ്യത്യസ്ഥമായ ദൃശ്യാനുഭവം പ്രേക്ഷകന്‌ സമ്മാനിക്കും.

അയർലണ്ടിലെ കലാകാരന്മാരുടെ കൂട്ടായ്മയായ "കളർ എൻ കാൻവാസി"ന്റെ സഹായത്തോടെ പൂർത്തിയാക്കിയ "ഐറിഷ് ഡെയ്സി"ന്റെ‍ ചിത്രീകരണാനന്തര ജോലികൾ മലയാളസിനിമാലോകത്തെ പ്രമുഖ സ്റ്റുഡിയോ "ലാൽ മീഡിയ ആർട്സി"ലാണ് നിർവ്വഹിച്ചിരിക്കുന്നത്. പ്രമുഖ ഫിലിം എഡിറ്റർ നിഖിൽ വേണു, സംഗീതസംവിധായകൻ ശങ്കർ ശർമ എന്നിവർ യഥാക്രമം എഡിറ്റിങ്ങും, പശ്ചാത്തലസംഗീതവും ചെയ്തിരിക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കിരൺ ബാബു കരാലിൽ.

ഐറിഷ് ഡേയ്‌സ് യൂട്യൂബിൽ കാണാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക.