ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതിയിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കു ഡൽഹി കോടതി നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലാണു കോടതി നടപടി. കേസ് ഒക്ടോബർ ആറിന് വീണ്ടും വാദം കേൾക്കും.

ലാലുവിനും കുടുംബത്തിനും പുറമേ ആർജെഡി നേതാവ് പ്രേം ചന്ദ് ഗുപ്ത, ഭാര്യ സരള ഗുപ്ത, ലാറ പ്രോജക്ട് കന്പനി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾ പണതട്ടിപ്പ് നടത്തിയതായി ആരോപിച്ച് ഓഗസ്റ്റ് 24-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഐ.ആർ.സി.ടി.സി ഹോട്ടൽ അഴിമതിക്കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകൻ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരെ സിബിഐയും നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ 2004-ൽ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പു കരാർ സുജാത ഹോട്ടൽസ് എന്ന സ്വകാര്യ കമ്പനിക്കു നൽകിയതിനു കൈക്കൂലിയായി പാറ്റ്‌നയിൽ ബിനാമി പേരിൽ വൻ വിലയുള്ള മൂന്നേക്കർ ഭൂമി ലഭിച്ചുവെന്നാണു കേസ്.