ഇരിട്ടി: ബ്രിട്ടീഷുകാരുടെ സാങ്കേതിക മികവിൽ നിർമ്മിച്ച് ഒൻപത് പതിറ്റാണ്ട് പിന്നിടാനൊരുങ്ങുന്ന ഇരിട്ടിയുടെ മുഖമുദ്രയായി നിൽക്കുന്ന പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആരംഭിച്ചു. പാലത്തിന്റെ ആദ്യ ഘട്ട അറ്റകുറ്റ അറ്റകുറ്റപ്പണിക്കായി 12 ലക്ഷം രൂപ പൊതുമരാമത്തു പാലം വിഭാഗം അനുവദിച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. അന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും ഈ വാഗ്ദാനം നടപ്പിലാക്കിയിരുന്നില്ല. ഇതിനെതിരെ പലകോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തുരുമ്പെടുത്ത് നശിക്കുന്ന പാലത്തിൽ മഴ തുടങ്ങിയതോടെ ചെളിയും വെള്ളവും കെട്ടി നിന്നും കാടുകൾ വളർന്നതും അപകടാവസ്ഥയിലായിരുന്നു. കാല്‌നടയാത്രപോലും ദുസ്സഹമായതോടെ ഏതാനും ദിവസം മുൻപ് ചെളിയും വെള്ളവും കാടുകളും നീക്കി ഇരിട്ടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പാലം ശുചീകരിച്ചിരുന്നു.

ഇതിനെല്ലാം പിറകേയാണ് ഇപ്പോൾ വാഗ്ദാന പാലനവുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തു വന്നിരിക്കുന്നത്. ഏറണാകുളത്തെ പത്മജാ ഗ്രൂപ്പാണ് പ്രവ്യത്തി ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന്റെ ഭാരശേഷിയെ നിലനിർത്തുന്ന മേൽക്കൂരയിലെ തകർന്ന ഇരുമ്പ് പാളികൾ മാറ്റി പുതിയ വസ്ഥാപിക്കുന്നതിനും ഇരുവശങ്ങളിലും അടിഞ്ഞുകൂടി ചെളി നീക്കം ചെയ്യുന്നതിനും തുരുമ്പെടുത്ത ഭാഗങ്ങൾ ചുരണ്ടി മാറ്റി പൊയിന്റിംങ്ങ് ചെയ്യുന്ന പ്രവ്യത്തിയുമാണ് ഇപ്പോൾ ആരംഭിച്ചത്.

ഒരുമാസം കൊണ്ട് പൊയിന്റിംങ്ങ് ഒഴികെയുള്ള മറ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഇതിനായി പാലത്തിലേക്ക് പ്രവേശിക്കുന്ന ഒരു ഭാഗങ്ങളിലും യാത്രാ നിരോധ ബോർഡുകളും വേലിയും സ്ഥാപിച്ചു. 1933-ൽ ആണ് തലശ്ശേരിയിൽ നിന്നും കുടകിലേക്ക് നീളുന്ന പാതയിൽ ബ്രിട്ടീഷുകാർ അവരുടെവ്യാപാരാവശ്യാർത്ഥം ഇരിട്ടി പാലം നിർമ്മിച്ചത്.

ഇപ്പോഴുള്ള പാലത്തിൽ നിന്നും ഏതാനും വാര താഴെയായി ആദ്യം പണിത പാലം പ്രളയത്തിൽ 1920കളിൽ ഉണ്ടായ വലിയ പ്രളയത്തിൽ തകർന്നതിനെത്തുടർന്നാണ് ഏതു പ്രളയത്തെയും അതിജീവിക്കാൻ കഴിയുന്ന വിധം ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ പാലം നിർമ്മിച്ചത്. ഇന്ത്യൻ സിവിൽ സർവീസിൽ എഞ്ചിനീയർ ആയിരുന്ന ഏണസ്റ്റ് ജെയിംസ് സ്റ്റുവെർട്ടിന്റെ നേതൃത്വത്തിൽ ആയിരുന്നു പാലത്തിന്റെ നിർമ്മാണം നടന്നത്.

കരിങ്കലുകൊണ്ട് നിർമ്മിച്ച കൂറ്റൻ തൂണുകളിൽ ഉരുക്ക് ബീമുകൾ ഉപയോഗിച്ച് ഇരുകരകളേയും ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചത്. പാലത്തിന്റെ ഭാരം മുഴുവൻ താങ്ങി നിർത്തുന്നത് ഇരുമ്പ് പാളികൾ കൊണ്ട് നിർമ്മിച്ച ഇതിന്റെ മേലാപ്പാണ്. ഏത് കുത്തൊഴുക്കിനേയും പ്രതിരോധിക്കാൻ ശേഷിയുള്ള കരിങ്കൽ തൂണുകളും ഏത്ര ഭാരവും താങ്ങാനുള്ള പാലത്തിന്റെ ശേഷി വിദഗ്തരെപോലും അതിശയിപ്പിക്കുന്നതാണ്. ഒരു നൂറ്റാണ്ട് പിന്നിടാനൊരുങ്ങുമ്പോഴും അറ്റകുറ്റപ്പണികളിൽ കാണിച്ച വിമുഖതമൂലമുണ്ടായ പ്രശ്‌നങ്ങളല്ലാതെ പാലത്തിന് കാര്യമായ ബലക്ഷയം ഒന്നും സംഭവിച്ചിട്ടില്ല.

പാലത്തിന്റെ വീതികുറവായിരുന്നു ഇതിന്റെ പ്രധാന ന്യൂനതയായിട്ടുണ്ടായിരുന്നത്. ഗതാഗതത്തിലുണ്ടായ വർദ്ധനവ് പാലത്തിന്റെ വീതിക്കുറവ് മൂലം നിരന്തരം ഗതാഗത സ്തംഭനത്തിന് കാരണമായി. കൂടാതെ വലിയ ചരക്കു വാഹനങ്ങളും മറ്റും പാലത്തിന്റെ മേൽക്കൂരയിൽ ഇടിക്കുന്നതും പാലത്തിന്റെ ഇരുമ്പു പാളികൾ പൊട്ടുന്നതും നിത്യ സംഭവമായി. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പാലം നിർമ്മിച്ചത്.

നാലു വർഷം കൊണ്ടാണ് പഴയ പാലത്തിന് സമീപത്തായി പുതിയ പാലവും നിർമ്മിച്ചത്. ഇരിട്ടിയിൽ നിന്നും തളിപ്പറമ്പ് ഉളിക്കൽ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പഴയ പാലം വഴിയാണ് ഇപ്പോഴും പോകുന്നത്. അഞ്ചു വർഷത്തിലധികമായി പഴയപാലത്തിന് പൊയിന്റിംങ്ങ് പോലും നടത്തിയിരുന്നില്ല. പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീരുന്നതു വരെ ഈ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.