- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുജനത്തിന്റെ വിയര്‍പ്പിന്റെ വിലകൊണ്ട് മൂക്കുമുട്ടെ തിന്ന് അഹങ്കാരം കാട്ടുന്ന എയര്‍ ഇന്ത്യയെ നമുക്ക് ബഹിഷ്കരിക്കാം; ആത്മാഭിമാനം ഉള്ള പ്രവാസികള്‍ ഇനി അതില്‍ കയറരുത്
ബിസിനസ് ലോകത്തെ ഒരു അത്ഭുതമാണ് എയര്‍ ഇന്ത്യ. പണം മുടക്കി സേവനം കൈപ്പറ്റുന്ന ഉപഭോക്താവിന് അവര്‍ അര്‍ഹിക്കുന്ന സേവനം നല്‍കുന്നില്ല എന്നു മാത്രമല്ല ആ സേവനം കൈപ്പറ്റിയതിന്റെ പേരില്‍ അവരെ അവഹേളിക്കുകയും ആക്ഷേപിക്കുകയും അവരുടെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യുന്ന ലോകത്തെ ഏക പ്രസ്ഥാനമായിരിക്കും ഇത്. സമാനമായ അനേകം കമ്പനികള
ബിസിനസ് ലോകത്തെ ഒരു അത്ഭുതമാണ് എയര്‍ ഇന്ത്യ. പണം മുടക്കി സേവനം കൈപ്പറ്റുന്ന ഉപഭോക്താവിന് അവര്‍ അര്‍ഹിക്കുന്ന സേവനം നല്‍കുന്നില്ല എന്നു മാത്രമല്ല ആ സേവനം കൈപ്പറ്റിയതിന്റെ പേരില്‍ അവരെ അവഹേളിക്കുകയും ആക്ഷേപിക്കുകയും അവരുടെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യുന്ന ലോകത്തെ ഏക പ്രസ്ഥാനമായിരിക്കും ഇത്. സമാനമായ അനേകം കമ്പനികളുമായി മത്സരിച്ച് സര്‍വ്വീസ് നടത്തേണ്ട ഈ കമ്പനി പക്ഷേ, ഉപഭോക്താവിനെ എങ്ങനെ വെറുപ്പിക്കാം എന്നതില്‍ തുടര്‍ച്ചയായി ഗവേഷണം നടത്തുകയാണ്.
ഒരു വിമാനം ഒരു മിനിട്ടു വൈകിയാല്‍ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അധിക ചെലവു കണക്കാക്കി വന്‍ നഷ്ടമായി കരുതി അത് ഒഴിവാക്കാന്‍ എല്ലാ വിമാന കമ്പനികളും ശ്രമിക്കുമ്പോള്‍ വൈകി ഓടുന്നതില്‍ മാത്രം ഗവേഷണം നടത്തുകയാണ് എയര്‍ ഇന്ത്യ. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദ് ചെയ്യുക, ഇറങ്ങേണ്ടിടത്ത് ഇറങ്ങാതിരിക്കുക, അപ്രതീക്ഷിതമായി ജീവനക്കാര്‍ സമരം ചെയ്യുക തുടങ്ങി ഈ വിമാന കമ്പനിയുടെ പേരില്‍ ഇല്ലാത്ത പെരുമാറ്റ ദൂഷ്യങ്ങള്‍ ഒന്നുമില്ല. ഇതൊക്കെക്കൊണ്ടാകാം യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഒക്കെ എയര്‍ ഇന്ത്യ ഏതാണ്ട് കുടിയിറക്കപ്പെട്ട് കഴിഞ്ഞത്. എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വെയ്‌സ്, ശ്രീലങ്കന്‍ എയര്‍വെയ്‌സ് തുടങ്ങിയ കമ്പനികളാണ് ഇന്ത്യന്‍ യാത്രക്കാരെ മൊത്തത്തില്‍ ഇപ്പോള്‍ തൂത്തുവാരി എടുക്കുന്നത്. കൂടുതല്‍ ലഗേജും ചില ഡെസിഗ്നേഷനുകളും നല്‍കുന്ന സൗകര്യവും ഒക്കെ മാത്രമാണ് എയര്‍ ഇന്ത്യയെ ചില സര്‍വ്വീസെങ്കിലും നടത്താന്‍ ഇപ്പോള്‍ പ്രാപ്തരാക്കുന്നത്.
എവിടെ പ്രവാസി മന്ത്രി? എവിടെ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍? കാണുന്നില്ലേ മന്ത്രിമാരെ നിങ്ങളീ ക്രൂരത
അതേസമയം ഗള്‍ഫ് സെക്റ്ററില്‍ ഇപ്പോഴും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ഒക്കെ പോപ്പുലാര്‍ ആണ്. മറ്റു വിമാന സര്‍വ്വീസുകള്‍ തികയാതെ വരുന്നതു കൊണ്ടും ചിലപ്പോള്‍ എങ്കിലും മെച്ചപ്പെട്ട ടിക്കറ്റ് ലഭിക്കുന്നതു കൊണ്ടും ആണ് ഇങ്ങനെ സംഭവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഗള്‍ഫ് മലയാളികളെ നിരന്തരമായി പീഡിപ്പിക്കുന്നതിലും കഷ്ടപ്പെടുത്തുന്നതിലും വലിയ വിനോദം കണ്ടെത്തുകയാണ് എയര്‍ ഇന്ത്യ ഇപ്പോള്‍.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ മാത്രം എടുക്കുക. ഉപഭോക്താവില്‍ നിന്നും പണം കൈപ്പറ്റിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനും ഒരു തരത്തിലും യോജിക്കുന്ന പ്രവര്‍ത്തിയായിരുന്നില്ല അത്. നെടുമ്പാശ്ശേരിയിലേക്ക് പോകേണ്ട വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോയതിനെ ആര്‍ക്കും കുറ്റം പറയാനാകില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ സാഹചര്യങ്ങള്‍ വിശദമാക്കി യാത്രക്കാരോട് ക്ഷമാപണം നടത്തുകയും കാലാവസ്ഥ മെച്ചപ്പെടുമ്പോള്‍ നെടുമ്പാശ്ശേരിയിലേക്ക് പോകുകയും ആണ് ചെയ്യേണ്ടത്. വിമാനത്തില്‍ കുടുങ്ങിയിരിക്കുന്ന യാത്രക്കാര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും കൊടുക്കുകയും അവരെ സമയാസമയങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയിക്കുകയും ചെയ്യേണ്ടതുണ്ട്.
പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞു എന്നു പറഞ്ഞ് തിരുവനന്തപുരത്ത് ഇറങ്ങിക്കൊള്ളാനാണ് പക്ഷേ, നിര്‍ഭാഗ്യവശാല്‍ എയര്‍ ഇന്ത്യ അധികൃതരും യാത്രക്കാരോട് പറഞ്ഞത്. അതിനെ യാത്രക്കാര്‍ ചോദ്യം ചെയ്തതില്‍ ഒരു തെറ്റുമില്ല. കോക്പിറ്റില്‍ കയറി ചോദ്യം ചെയ്യാന്‍ ചില യാത്രക്കാര്‍ നടത്തിയ ശ്രമം അല്‍പം അതിരു കടന്നതായി പോയെങ്കിലും ധാര്‍മ്മിക രോഷം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. ആറ്റുനോറ്റിരുന്ന് നാട്ടില്‍ അവധിക്കു വരുന്നവരുടെഎത്രയും വേഗം സ്വന്തം വീട്ടിലെത്താനുള്ള വ്യഗ്രത എയര്‍ ഇന്ത്യ അധികൃതര്‍ മനസ്സിലാക്കിയില്ല.
പ്രതിഷേധിച്ചവരെ വിമാനറാഞ്ചികളാക്കിയാണ് എയര്‍ ഇന്ത്യ പ്രതികാരം വീട്ടിയത് എന്നോര്‍ക്കുമ്പോള്‍ എത്ര ക്രൂരമാണ് ഈ വിമാന കമ്പനി എന്നോര്‍ക്കേണ്ടിയിരിക്കുന്നു. വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നു എന്ന് ഇടറിയ ശബ്ദത്തില്‍ സന്ദേശം നല്‍കിയ വനിതാ പൈലറ്റ് ഈ ജോലിയില്‍ തുടരാന്‍ യാതൊരു വിധ അര്‍ഹതയുമില്ലാത്ത ആളാണ് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഒരു വിമാന റാഞ്ചല്‍ സന്ദേശം നേരിടാന്‍ എത്രകോടി രൂപ സര്‍ക്കാര്‍ മുടക്കേണ്ടി വരുമെന്ന് പോലും അവര്‍ ഓര്‍ത്തില്ല. പ്രത്യേക സേനയും സിആര്‍പിഎഫ് ഭടന്മാരും വിദഗ്ദ സംഘവും അടിയന്തിര മെഡിക്കല്‍ സന്ദേശവും ഒക്കെ ഇവരുടെ നുണ കേട്ട് തയ്യാറായി എന്നോര്‍ക്കണം. അതിനൊക്കെ മുടക്കേണ്ട തുക സാധാരണക്കാരന്റെ നികുതി പണത്തില്‍ നിന്നും തന്നെയാണ് എടുക്കേണ്ടി വരുന്നെതെന്ന കാര്യമാണ് എല്ലാവരും മറക്കുന്നത്.
ഈ വൃത്തികെട്ട കമ്പനിയില്‍ യാത്ര ചെയ്യില്ല എന്നു തീരുമാനിക്കുക മാത്രമാണ് ഏക പരിഹാരം. ഇങ്ങനെ നമ്മള്‍ ബഹിഷ്‌ക്കരിച്ചാലും അഞ്ചാറു മാസം ഈ കമ്പനി ഒരാളുമില്ലാതെ ഓടി ഖജനാവു മുടിപ്പിക്കുമെന്ന് തീര്‍ച്ച. കാരണം അധ്വാനിക്കുന്ന ജനത്തിന്റെ നികുതി പണം കൊണ്ടാണ് ഇവര്‍ അഹങ്കാരത്തിന്റെ ഈ തേരോട്ടം നടത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ ഉണ്ടോ ഇല്ലയോ എന്നത് ഇവര്‍ക്ക് ഒരു പ്രശ്‌നമേ ആകില്ല. എങ്കിലും നമുക്ക് രണ്ട് പ്രതീക്ഷ ഈ ബഹിഷ്‌ക്കരണം സമ്മാനിക്കും. ഒന്നു വല്ലപ്പോഴും അവധി ആഘോഷിക്കാന്‍ എത്തുമ്പോള്‍ ഇവരുടെ തെറിയഭിഷേകവും ഭീഷണിയും കേട്ട് മനസ്സ് മുറിപ്പെടീക്കേണ്ട എന്നത്. കുറേ നാള്‍ ആളില്ലാ വണ്ടി ഓടി കഴിയുമ്പോള്‍ സര്‍ക്കാര്‍ തന്നെ ഇതു നിര്‍ത്തി കളഞ്ഞേക്കും. എയര്‍ ഇന്ത്യ എന്ന പ്രസ്ഥാനം നിന്നു പോയാല്‍ തന്നെ എത്രയോ കോടി പണം രാജ്യത്തിനു ലാഭിക്കാം. ഒരിക്കലും നന്നാവില്ല എന്നുറപ്പുള്ള ആര്‍ക്കും നന്നാക്കാന്‍ കഴിയില്ലാത്തിങ്ങനൊരു സാധനം തലയില്‍ വെച്ചു ചുമക്കുന്നതിനേക്കാള്‍ നല്ലത് കണ്ടം ചെയ്തു വില്‍ക്കുന്നതാണ്. ഈ പണി അറിയാവുന്ന എമിറേറ്റ്‌സിനെപ്പോലെയുള്ള കമ്പനികള്‍ ഇരുമ്പ് വിലയ്ക്ക് വാങ്ങിക്കോളും എയര്‍ ഇന്ത്യയുടെ കയ്യിലുള്ള ശകടങ്ങള്‍ എല്ലാം. അതുകൊണ്ട് ആത്മാഭിമാനം ഉള്ള പ്രവാസികള്‍ ഒട്ടും സമയം കളയാതെ എയര്‍ ഇന്ത്യയില്‍ തല്‍ക്കാലം യാത്ര ചെയ്യില്ല എന്നു തീരുമാനിക്കുക.