ഡബ്ലിൻ: ഐറീഷ് വാട്ടർ ഏർപ്പെടുത്തിയ വാട്ടർ ബിൽ അടയ്ക്കില്ലെന്ന് വാശിപിടിക്കുന്നവർക്ക് സർക്കാരിന്റെ വക തിരിച്ചടി. ബിൽ അടയ്ക്കാത്തവരുടെ തുക വേതനത്തിൽ നിന്നും വെൽഫെയർ പേമെന്റിൽ നിന്നും തിരിച്ചുപിടിക്കാമെന്നാണ് പരിസ്ഥിതി മന്ത്രി അലൻ കെല്ലി വ്യക്തമാക്കിയിരിക്കുന്നത്. വാട്ടർ ബില്ലിനെതിരേ പ്രതിഷേധം ശക്തമാകുകയും ബിൽ അടയ്ക്കുകയില്ലെന്ന് ഭൂരിഭാഗം പേരും പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് ഐറീഷ് വാട്ടറിന് നേരിട്ട് വേതനത്തിൽ നിന്നും വെൽഫെയർ പേയ്‌മെന്റിൽ നിന്നും ബിൽ തുക തിരിച്ചുപിടിക്കാമെന്ന തരത്തിൽ നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നത്.

വാട്ടർ ബില്ലിൽ 100 യൂറോയുടെ ഇളവ് ലഭിക്കുന്നതിനായി ഐറീഷ് വാട്ടറിൽ പേരു രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നെങ്കിലും ഇനിയും അഞ്ചര ലക്ഷത്തോളംവീടുകൾ രജിസ്റ്റർ ചെയ്യാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യാത്തവർക്ക് വർഷം 260 യൂറോ തന്നെ മുഴുവൻ അടയ്‌ക്കേണ്ടി വരുമെന്നും പിഴയായി മുതിർന്ന ഒരാൾ മാത്രമുള്ള വീടിന് 30 യൂറോയും ഒന്നിൽ കൂടുതൽ മുതിർന്നവരുള്ള വീടിന് 60 യൂറോയും അടയ്‌ക്കേണ്ടി വരുമെന്നും പരിസ്ഥിതി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

വാട്ടർ ബിൽ ജനങ്ങളിൽ നിന്നു തിരിച്ചുപിടിക്കുന്നതിന് പല മാർഗങ്ങളും സർക്കാർ സ്വീകരിച്ചുവരുന്നതിനിടെയാണ് വേതനത്തിൽ നിന്നും വെൽഫെയർ പേയ്‌മെന്റിൽ നിന്നും തിരിച്ചുപിടിക്കാമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനം വന്നത്. അടയ്ക്കാതെ കിടക്കുന്ന വാട്ടർ ബിൽ പ്രോപ്പർട്ടിയിന്മേലുള്ള ചാർജായി നിലനിൽക്കുമെന്നും വീടു വിൽക്കുന്ന സമയത്ത് കടം മുഴുവൻ വീട്ടേണ്ടി വരുമെന്നും മുമ്പ് പ്രഖ്യാപനമുണ്ടായിരുന്നു. വാടയ്ക്ക് നൽകിയിരുന്ന വീടുകളാണെങ്കിൽ അടയ്ക്കാത്ത ബില്ലുകൾ റെന്റൽ ഡെപ്പോസിറ്റുകളിൽ നിന്ന് ഈടാക്കാമെന്നും നിർദേശമുണ്ടായിരുന്നു.

വാട്ടർ ബിൽ അടയ്ക്കുന്നതിലുള്ള കടുത്ത പ്രതിഷേധം അറിയിക്കാനാണ് കഴിഞ്ഞ ദിവസം ഡബ്ലിനിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി അരങ്ങേറിയത്. അതേസമയം വാട്ടർ ബിൽ അടയ്ക്കാൻ സാധിക്കാത്തവരേയും ബിൽ അടയ്ക്കാൻ വൈമുഖ്യം കാട്ടുന്നവരേയും തമ്മിൽ വേർതിരിക്കുമെന്നും ഇക്കാര്യത്തിൽ യുക്തമായ നടപടി സ്വീകരിക്കുമെന്നും അലൻ കെല്ലി വ്യക്തമാക്കിയിട്ടുണ്ട്.