കൊച്ചി: രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ ദുൽഖർ സൽമാൻ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മാസ് ലുക്കിലാണ് പ്രണവ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. 'എന്റെ ബേബി ബ്രൊ പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസർ സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ഞാൻ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ പുതിയൊരു പൊൻതൂവലായി മാറട്ടെ' എന്നാണ് ടീസർ പങ്കുവച്ച് ദുൽഖർ പറയുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ജനുവരി 25ന് തീയേറ്ററിലെത്തും.

ആക്ഷൻ മേമ്പോടിയോടെ എത്തുന്ന പ്രണയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. നോട്ട് എ ഡോൺ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം വന്മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റർ ഹെയ്ൻ ആക്ഷൻ കൈകാര്യം ചെയ്യുന്നത്.മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്നുണ്ട്.