ഫ്‌ലോറിഡ: കരീബിയൻ ദ്വീപുകളിൽ സർവനാശം വിതച്ച് ഇർമ കൊടുങ്കാറ്റ്. കുഞ്ഞൻ ദ്വീപായ ബാർബുഡയെ ഏറെക്കുറെ പൂർണമായും തകർത്തെറിഞ്ഞ ഇർമ മൂന്നുപേരുടെ മരണത്തിനും ഇടയാക്കി. അറ്റ്‌ലാന്റിക്കിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കരുത്തേറിയ കൊടുങ്കാറ്റ് മണിക്കൂറിൽ 185 മൈൽ വേഗത്തിലാണ് ആഞ്ഞടിച്ചത്. ബുധനാഴ്ച പുലർച്ചെ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ പ്യൂർട്ടോ റിക്കോയിലും വിർജിൻ ദ്വീപിലും വൻതോതിൽ നാശനഷ്ടമുണ്ടായി.

ബാർബുഡയിലെ 90 ശതമാനം വീടുകളും കെട്ടിടങ്ങളും തകർന്നതായി ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗസ്റ്റൺ ബ്രൗൺ പറഞ്ഞു. ദ്വീപിലെ എല്ലാ വീടുകൾക്കും നാശനഷ്ടമുണ്ടായി. ചിലവയുടെ മേൽക്കൂരകൾ അപ്പാടെ പറന്നു. മിക്കവരുടെയും വസ്തുവകകൾ പൂർണമായും നഷ്ടപ്പെട്ടു. ബാർബുഡ അക്ഷരാർഥത്തിൽ ചവറുകൂനയായി മാറി-ഗസ്റ്റൺ പറഞ്ഞു. 1800 പേരാണ് ദ്വീപിൽ താമസിച്ചിരുന്നത്. അവർക്ക് തുടർന്ന് താമസിക്കാനാവാത്ത വിധം കൊടുങ്കാറ്റ് നാശം വിതച്ചതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ബാർബുഡയിൽ തകർന്ന കെട്ടിടത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ, അമ്മയുടെ കൈയിലിരുന്ന കൈക്കുഞ്ഞ് കൊല്ലപ്പെട്ടു. സെന്റ് ബാർട്‌സിലും സെന്റ് മാർട്ടിനിലും ഓരോരുത്തർ വീതവും മരിച്ചു. കരീബിയൻ മേഖലയിലെ മറ്റു രാജ്യങ്ങളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. റോഡുകൾ തകരുകയും വെള്ളപ്പൊക്കത്തിൽ ആളുകൾ ദുരവസ്ഥയിലാവുകയും ചെയ്തു. ആന്റിഗ്വ ആൻഡ് ബാർബുഡ, സെന്റ് ബാർട്‌സ്, സെന്റ് മാർട്ടിൻ എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.

ബുധനാഴ്ച ഉച്ചയോടെ ശക്തികുറഞ്ഞ കാറ്റ് യു.എസ്. വിർജിൻ ദ്വീപിലെ സെന്റ് തോമസിലേക്ക് നീങ്ങി. സാൻ ഹുവാന് 90 മൈൽ കിഴക്കായി നീങ്ങുന്ന കാറ്റ് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. പ്യൂർട്ടോറിക്കോയിൽ 1928-ൽ 2748 പേരുടെ മരണത്തിനിടയാക്കിയ സാൻ ഫെലിപ്പ് കൊടുങ്കാറ്റുകഴിഞ്ഞാൽ ഏറ്റവും ശക്തിയുള്ള കാറ്റാണ് ഇപ്പോൾ വീശിയതെന്ന് അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തി.

പ്യൂർട്ടോറിക്കോയിലെ വൈദ്യുതിബന്ധമാകെ താറുമാറായിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതിബന്ധം പൂർവസ്ഥിതിയിലാക്കുന്നതിന് ആറുമാസമോ അതിൽക്കൂടുതലോ വേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിർജിൻ ദ്വീപുകളിലും പ്യൂർട്ടോറിക്കോയിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്..

കൊട്ടാരം തകർന്നു

വിർജിൻ വിമാനക്കമ്പനി ഉടമയും ബ്രിട്ടീഷ് കോടീശ്വരനുമായ റിച്ചാർഡ് ബ്രാൻഡ്‌സണിന്റെ നെക്കർ ഐലൻഡിലുള്ള കൊട്ടാര സദൃശമായ വീട് കൊടുങ്കാറ്റിൽ പൂർണമായും തകർന്നു. എന്നാൽ, ഇവിടെയുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് അദ്ദേഹത്തിന്റെ മകൻ സാം ബ്രാൻസൺ പറഞ്ഞു. കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ റിച്ചാർഡ് ബ്രാൻഡ്‌സൺ ഇവിടെയുണ്ടായിരുന്നു.

കൊടുങ്കാറ്റിൽ കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. പ്രധാന കെട്ടിടം താമസിക്കാൻ സാധിക്കാത്തവിധം തകർന്നു. എന്നാൽ, ഇവിടെയുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നത് സന്തോഷത്തോടെ അറിയിക്കുന്നു-സാം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. താൻ വിർജിൻ ദ്വീപിൽ കുടുങ്ങിയിരിക്കുകയാണെന്ന് റിച്ചാർഡ് ബ്രാൻസണും അറിയിച്ചു. അദ്ദേഹത്തിനൊപ്പം വിർജിൻ സ്ഥാപനത്തിന്റെ മുൻനിര ഉദ്യോഗസ്ഥരും ഇവിടെയുണ്ടായിരുന്നു.

വിമാനത്താവളവും നിലംപൊത്തി

കടൽത്തീരത്തുകൂടി കൈകൊണ്ട് തൊടാവുന്ന അകലത്തിൽ വിമാനങ്ങൾ മൂളിപ്പറക്കുന്ന വിമാനത്താവളമെന്ന പേരിൽ പ്രസിദ്ധമായ ജൂലിയാന രാജകുമാരി അന്താരാഷ്ട്ര വിമാനത്താവളവും കൊടുങ്കാറ്റിൽ തകർന്നടിഞ്ഞു. സെന്റ് മാർട്ടിൻ ദ്വീപിലെ ഡച്ച് ഉടമസ്ഥതയിലുള്ള സെന്റ് മാർട്ടേനിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കെട്ടിടങ്ങളും മറ്റും പൂർണമായി തകർന്നതായി അധികൃതർ അറിയിച്ചു.

കൊടുങ്കാറ്റിൽ വലിയ പാറക്കല്ലുകൾ ഉരുണ്ടുവന്ന് വിമാനങ്ങളിൽ ഇടിക്കുകയും റൺവേയും മറ്റ് അനുബന്ധ സൗകര്യങ്ങളും തകരുകയും ചെയ്തു. ശക്തമായ കാറ്റിൽ പറന്നുവന്ന മണൽക്കൂമ്പാരം റൺവേ ഉപയോഗശൂന്യമാക്കി. വിമാനത്താവളതത്തിനുള്ളിലെ ചെക്കിൻ പോയന്റുകളും തകർന്നു. പല കെട്ടിടങ്ങളും നിലംപൊത്തി. കൊടുങ്കാറ്റിന് മുന്നോടിയായി ചൊവ്വാഴ്ചതന്നെ ഇവിടേക്കുള്ളതും ഇവിടുന്നുള്ളതുമായ എല്ലാ സർവീസുകളും നിർത്തിവെച്ചിരുന്നു.