ന്യൂയോർക്ക്: കനത്ത നാശനഷ്ടം വിതച്ച ഇർമ കൊടുങ്കാറ്റ് ഫ്ലോറിഡയിൽ ആഞ്ഞ് വീശി നാലു പേരുടെ ജീവനെടുത്തു. കാറ്റിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് ഗതാഗതം പൂർണമായി സ്തംഭിച്ചിട്ടുണ്ട്. കനത്ത മഴയിൽ റോഡുകളിലും വീടുകളിലും വെള്ളം കയറിയതിന്റെ ഭയാനകമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി നിലച്ചിട്ടുണ്ട്. എന്നാൽ നിലവിൽ കാറ്റിന്റെ ശക്തി പാതിയായി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് അമേരിക്ക. ഫ്ലോറിഡയിലെ മാർകോ ഐലന്റിൽ ഈ കാറ്റ് കാരണമുള്ള രണ്ടാമത്തെ വൻ മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഏതാണ്ട് മൂന്ന് മില്യണോളം പേരാണ് വൈദ്യുതിയില്ലാതെ ഇരുട്ടിലായിരിക്കുന്നത്.

ടെക്‌സസിനെ തകർത്തെറിഞ്ഞ ഹാർവി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതിനു പിന്നാലെയാണു മറ്റൊരു കൊടുങ്കാറ്റിന്റെ വരവ്. ഹാർവി നിമിത്തം 9,000 വീടുകൾ നിലംപൊത്തിയിരുന്നു. 1,85,000 വീടുകൾക്കു കേടുപറ്റി. വീടു നഷ്ടപ്പെട്ട 42,000 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹാർവി ചുഴലിക്കൊടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറിൽ 212 കിലോമീറ്ററായിരുന്നെങ്കിൽ, ഇർമയുടെ ശരാശരി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. അറ്റ്‌ലാന്റിക്കിൽ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ 'അലന്റെ' വേഗം മണിക്കൂറിൽ 305 കിലോമീറ്ററായിരുന്നു. യുഎസ് തീരത്തെത്തുമ്പോഴേക്കും ഇർമയ്ക്കു ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

അറ്റ്ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് ഇർമ രൂപംകൊണ്ടത്. ഈ പ്രദേശത്തുനിന്നു രൂപമെടുത്ത മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്‌ളോയ്ഡ്, ഐവാൻ എന്നിവയും തീവ്രതയുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഇർമ്മയിൽ ഫ്ലോറിഡയിലെ ഗൾഫ് കോസ്റ്റിലാണ് നാല് പേർ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മരിച്ചത് രണ്ട് വ്യത്യസ്ത കാർ അപകടങ്ങളിലാണ്. നാലാമത്തെ മരണമുണ്ടായിരിക്കുന്നത് ഒരു ഷെൽട്ടറിനുള്ളിലാണ്. എന്നാൽ ഇർമയുടെ ശക്തി ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ കാറ്റഗറി രണ്ടിലേക്ക് താഴ്ന്നിരുന്നു. അത് കനത്ത ആശ്വാസമാണ് ഫ്ലോറിഡക്കാർക്കേകുന്നത്. മിയാമിയിൽ കാറ്റിന്റെ സമ്മർദത്താൽ രണ്ട് വൻ ക്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇർമ കാരണമുള്ള ആദ്യത്തെ വൻ മണ്ണിടിച്ചിൽ ഇന്നലെ രാവിലെ ലോവർ ഫ്ലോറിഡ കീസിലായിരുന്നു സംഭവിച്ചിരുന്നത്.

തുടർന്ന് ഇന്നലെ വൈകുന്നേരം മൂന്നരക്ക് നേപ്പിൾസിനടുത്ത് മാർകോ ഐലന്റിൽ രണ്ടാമത്തെ മണ്ണിടിച്ചിലുമുണ്ടായി. ഏതാണ്ട് 6.3 മില്യൺ പേരോട് വീടുകളിൽ നിന്നും ഒഴിഞ്ഞ് പോകാൻ നിർദേശിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം ആരംഭിച്ച ഇർമ കൊടുങ്കാറ്റ് വിതച്ച ദുരന്തം കാരണം കരീബിയൻ പ്രദേശത്ത് മൊത്തം 25 പേരാണ് മരിച്ചിരിക്കുന്നത്. ഫ്ലോറിഡയിൽ ഇർമ പ്രമാണിച്ച് കടുത്ത ദുരന്തം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇർമ ഇവിടെ മണിക്കൂറിൽ 110 മൈൽ വേഗതയിൽ വരെ വീശിയടിച്ചിരുന്നുവെന്നാണ് നാഷണൽ ഹുരികെയിൻ സെന്റർ പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇർമ കൂടുതൽ ഉൾനാടുകളിലേക്ക് വീശിയടിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് 3.35 ന് ഈ കാറ്റ് ഫോർട്ട് മൈയേർസ്, നേപ്പിൾസ്, എന്നിവിടങ്ങളിലെത്തിയിരുന്നു. നേപ്പിൾസിന്റെ ഭാഗങ്ങളിൽ നിലവിൽ കടുത്ത വെള്ളപ്പൊക്കത്തിലാണ്. ഇവിടുത്തെ തടാകങ്ങളിലും ഉൾക്കടലുകളിലും 15 അടി സ്റ്റോം സർജ് വാണിങ് ഉയർത്തിയിട്ടുമുണ്ട്. നേപ്പിൾസിലെ ജലനിരപ്പ് വെറും 90 മിനുറ്റുകൾക്കുള്ളിൽ ഏഴടി ഉയർന്നിരുന്നുവെന്നാണ് നാഷണൽ ഹരികെയിൻ സെന്റർ വെളിപ്പെടുത്തുന്നത്. നേപ്പിൾസ് മുനിസിപ്പൽ എയർപോർട്ടിൽ മണിക്കൂറിൽ 142 മൈൽ വേഗതയിലുള്ള കാറ്റ് ആഞ്ഞ് വീശിയിരുന്നു.

ഇർമ ഇന്നലെ അർധരാത്രി ടാംപ ബേയ്ക്ക് മുകളിലൂടെ ആഞ്ഞ് വീശിയിരുന്നു. ഹാർഡീ കൗണ്ടി ഷെറിഫിന്റെ ഡെപ്യൂട്ടിയായ ജൂലി ബ്രിഡ്ജസ്, ഹാർഡീ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സെർജന്റ് ജോസഫ് ഒസ്സ്മാൻ എന്നിവരാണ് കാറപകടത്തെ തുടർന്ന് ഇന്നലെ മരിച്ചിരിക്കുന്നത്. ഇർമയുടെ തുടർച്ചയായി ഫ്‌ളോറിഡയിൽ കനത്ത മഴയാണെന്നു യുഎസ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 209 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്ത് വീശിയടിക്കുന്നത്. ഇതുവരെ 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 'ജീവന് ഭീഷണിയാണ്' ഇർമ എന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു.

കരീബിയൻ ദ്വീപുകളിൽ കനത്ത നാശം വരുത്തിയ ഇർമ, 25 പേരുടെ ജീവനാണ് കവർന്നത്. ലോവർ ഫ്‌ളോറിഡ കീസ് പ്രദേശങ്ങളിൽ ഇനിയുള്ള രണ്ടുമണിക്കൂർ കനത്ത കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്. കീ വെസ്റ്റിനെയും കാറ്റ് ബാധിച്ചേക്കും. 15 അടി ഉയരത്തിൽ തീരത്തേക്കു തിരകൾ ആഞ്ഞടിക്കുമെന്നും പ്രദേശത്തെ വീട്ടുകാർ ഒഴിഞ്ഞുപോകണമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 258 കിലോമീറ്റർ വേഗത്തിലായിരുന്ന ഇർമ, അമേരിക്കൻ തീരത്തെത്തിയപ്പോൾ വേഗം കുറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇർമ കാരണമായിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ ക്യൂബയുടെ വടക്കൻ തീരത്ത് എത്തിയപ്പോൾ ഇർമയുടെ വേഗം മണിക്കൂറിൽ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു മാറിയിരുന്നു. കരീബിയൻ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലും ഇർമ വിതച്ചത്. വടക്കൻ തീരത്തുള്ള റിസോർട്ടുകളിൽനിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സർക്കാർ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇർമ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. ഹോട്ലൈൻ: 202-258-8819. ഇർമ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. കരാക്കസ്, ഹവാന, ജോർജ് ടൗൺ, പോർട് ഓഫ് സ്‌പെയ്ൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യക്കാരെ പൂർണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.

യുഎസ് തീരത്ത് ഇർമ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്കു നാട്ടിലെത്താനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യൻ കോൺസുലേറ്റിൽ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്കു വിസയും പാസ്‌പോർട്ടും ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.