ദോഹ: വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നവരെ പിടികൂടാനുള്ള അത്യാധുനിക സംവിധാനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ഐറീസ് സ്‌കാനറുകൾ ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതിക വിദ്യകളാണ് വിമാനത്താവളത്തിൽ കൊണ്ടുവരുന്നത്. 

രാജ്യത്തേക്ക് വരാൻ നിരോധനമുള്ളവർ വ്യാജപാസ്‌പോർട്ടുകൾ സംഘടിപ്പിച്ച് ഇവിടേക്ക് കടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുത്തൻ സാങ്കേതിക വിദ്യകൾ വിമാനത്താവളത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയർപോർട്ട്- പാസ്‌പോർട്ട് വിഭാഗം മേധാവി ലഫ്. കേണൽ മുഹമ്മദ് റാഷിദ് അൽ മസൂരി വ്യക്തമാക്കിയത്.

ഐറീഷ് സ്‌കാനറുകൾക്ക് പുറമേ വിമാനത്താവളത്തിൽ ഈ ഗേറ്റ് സംവിധാനവും സ്മാർട്ട് ട്രാവലർ പദ്ധതിയും കൊണ്ടുവരും. ഇത് യാത്ര കൂടുതൽ സുഗമമാക്കാൻ സഹായിക്കും. യാത്രക്കാരുടെ യാത്രരേഖകൾ പരിശോധിക്കാനും മറ്റും അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഏർപ്പെടുത്തിയിട്ടുള്ള ഐറീസ് സ്‌കാനർ നൂറു ശതമാനം കൃത്യതയുള്ളതാണ്.

ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇവരുടെ യാത്രാ നടപടികൾക്കായി സമയം കുറയ്ക്കാനും വ്യാജന്മാരെ തടയാനും ഇത് സഹായകമാകും. പുതിയ സംവിധാനം ഇതിനകം തന്നെ നിത്യേന ആയിരം മുതൽ 1800 യാത്രക്കാർ വരെ ഉപയോഗിക്കുന്നുണ്ട്. ഇത് പ്രതിദിനം അയ്യായിരം മുതൽ ഏഴായിരം വരെ എന്ന കണക്കിലേക്ക് എത്തിക്കാനാണ് ശ്രമം. വെറും നാൽപ്പത്തഞ്ച് മിനിറ്റ് മാത്രമാണ് പാസ്പോർട്ടുകളും മറ്റും പരിശോധിക്കാനായി ഇപ്പോൾ വേണ്ടി വരുന്നത്. എന്നാൽ വീസ ഓൺ അറൈവൽ സംവിധാനത്തിലൂടെയ എത്തുന്നവർക്ക് ചിലപ്പോൾ കുറച്ച് സമയം കൂടി വേണ്ടി വരുന്നുണ്ട്. ചിലരുടെ പക്കൽ നേരത്തെയുള്ള കണ്ണിന്റെ സ്‌കാനിങ് റിപ്പോർട്ടില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചിലർ പാസ്പോർട്ട് തന്നെ മാറ്റുന്നും. ചിലർ ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിഞ്ഞ ശേഷം തിരിച്ച് വരുന്നതും കാലതാമസം ഉണ്ടാക്കുന്നുണ്ട്.