ഡബ്ലിൻ: ഐറീഷ് വാട്ടറിൽ നിന്ന് 100 യൂറോ ഗ്രാന്റ് ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ വൃത്തങ്ങൾ. മുമ്പ് ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്തവരാണെങ്കിലും രണ്ടാമത് ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്യണമെന്നാണ് പറയുന്നത്. ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്യാനുള്ള തിയതി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 100 യൂറോ ഗ്രാന്റ് സെപ്റ്റംബറിൽ നൽകുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷൻ അറിയിച്ചിട്ടുണ്ട്. ഇന്നലെ കൂടിയ കാബിനറ്റ് മീറ്റിംഗാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാന്റിന് അർഹരാകുന്നവർക്ക് അവരുടെ വാർഷിക ബിൽ 60 യൂറോയായി നിലനിർത്താൻ സാധിക്കും. മുതിർന്ന ഒരാളുള്ള കുടുംബത്തിനാണ് 60 യൂറോ വാട്ടർ ചാർജ്. രണ്ടു മുതിർന്നവരുള്ള കുടുംബത്തിന്റേത് 160 യൂറോയായിരിക്കും.

ഓൺലൈൻ വഴിയോ ഫോണിലൂടെയോ ഐറീഷ് വാട്ടറിൽ ഗ്രാന്റിനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ കസ്റ്റമേഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുകയാണെങ്കിൽ അവരുടെ അക്കൗണ്ടിലേക്ക് സെപ്റ്റംബറോടെ 100 യൂറോ ഗ്രാന്റ് വന്നെത്തും. അതേസമയം രജിസ്റ്റർ ചെയ്യുമ്പോൾ പിപിഎസ് നമ്പർ നൽകേണ്ട ആവശ്യമില്ല. എന്നാൽ പ്രൈമറി റസിഡൻസ് വിലാസം നൽകേണ്ടതായുണ്ട്. സോഷ്യൽ പ്രൊട്ടക്ഷനാണ് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് പേയ്‌മെന്റ് നടത്തുന്നത്. ഐറീഷ് വാട്ടർ അല്ലെന്നും അറിയിപ്പുണ്ട്.

അതേസമയം ഗ്രാന്റ് ആയി ലഭിക്കുന്ന 100 യൂറോ ജലം പാഴായിപ്പോകുന്നത് തടയാനുള്ള ഏതെങ്കിലും ഉപകരണങ്ങൾ വാങ്ങിക്കാൻ പ്രയോജനപ്പെടുത്തണമെന്ന് കഴിഞ്ഞാഴ്ച പരിസ്ഥിതി മന്ത്രി അലൻ കെല്ലി നിർദേശിച്ചിരുന്നു. ഐറീഷ് വാട്ടറിന്റെ മില്യൺ കണക്കിന് ലിറ്റർ വെള്ളമാണ് പാഴായിപ്പോകുന്നതെന്നാണ് കണക്ക്. വാട്ടർ ലീക്കേജ് തടയുന്നതിന് പ്ലംബിങ് ജോലികൾക്കായും ഈ പണം ഉപയോഗപ്പെടുത്താമെന്ന് മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇത് വെറും   നിർദ്ദേശം മാത്രമാണെന്നും പണം അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ ചെലവാക്കാമെന്നും മന്ത്രി പറയുന്നു.