ഡബ്ലിൻ: ഐറിഷ് വാട്ടറിന്റെ റീഫണ്ടിങ് ലഭിക്കുമെന്ന പേരിൽ വ്യാജ ഇമെയ്‌ലുകൾ പ്രചരിക്കുന്നതായും തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി ഐറിഷ് വാട്ടർ അധികൃതർ രംഗത്ത്. റീഫണ്ടിങ്ങിന് അർഹത ഉള്ളവരെ തേടിയെത്തുന്ന വ്യാജ ഇ-മെയിൽ സന്ദേശത്തിൽ വ്യക്തി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശമുണ്ട്. നിർദ്ദേശങ്ങൾ നല്കിയാൽ തട്ടിപ്പിനിരയാകുമെന്നും മുന്നറിയിപ്പുണ്ട്.

സൈബർ ലോകത്തെ ഫിഷിങ് എന്ന് അറിയപ്പെടുന്ന തട്ടിപ്പ് ആണിത്. ഐറിഷ് വാട്ടർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള ഇ-മെയിൽ സന്ദേശങ്ങൾ അയക്കാറില്ല. ഇത്തരം സന്ദേശങ്ങൾ ലഭിച്ചവർ ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് വാട്ടർ അഥോറിറ്റി നിർദ്ദേശിക്കുന്നു. പകരം അത്തരം സന്ദേശങ്ങൾ ഉടനടി ഡിലീറ്റ് ചെയ്യാനും നിർദ്ദേശമുണ്ട്. ഫോൺ സന്ദേശങ്ങളായും ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നുണ്ടെന്ന് ഐറിഷ് വാട്ടർ അഥോറിറ്റി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളും, പാസ്സ്വേർഡുകളും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇത്തരം ഇ-മെയിൽ സന്ദേശങ്ങൾക്ക് പുറകിൽ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 150-ൽ പരം ആളുകൾക്ക് വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. വാട്ടർ റീഫണ്ടിങ്ങിന് അർഹതപ്പെട്ടവർ ഇ-മെയിൽ വഴി പേര്, മേൽവിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യരുതെന്ന് ഐറിഷ് വാട്ടർ പൊതുജന നിർദ്ദേശം നൽകിക്കഴിഞ്ഞു.

റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങൾക്കും ഐറിഷ് വാട്ടറിന്റെ 1850 448 448 എന്ന നമ്പറുമായി ബന്ധപെടുക.