ഡബ്ലിൻ:വേതനം വെട്ടിച്ചുരുക്കലിനെതിരേ യൂണിയൻകാർ നടത്തുന്ന 48 മണിക്കൂർ റെയിൽ സമരം ആരംഭിച്ചു. എസ്‌ഐപിടിയു, നാഷണൽ ബസ്, റെയിൽ യൂണിയൻ (എൻബിആർയു) യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഇന്റർസിറ്റി, ഡാർട്ട്, കമ്യൂട്ടർ സർവീസുകളും ഇന്നും നാളെയും മുടങ്ങും. റെയിൽ സമരം ഇന്നു നടക്കുന്ന ആൾ അയർലണ്ട് ഫുട്‌ബോൾ സെമിഫൈനൽ മത്സരത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.

ക്രൂക്ക് പാർക്കിൽ നടക്കുന്ന സെമിഫൈനൽ കാണാൻ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുള്ളവർക്ക് എത്താൻ സാധിക്കില്ല എന്നുള്ളത് ഫുട്‌ബോൾ പ്രേമികൾക്ക് ഏറെ നിരാശ നൽകുന്നു. ഞായറാഴ്ച ആരംഭിച്ച് തിങ്കളാഴ്ച അവസാനിക്കുന്ന പണിമുടക്കിൽ 160,000 കമ്യൂട്ടർ യാത്രക്കാരും വലയുമെന്നാണ് റിപ്പോർട്ട്. അതേസമയം രണ്ടു ദിവസത്തെ പണിമുടക്ക് ഓർഗനൈസേഷന് വൻ നഷ്ടമാണ് വരുത്തി വയ്ക്കുക. ടിക്കറ്റ് കച്ചവടത്തിൽ തന്നെ 3.1 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്ന് വിലയിരുത്തുന്നു. ഐറീഷ് റെയിലിനു മാത്രം വരുമാനത്തിൽ 1.3 മില്യൺ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.

ഐറീഷ് റെയിൽ പണിമുടക്കുന്നതോടെ കൂടുതൽ പേർ ബസിൽ ക്രൂക്ക് പാർക്കിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ ഡബ്ലിൻ സിറ്റിയിൽ കൂടുതൽ ഗതാഗത കുരുക്കും അനുഭവപ്പെടാൻ സാധ്യത ഏറെയുണ്ട്. ഡബ്ലിൻ ബസും ലുവാസ്സർവീസും പതിവുപോലെ സർവീസ് നടത്തുന്നുണ്ടെങ്കിലും ഫുട്‌ബോൾ മത്സരം നടക്കുന്നതിനാൽ പതിവിലേറെ തിരക്കായിരിക്കും ഇതിൽ അനുഭവപ്പെടുക.

ഡബ്ലിനിൽ തന്നെ ദിവസവും പത്തു ശതമാനത്തിലധികം പേർ ട്രെയിൻ യാത്ര ചെയ്യുന്നതിനാൽ അത് സിറ്റിയുടെ സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് അധികൃതർ പറയുന്നു.