- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ വിദ്യാഭ്യാസ പിന്നോക്കവസ്ഥയ്ക്ക് മുഖ്യകാരണം മുസ്ലിം ലീഗിന്റെ നട്ടെല്ലില്ലായ്മ; എസ്എസ്എൽസി ജയിച്ച കുട്ടികളുടെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ലീഗ് എന്താണ് ചെയ്തത്? ലീഗിന്റെ അവകാശവാദം വെറും തള്ള് മാത്രം: എസ്ഡിപിഐ മലപ്പുറം മണ്ഡലം ജന.സെ. ഇർഷാദ് മൊറയൂരിന്റെ കുറിപ്പ്
മലപ്പുറം: വിവേചനത്തിന്റെ ബാക്കിപത്രം
ഇന്നലെ വാട്സ്ആപ്പിൽ കണ്ട ഒരു കുറിപ്പാണു ഈ 'കുറിപ്പിന്' ആധാരം. കാര്യം മറ്റൊന്നുമല്ല, മലപ്പുറത്ത് വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത് ലീഗാണ്, ലീഗ് ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു'.. എന്നൊക്കെയുള്ള വിവിധ തരത്തിലുള്ള 'പാഠങ്ങളാണ്' ഏറെയും. വിദ്യാഭ്യാസമല്ലേ, തലമുറക്ക് വെളിച്ചം കാണിച്ചു കൊടുക്കണമല്ലോ! അതുകൊണ്ട് ചില കാര്യങ്ങൾ കൂടി പറയാനുണ്ട്..
ലീഗിന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് കേരളത്തിൽ മുസ്ലിംകളും മലപ്പുറം ജില്ലയും ഒക്കെ അവിഹിതമായി എന്തൊക്കെയോ നേടി എന്ന കുപ്രചരണത്തിന് മാത്രമേ ആ കുറിപ്പ് ഉപകരിക്കൂ. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴത്തണ്ട് മാത്രം ഉള്ള ഇന്നത്തെ ലീഗ് നേതൃത്വം പണ്ട് ഉപ്പുപ്പാക്ക് ആന ഉണ്ടായിരുന്ന കാലത്തെ പഴയ നേട്ടങ്ങൾ എണ്ണി പറഞ്ഞു അണികളെ കോരിതരിപ്പിക്കുകയല്ലാതെ പുതുതായ നേട്ടങ്ങൾ ഉയർത്തി കാണിക്കാൻ കാര്യമായി ഒന്നുമില്ല എന്നതാണ് സത്യം.
എസ്എസ്എൽസി വിജയിച്ച കുട്ടികൾക്ക് ആവശ്യമായ സീറ്റില്ലാത്തത് പരിഹരിക്കാൻ ലീഗ് എന്താണ് ചെയ്തത് എന്നു ചോദിച്ചപ്പോൾ ഇടത് സർക്കാർ ഒന്നും ചെയ്തില്ല, ഞങ്ങൾ അതാക്കി ഇതാക്കി എന്നൊക്കെയാണ് പറയുന്നത്. ഇടതന്മാർക്ക് പണ്ടേ ഇത് ഹറാമാണ്. കാരണം ഇവിടെ കുട്ടികൾ കോപ്പിയടിച്ചു ജയിക്കുന്നവരണല്ലോ..
കുറിപ്പുകാരൻ തള്ളിവിട്ട യു.ഡി.എഫ് ഭരണകാലത്തിലേക്ക് തന്നെ വരാം.
2014 - 15 അധ്യായന വർഷം 114 ബാച്ചുകളാണ് സംസ്ഥാനത്ത് ആകെ അനുവദിച്ച സമയത്ത് മലപ്പുറത്തിന് അനുവദിച്ചത്. അന്നും സീറ്റില്ലാതെ മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ മലപ്പുറത്ത് പുറത്തായിരുന്നു എന്നോർക്കണം. അതിലേക്കാണ് കേവലം 5700 സീറ്റുകൾ സർക്കാർ അനുവദിക്കുന്നത്. (ഇതിലെ പല ബാച്ചുകളും മിക്ക സ്‌കൂളുകളും സൗകര്യമില്ലെന്ന കാരണം പറഞ്ഞ് നടപ്പിലാക്കിയിട്ടുമില്ല ) 2015 - 16 അധ്യായന വർഷത്തേക്ക് ഒരു ഹയർ സെക്കണ്ടറി സ്‌കൂളിനും രണ്ട് സ്‌കൂളുകളിലായി അധിക ബാച്ചുകളും സർക്കാർ നൽകി. 77179 പേരാണ് 2016 - 2017 അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിലൂടെ മാത്രം ഉപരിപഠനത്തിന് യോഗ്യത നേടിയത്. സേ പരീക്ഷാ, സി.ബി.എസ്.ഇ, മറ്റു സിലബസുകൾ എന്നിവ വേറെയുമുണ്ട്. 73746 പേർ 2014 - 15 അധ്യായന വർഷത്തിലും എസ്.എസ്.എൽ.സി പരീക്ഷയിലൂടെ ഉപരി പഠനത്തിന് യോഗ്യത നേടി.
എന്നാൽ 2014 - 15 ആധ്യായന വർഷം 16917 പേരും 2016 - 17 വർഷം 25386 പേരും സീറ്റില്ലാതെ പുറത്തിരുന്നിരുന്നു. അതായത് യു.ഡി.എഫ് സർക്കാറിന്റെ അവസാന വർഷം സർക്കാർ 20 ശതമാനം സീറ്റുകൾ അനുവദിച്ചതിന് ശേഷമുള്ള കണക്കാണിത്. ഇവിടെയാണ് കണക്കുകൾ പരിശോധിക്കേണ്ടത്. 30000 സീറ്റു കുറവുള്ള സ്ഥലത്തേക്കാണ് പരിമിതമായ സീറ്റുകൾ അനുവദിക്കുന്നത്. ഇത് ആ വർഷം അധികമായി വിജയിച്ച കുട്ടികളുടെ എണ്ണം പോലും മറികടക്കാൻ സാധിക്കുന്നതായിരുന്നില്ല പലപ്പോളും.
പിന്നെ പറയുന്നത്. പല സ്‌കൂളുകളും അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ ഇല്ലാ എന്നാണ്. പതിമൂന്നാം നിയമസഭയിലെ ആറാം നമ്പർ സബ്ജക്ട് കമ്മിറ്റി (അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് ചെയർമാനായ കമ്മിറ്റി) സംസ്ഥാനത്തെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ സൗകര്യങ്ങൾ ഒരുക്കുന്നതുമായും മറ്റു പ്രശ്നങ്ങളും പഠിച്ചു അവതരിപ്പിച്ച റിപ്പോർട്ടിന് മേൽ എന്ത് നടപടിയാണ് അന്നത്തെ യുഡിഫ് സർക്കാർ എടുത്തത് ? അലോട്ട്മെന്റ് വരുന്നതിനു മുൻപ് തന്നെ വിദ്യാർത്ഥികൾക്ക് ആനുപാതികമായി സീറ്റുകൾ വർധിപ്പിക്കണം എന്ന ആവശ്യം ഉയർന്നപ്പോളും അതിൽ എന്ത് നടപടിയാണ് യുഡിഫ് സർക്കാർ കൈകൊണ്ടിരുന്നത് ? 20 ശതമാനം അതിക സീറ്റുകൾ (മാർജിനൽ ഇൻക്രീസ്) പ്രഖ്യാപിച്ച് അത് ജില്ലയിലെ മുഴുവൻ സ്‌കൂളുകളിൽ പോലും നടപ്പിലാക്കാൻ പോലും അന്ന് ലീഗിനും യൂ.ഡി.എഫിനും സാധിച്ചിട്ടില്ല. പിന്നെ എന്ത് 'ഉണ്ടാ'ക്കി എന്നാണ് നിങ്ങൾ പറയുന്നത്?
ഇത് കേവലം ഹയർ സെക്കണ്ടറി സീറ്റുകളുടെ കാര്യം മാത്രമാണ്. ഇനി മലപ്പുറത്തിന്റെ വിഭ്യാഭ്യാസ മേഖലയുടെ ആഴങ്ങളിലേക്ക് കൂടി ഒന്ന് കയറി നോക്കാം..
തിരുകൊച്ചി ജില്ലകളിൽ ശരാശരി 8km^2 ൽ 335 വിദ്യാർത്ഥികൾക്ക് ഒരു ഹൈസ്‌കൂൾ ലഭ്യമാകുമ്പോൾ മലപ്പുറം ജില്ലയിൽ 15km^2 ൽ 1152 വിദ്യാർത്ഥികൾക്കാണ് ഒരു ഹൈസ്‌കൂൾ ഉള്ളത്. തിരുകൊച്ചി ജില്ലകളിൽ ശരാശരി 69 സ്‌കൂളുകൾക്ക് ഒരു AEO ഓഫീസ് ഉള്ളപ്പോൾ മലപ്പുറത്ത് 80ന് ഒന്ന് എന്ന തോതിലാണ് കാര്യങ്ങൾ. ശരാശരി 3 AEO ഓഫീസുകളുടെ കുറവുണ്ട്. മലപ്പുറം ജില്ലയുടെ പകുതി സ്‌കൂളുകളും നാലിൽ ഒന്ന് വിദ്യാർത്ഥികളും ഉള്ള മറ്റു ജില്ലകളിൽ 4 വിദ്യാഭ്യാസ ജില്ലകൾ ഉള്ളപ്പോൾ മലപ്പുറത്തും അത്ര തന്നെ വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്. ITI, പോളി, VHSE, കോളേജ് പഠനം.. എന്നിവയുടെ കാര്യങ്ങൾ നോക്കിയാലും സ്ഥിതി മറിച്ചല്ല.
പിന്നെ പറയുന്നത് സർക്കാർ കോളേജുകൾ അനുവദിച്ചു എന്നതാണ്. ആ അനുവദിച്ച കോളേജുകളുടെ അവസ്ഥ പരിശോധിച്ചിട്ടുണ്ടോ ? പ്രഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്തവായിരുന്നു പലതും. പ്ലാസ്റ്റിക്ക് ഷീറ്റുകൾ വലിച്ചു കെട്ടിയതിന് താഴെയും ചുട്ടുപൊള്ളുന്ന ആസ്പറ്റോസ് സീറ്റിന് താഴെയും വിദ്യാർത്ഥികൾ പഠിച്ച വാർത്തയും നമ്മൾ കണ്ടതാണ്. പരിമിതമായ കോഴ്സുകൾ മാത്രം വച്ചാണ് അത് ആരംഭിച്ചിരുന്നതും. ഹയർ സെക്കണ്ടറി കഴിഞ്ഞ വിദ്യാർത്ഥികളുടെ നാലിൽ ഒന്നു പോലും ഡിഗ്രീ സീറ്റില്ലാത്ത സ്ഥലത്തേക്കാണ് കേവലം അനുവദിച്ച ചില കോഴ്സുകളുടെ കണക്ക് പറഞ്ഞ് വലിയപിള്ള ചമയുന്നത്. അറബിക് സർവകലാശാല വിടരും മുന്നേ കൊഴിഞ്ഞുപോയതും യു.ഡി.എഫ് ഭരണകാലത്താണ്. ഗവ ലോ കോളേജോ, എഞ്ചിനിയറിങ് കോളേജോ ഇന്നും മലപ്പുറത്തിലില്ലെന്നതിന് ഉത്തരാവാദിയാരാണെന്നും ചർച്ച ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് ആറ് സർവകലാശാലകൾ കൊണ്ടുവന്നുവെന്നാണ് അടുത്ത തള്ള്. അതിൽ ഉൾപ്പെട്ട ഇഫ്ലു കാംപസ് ആരുടെയും ഓർമ്മയിൽ പോലും കാണാൻ സാധ്യതയില്ല. യു.ഡി.എഫ് സർക്കാറിന്റെ തന്നെ അനാസ്ഥയുടെ കൂടി കാരണം കൊണ്ടാണ് ഇഫ്ലു കാംപസ് ഓർമ്മയായത് എന്നുകൂടി പോസ്റ്ററുണ്ടാക്കിയപ്പോൾ ഓർക്കാമായിരുന്നു.
മറ്റൊന്ന് അലിഗഡ് സർവകലാശാലയാണ്. മുസ്ലിം ന്യൂനപക്ഷം വിദ്യാഭ്യാസപരമായി പിന്നിലാണെന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ അഞ്ചിൽ ഒരു കാംപസായി മലപ്പുറം അലിഗഡ് കാംപസും സമര പോരാട്ടങ്ങൾക്കൊടുവിൽ യാഥാർത്യമാകുന്നത്. മലപ്പുറത്തെ കാംപസിനെ സമ്പന്ധിച്ചോട്ത്തോളം അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ പ്രാദേശിക സംവരണം പോലും നടപ്പിലാക്കാൻ കാംപസിന് സാധിച്ചിട്ടില്ല. പിന്നെയെന്ത് ഭരണനേട്ടമാണ് നിങ്ങൾ പറയുന്നത്. പിന്നെ, മലപ്പുറത്തല്ലാത്ത ടെക്നിക്കൽ, ആയുർവേദ യൂണിവേഴ്സിറ്റികൾ മലപ്പുറത്തെ പോസ്റ്ററിൽ വെച്ച് എണ്ണം കൂട്ടിയതുകൊണ്ട് കാര്യമില്ല.
അപ്പൊ പറഞ്ഞു വന്നത് ഈ സമയങ്ങളിൽ എല്ലാം തെക്കൻ ജില്ലകളിൽ ആവോളം സീറ്റുകൾ ഉണ്ടായിരുന്നു. അവർ നിയസഭയുടെയും സെക്രട്ടറിയേറ്റിന്റെയും ഓട് പൊളിച്ചു കൊണ്ടുപോയതല്ലല്ലോ. ഭരണസ്വാധീനം ഉപയോഗിച്ചു കൊണ്ടുപോയതാണല്ലോ. അപ്പോൾ ലീഗ് എവിടെയായിരുന്നു? അതാണ് ജനങ്ങൾ ചോദിക്കുന്നത്.
അപ്പൊ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. ഒരു തേൻ നുള്ളി നുകരാൻ തന്ന്, അത് വലിയ ആനക്കാര്യമാക്കിയാൽ തീരുന്നതല്ല മലപ്പുറത്തെ പിന്നോക്കാവസ്ഥ എന്നുകൂടി വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ.
പറഞ്ഞു നിർത്തുകയാണ്. മലപ്പുറത്തെ വിദ്യാഭ്യാസ പിന്നോക്കവസ്ഥയ്ക്ക് പ്രധാന കാരണം മുസ്ലിം ലീഗിന്റെ നട്ടെല്ലില്ലായ്മയാണ്..
- ഇർഷാദ് മൊറയൂർ
മറുനാടന് മലയാളി ബ്യൂറോ