- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് മെഡൽ വിതരണത്തിൽ ക്രമക്കേട്: മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു; ആക്ഷേപമുയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡലിൽ; വിവാദാകുന്നത് മഞ്ചേരിയിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ അവാർഡ് മാറ്റിയത്
മലപ്പുറം: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള പൊലീസ് മെഡൽ പ്രഖ്യാപിച്ചതിൽ അപാകമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.2019 വർഷത്തിലേക്കായി പ്രഖ്യാപിച്ച അവാർഡുകളിലാണ് അപാകം ആരോപിക്കുന്നത്. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എൻ.ബി. ഷൈജുവിന്റെ പരാതിയിലാണ് കമ്മീഷന്റെ നടപടി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടപ്രകാരം ഈ മെഡൽ കേസിന്റെ അന്വേഷണോദ്യോഗസ്ഥന് മാത്രം അവകാശപ്പെട്ടതാണ്.2019 വർഷത്തെ മികച്ച കേസന്വേഷണങ്ങളായി കേരളത്തിൽ നിന്നും ഒമ്പത് കേസുകളാണ് തെരെഞ്ഞെടുക്കപ്പെട്ടത്. അതിൽ മലപ്പുറം ജില്ലയിലെ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കേസിലാണ്അന്വേഷണോദ്യോഗസ്ഥനെ മാറ്റി പകരം അന്നത്തെ ഡി.വൈ.എസ്പി-ക്ക് മെഡൽ സമ്മാനിച്ചത്.മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എൻ.ബി. ഷൈജു അന്വേഷിച്ച ഈ കേസിലും തുടർന്നുള്ള കേസിലുമായി പത്ത് വിദേശികളും രണ്ട് രാജസ്ഥാൻ സ്വദേശികളുമടക്കം പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കേരള പൊലീസ്, ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് സമർപ്പിച്ച നാമനിർദ്ദേശത്തിൽ ഈ കേസിന്റെ യഥാർത്ഥ അന്വേഷണോദ്യോഗസ്ഥനായ ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ പേര് ചേർക്കേണ്ടിടത്ത് അന്നത്തെ മലപ്പുറം ഡി.വൈ.എസ്പി ആയിരുന്ന ജലീൽ തോട്ടത്തിലാണ് പ്രസ്തുത കേസ് അന്വേഷിച്ചതെന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കാണിച്ചാണ് നോമിനേഷൻ അയച്ചത്. ഇതിനെത്തുടർന്നാണ് ഷൈജു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത് തെളിയിക്കുന്ന രേഖകൾ വിവരാവകാശ നിയമ പ്രകാരം ലഭിച്ചു.പൊലീസ് ആസ്ഥാനത്തു നിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ പ്രസ്തുത കേസിന്റെ അന്വേഷണോദ്യോഗസ്ഥൻ ഡി.വൈ.എസ്പി. ജലീൽ തോട്ടത്തിൽ ആണെന്ന് പറഞ്ഞ് മറുപടി ലഭിച്ചപ്പോൾ, ഇതേ ചോദ്യങ്ങൾക്ക് രേഖകൾ സഹിതം മഞ്ചേരി പൊലീസ് സ്റ്റേഷനിൽ നിന്നും ലഭ്യമാക്കിയ മറുപടി പരിശോധിച്ചതിൽ നിന്നും ക്രമക്കേട് വ്യക്തമാണ്. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപ്പീലിന് സമയപരിധി കഴിഞ്ഞിട്ടും പൊലീസ് ആസ്ഥാനത്തുനിന്നും മറുപടി ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യത്തിന് വിവരാവകാശ കമ്മീഷന് അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
പൊലീസ് വെബ്സൈറ്റിലും ഈ കേസ് യഥാർത്ഥത്തിൽ അന്വേഷിച്ചത് ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ ആണെന്ന് പറയുന്നുണ്ട്.ഇത് പരിശോധിക്കാനും തിരുത്തൽ നടപടികൾക്കും വേണ്ടി പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ