യർലണ്ടിലെ കൊറോണ വൈറസ് പടരുന്നത് കുറഞ്ഞ സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം. മാർച്ച് 29-ന് ചേരുന്ന മന്ത്രിമാരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ഏതെല്ലാം മേഖലകളിൽ ഇളവ് നൽകണമെന്നും, ഏതെല്ലാം നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരണമെന്നുമുള്ള കാര്യങ്ങളിൽ ഇതോടെ തീരുമാനമാകും. ഏപ്രിൽ 5 വരെ തുടരുന്ന ലെവൽ 5 നിയന്ത്രണങ്ങൾക്ക് അതിനു ശേഷം ചെറിയ തോതിൽ അയവ് വരുമെന്നാണ് കരുതപ്പെടുന്നത്.

ഇതിൽ ഏറ്റവും പ്രധാനം ഡിസംബർ അവസാനത്തോടെ നടപ്പിലാക്കിയ 5 കിലോമീറ്റർ സഞ്ചാരപരിധിക്ക് ഇളവ് വന്നേക്കും എന്നതാണ്. ഏപ്രിൽ 5-ന് ശേഷം ജനങ്ങൾക്ക് സ്വതന്ത്രമായി എവിടെയും സഞ്ചരിക്കാനുള്ള അനുമതി ലഭിക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കർ ഈയിടെ സൂചിപ്പിച്ചിരുന്നു.കൂടാതെ പുറം സ്ഥലങ്ങളിൽ മറ്റുള്ളവരുമായുള്ള ഇടപെടലിന് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചേക്കും. നിലവിൽ രണ്ട് വീട്ടുകാർക്ക് മാത്രമേ ഒരേ സമയം പുറത്തുവച്ച് എക്സർസൈസിന്റെ ഭാഗമായി ഇടപഴകാൻ സാധിക്കൂ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പേർക്ക് ഇത്തരത്തിൽ കൂട്ടംകൂടാനുള്ള അനുമതി ലഭിച്ചേക്കും.

അടഞ്ഞുകിടക്കുന്ന കെട്ടിട നിർമ്മാണ മേഖല തുറന്നേക്കും, അവശ്യ വിഭാഗത്തിൽ പെടാത്ത കടകളിലെ Click & Collect സംവിധാനം പുനഃസ്ഥാപിച്ചേക്കും. ആളുകൾ ഭക്ഷണം വാങ്ങാനായി പുറത്തുപോകുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം കടകൾ അടച്ചിടാൻ സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. പുറം സ്ഥലങ്ങളിൽ വച്ചുള്ള പരിശീലനങ്ങൾക്ക് അനുമതി ലഭിച്ചേക്കും. സ്പോർട്സ്, ഗോൾഫ്, ടെന്നിസ് തുടങ്ങിയ പരിശീലന പരിപാടികൾ ഇതോടെ പുനരാരംഭിക്കാനാകും. ഇവിടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടായി വരും.

എന്നാൽ പബ്ബുകൾ, അവശ്യ വിഭാഗത്തിൽ പെടാത്ത വ്യാപാര സ്ഥാപനങ്ങൾ
സലൂണുകൾ എന്നിവ അടഞ്ഞ് തന്നെ കിടക്കും., സ്റ്റേഡിയങ്ങളിൽ നടക്കുന്ന സ്പോർട്സ് പരിപാടികൾ നേരിട്ട് വീക്ഷിക്കുക, മറ്റ് വീടുകൾ സന്ദർശിക്കുക എന്നിവയ്ക്കും നിയന്ത്രണങ്ങൾ ഉണ്ടാകും.