- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തർ സംസ്ഥാന യാത്രക്കാർക്ക് ആശ്വാസമേകാൻ ഇരിട്ടി പുതിയ പാലം നാളെ തുറന്നുകൊടുക്കും; ചരക്കുലോറികൾ കുടങ്ങുന്നത് നിത്യസംഭവമായി പഴയ പാലം ഇനി ഓർമ്മ
ഇരിട്ടി: കേരള-കർണാടകഅന്തർ സംസ്ഥാന യാത്രക്കാർക്ക് ആശ്വാസമേകി കൊണ്ട് ഇരിട്ടി പുതിയ പാലം തുറന്നുകൊടുക്കുന്നു. നിർമ്മാണപ്രവൃത്തി പൂർത്തിയായ ഇരിട്ടി പുതിയ പാലം നാളെയാത്രക്കാർക്ക് തുറന്നുകൊടുക്കും കേരളത്തിലേക്ക് കർണാടകയിൽ നിന്നും ചരക്കു വാഹനങ്ങൾ വരുന്നത് ഇരിട്ടി വഴിയാണ് പച്ചക്കറിയും മറ്റു അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് ലോറികൾ ഇരിട്ടി പഴയപാലത്തിൽ കുടുങ്ങുന്നത് നിത്യസംഭവമായിരുന്നു. ഇതു കാരണം ഇവിടെ ഗതാഗതക്കുരുക്കുംപതിവാണ്.
മാത്രമല്ല ഒരു നൂറ്റാണ്ടിന് മുൻപ് ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയപാലം തകർച്ചയുടെ വക്കിലായിരുന്നു കണ്ണുർ ജില്ലയിലെമലയോര മേഖലയിലെ യാത്രക്കാർക്ക് ആശ്വാസമേകി കൊണ്ടാണ് ഇരിട്ടി പുതിയ പാലം നാളെ പൊതു ജനഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. കെ എസ് ടി പി എഞ്ചിനീയറിങ്ങ് വിഭാഗം ഇരിട്ടി പുതിയപാലവുമായി ബന്ധപ്പെട്ട അന്തിമ പരിശോധനകളെല്ലാം പൂർത്തിയാക്കിയതോടെയാണ് പാലം ശനിയാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തീരുമാനിച്ചത്.
336 കോടി ചെലവിൽ നവീകരണം പൂർത്തിയാവുന്ന 55 കിലോമീറ്റർ തലശ്ശേരി - വളവുപാറ അന്തർസംസ്ഥാന പാതയിലെ 7 ഫലങ്ങളിൽ പണി പൂർത്തിയാക്കി തുറന്നു കൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തെ പാലവുമാണ് ഇരിട്ടി പാലം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മറ്റ് ആഘോഷങ്ങളൊന്നു മില്ലാതെ ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കെ എസ് ടി പി ചീഫ് എഞ്ചിനീയർ അറിയിച്ചു.
ഇരിട്ടി പാലത്തിന് പുറമെ ഉളിയിൽ, കളറോഡ് , കരേറ്റ , മെരുവമ്പായി പാലങ്ങൾ നേരത്തേ പൂർത്തിയായതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പദ്ധതിയിൽ അവശേഷിക്കുന്ന കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളുടെ നിർമ്മാണവും കാലവർഷത്തിന് മുന്മ്പ് തന്നെ പൂർത്തിയാക്കുമെന്ന് കെ എസ് ടി പി അധികൃതർ അറിയിച്ചു. 2013 ൽ ആണ് ലോക ബാങ്ക് സഹായത്തോടെ അന്തർ സംസ്ഥാന പാതയുടെ നവീകരണ പ്രവ്യത്തി ആരംഭിക്കുന്നത്. മുംബൈ ആസ്ഥാനമായ എസ് ആർ ഗ്രൂപ്പ് 235 കോടിക്ക് ഏറ്റെടുത്ത പ്രവ്യത്തി അവർ പാതിവഴിയിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടർന്ന് 2015- ൽ റീടെണ്ടർ ചെയ്ത് പ്രവ്യത്തി വീണ്ടും ആരംഭിച്ചത് 2016-ൽ ആണ്.
പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൻ രണ്ട് റീച്ചായി വിഭജിച്ച് രണ്ടു കമ്പനികൾക്കായി റീടെണ്ടർ ചെയ്യുകയായിരുന്നു. എരഞ്ഞോളി, മെരുവമ്പായി, കരേറ്റ, കളറോഡ് പാലങ്ങൾ ഉൾപ്പെടുന്ന തലശ്ശേരി മുതൽ കളറോഡ് വരെയുള്ള 30 കിലോമീറ്റർ റോഡ് പ്രവ്യത്തി 156കോടിക്ക് ഡൽഹി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗർവാൾ കമ്പനിയാണ് ഏറ്റെടുത്തത്. ഇതിന്റെ പ്രവ്യത്തി 2018 സപ്തംബറോടെ പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.
കളറോഡ് മുതൽ കട്ടുപുഴ വളവുപാറ വരെയുള്ള 25 കിലോമീറ്റർ റോഡിന്റെയും ഇരിട്ടി, കൂട്ടപുഴ , ഉളിയിൽ പാലങ്ങൾ ഉൾപ്പെടുന്ന രണ്ടാം റീച്ചിന്റെ നിർമ്മാണം മുംബൈ ആസ്ഥാനമായ ജി എച്ച് വി ഗ്രൂപ്പും പെരുംമ്പാവൂർ ഇ കെ കെ കൺട്രസ്ഷൻ ഗ്രൂപ്പുമാണ് ഏറ്റെടുത്തത്. 210കോടിയുടെ പ്രവ്യത്തി അതേ വർഷം ഡിസംബറിലും പൂർത്തിയാക്കാനായിരുന്നു തീരുമാനം.തുടർന്നള്ള വർഷങ്ങളിൽ ഉണ്ടായ പ്രളയവും കോവിഡുമെല്ലാം പ്രവ്യത്തി നീണ്ടുപോയി. ഇരിട്ടി , കൂട്ടപുഴ, എരഞ്ഞോളി പാലങ്ങളുടെ നിർമ്മാണത്തിലുണ്ടായ പ്രതിസന്ധിയാണ് കരാർ കലാവധി മൂന്ന് തവണ നീട്ടി നൽകുന്നതിന് ഇടയാക്കിയത്.
ബ്രിട്ടീഷുകാർ 1933 ൽ നിർമ്മിച്ച പാലത്തിന് സമാന്തര മായാണ് ഇരിട്ടി പുതിയ പാലവും നിർമ്മിച്ചിരിക്കുന്നത്. 48 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളായി നിർമ്മിച്ച പാലത്തിന് ആകെ 144 മീറ്റർ നീളവും 12മീറ്റർ വീതിയും 23 മീറ്റർ ഉയരവുമാണ് ഉള്ളത്. പാലം നിർമ്മാണം തുടങ്ങിയ സമയത്തുണ്ടായ പ്രളയത്തിൽ പെട്ട് പാലത്തിന്റെ പൈലിങ് അടക്കം ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി. രണ്ടു തവണയായുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയിലെ മികച്ച പാലം വിദഗ്തർ പ്രദേശം സന്ദർശിച്ച് പൈലിംങ്ങിന്റെ എണ്ണവും ആഴവും വർധിപ്പിച്ചാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്.
കർണ്ണാടക വനം വകുപ്പുമായുണ്ടായ അതിർത്തി തർക്കമാണ് കൂട്ടപുഴ പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടാനിടയാക്കിയത്. ഇതിനെത്തുടർന്ന് രണ്ടു വർഷത്തിലേറെ പ്രവർത്തി തടസ്സപ്പെട്ടുകിടന്നു. കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഇപ്പോൾ നിർമ്മാണ പ്രവർത്തി ദ്രുതഗതിയിൽ നടക്കുകയാണ്. കാലവർഷം തുടങ്ങുന്നതിനു മുന്നേ തൂണുകളുടെ നിർമ്മാണം പൂർത്തിയാക്കും. നിർമ്മാണം തുടങ്ങി കഴിഞ്ഞതിനു ശേഷം ജലഗതാഗതത്തിനായി എരഞ്ഞോളി പാലത്തിന്റെ ഉയരം കൂട്ടണമെന്ന നിർദ്ദേശം വരികതയും തുടർന്ന് അധിക ഭൂമി ഏറ്റെടുക്കുന്നതിനുണ്ടായ കാലതാമസം പ്രവ്യത്തി വൈകിപ്പിക്കുന്നതിനു ഇടയാക്കി.
ആദ്യം തയാറാക്കിയ ഡിസൈനിനേക്കാൾ ആറ് മീറ്റർ അധികം ഉയർത്തിയാണ് എരഞ്ഞോളിയിലെ പുതിയ പാലം നിർമ്മിക്കുന്നത്. ഇതും വൈകാതെ പൂർത്തിയാവും. വീതികൂട്ടി നവീകരിച്ച പായം ഭാഗത്തെ ഇരിട്ടി പാലം കവലയിലെ സിഗ്നൽ ലൈറ്റ് ഉൾപ്പെടെയുള്ള പ്രവ്യത്തികളെല്ലാം വെള്ളിയാഴ്ച്ചയോടെ പൂർത്തിയാക്കുമെന്ന് കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ പറഞ്ഞു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന ചോറോൻ, അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി. സതീശൻ, കരാർ കമ്പിനി കൺസൾട്ടൻസി റിസഡന്റ് എഞ്ചിനീയർ പി .ജെ. ജോയി, കരാർ കമ്പിനി പാലം വിഭാഗം എഞ്ചിനീയർ രാജേഷ് കൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ