ഇംഫാൽ : പതിനാറ് വർഷങ്ങൾക്കിപ്പുറം ഇറോം ശർമിളയുടെ സമരം മുടക്കിയത് കാമുകനെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടീഷ്ഇന്ത്യൻ വംശജനായ ഗോവ സ്വദേശി ഡെസ്‌മോണ്ട് കൗട്ടിനുമായുള്ള കടുത്ത പ്രണയമാണ് നിരാഹാരം പിൻവലിപ്പിക്കാൻ ഇറോമിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അതേസമയം, പതിനാറ് വർഷത്തെ നിരാഹാരം അവസാനിപ്പിക്കാൻ ഇറോം ശർമിളയെ പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ലെന്ന് സഹോദരൻ ഇറോം സിങ്ജിത് പ്രതികരിച്ചിരുന്നു. ചാനുവിന്റെ തീരുമാനം അമ്പരിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും സിങ്ജിത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ശർമിളയ്ക്ക് എല്ലാ പിന്തുണയും നൽകി 53 കാരനായ ഡെസ്‌മോണ്ട് എന്നും ഒപ്പമുണ്ടായിരുന്നു. ഇറോം ശർമിള കസ്റ്റഡിയിലും ജയിലിലും ആയതിനാൽ പരസ്പരം കാണാനുള്ള അവസരങ്ങൾ കുറവായിരുന്നു. ഡെസ്മണ്ടുമായി കത്തുകളും പുസ്തകങ്ങളും കൈമാറുമായിരുന്നുവെന്നും ഇറോം തുറന്നു പറഞ്ഞിരുന്നു. 2011 ലാണ് ഡെസ്‌മോണ്ടുമായുള്ള പ്രണയത്തെ കുറിച്ച് ഇറോം വെളിപ്പെടുത്തിയത്. അതിനിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ഇറോം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും രാഷ്ട്രീയകാര്യങ്ങളിൽ അടുത്തദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് ഇറോമിന്റെ സഹപ്രവർത്തകർ പറഞ്ഞു. ആംആദ്മിക്കൊപ്പമാണ് ഇറോം ശർമികളുയുടെ മനസ്സെന്നാണ് സൂചന.

സ്വന്തം പാർട്ടിയുണ്ടാക്കുന്ന കാര്യമുൾപ്പെടെ പിന്നീടു ചർച്ച ചെയ്യും. വിവാഹം തുടങ്ങിയവ വ്യക്തിപരമായ കാര്യങ്ങളാണ്. അമ്മയെ കാണണം. ഇനിയുള്ള കാലം ആശ്രമത്തിലായിരിക്കും താമസിക്കുക. അതിനിടെ ഇറോം രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെയും മണിപ്പൂർ സ്വദേശിയല്ലാത്തയാളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നതിനെതിരെയും രണ്ടു ഭീകരസംഘടനകൾ മുന്നറിയിപ്പു നൽകിയിരുന്നു. ഇറോമിനു സുരക്ഷ വർധിപ്പിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. സുരക്ഷയെ സംബന്ധിച്ചു ഭയമില്ലെന്നും ഗാന്ധിജിയെ കൊന്നപോലെ അവർക്കു തന്നെയും കൊല്ലാമെന്നും ഇറോം പറഞ്ഞു. പ്രത്യേക ലക്ഷ്യത്തിനായി 16 വർഷം ഒരു സമരരീതി പിന്തുടർന്നു. ഇനി മറ്റൊരു മാർഗം തേടുകയാണ്. പിതാവിന്റെ വാത്സല്യത്തോടെയാണു രാജ്യം ഭരിക്കേണ്ടതെന്നും കാടൻനിയമങ്ങൾ പിൻവലിക്കണമെന്നും ഇറോം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

2000 നവംബർ അഞ്ചിനാണ് ഇറോം ശർമിള നിരാഹാര സമരം ആരംഭിച്ചത്. ഇംഫാൽ വിമാനത്താവളത്തിനു സമീപം അസം റൈഫിൾസ് നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് നിരാഹാരം ആരംഭിച്ചത്. പൗരാവകാശങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും സുദീർഘമായ സമരമായി വിശേഷിപ്പിക്കപ്പെട്ടു ഈ സമരം. ഇതിനിടെ മണിപ്പൂരിൽ സ്ത്രീകളെ പട്ടാളം മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് ഒൻപതു സ്ത്രീകൾ നഗ്‌നരായി സമരം ചെയ്തതും ലോകശ്രദ്ധപിടിച്ചുപറ്റി. നിയമംമൂലം ജയിലാക്കിമാറ്റിയ ആശുപത്രിമുറിയിൽ യൗവനത്തിന്റെ നല്ലൊരുപങ്കും ഇറോം ചെലവഴിച്ചു. ഈ പ്രതിഷേധം പുരോഗമിക്കുന്നതിനിടെയാണ് ഇറോം അപ്രതീക്ഷിതമായി സമരം പിൻവലിച്ചത്.