- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് അടച്ചുപൂട്ടലിന്റെ മറവിൽ ഇരിട്ടിയിലെ സ്കുളിൽ നിന്നും മോഷ്ടാക്കൾ അടിച്ചു മാറ്റിയത് 28 ലാപ്പ്ടോപ്പുകൾ: അന്വേഷണം ശക്തമാക്കി പൊലിസ്
ഇരിട്ടി: ഇരിട്ടിയിൽ നിന്നും ഒരേ സമയം മോഷ്ടാക്കൾ അടിച്ചു മാറ്റിയത് എട്ടു ലക്ഷം രൂപ വിലവരുന്ന 28 ലാപ്പ്ടോപ്പുകൾ. ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിൽ ഇതു രണ്ടാം തവണയാണ് മോഷ്ടാക്കൾ കയറുന്നത്. നേരത്തെയും ഇവിടെ മോഷണം നടന്നിരുന്നു. ഐ.ടി ഓൺലൈൻ പരീക്ഷയും ക്ലാസുകളും നടത്തുന്നതിനാണ് പലയിടങ്ങളിൽ നിന്നുമായി 25000 - മുതൽ 30000 വരെ വിലപിടിപ്പുള്ള ലാപ് ടോപ്പുകൾ സ്കൂൾ ലാബിൽ സൂക്ഷിച്ചു വെച്ചിരുന്നത്.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കഴിഞ്ഞ ഒരാഴ്ച്ചക്കാലം സ്കൂൾ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. ഇതറിയാവുന്ന മോഷ്ടാക്കൾ ആസുത്രിതമായി കവർച്ച നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിന്റെ സഹായത്തോടെയാണ് ഇത്രയും ലാപ്ടോപ്പുകൾ രാത്രി കാലത്ത് കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുന്നുണ്ട്.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ ലാപ് ടോപ്പുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് കണ്ണൂർ റൂറൽ എസ്പി നവനീത് ശർമ്മ പറഞ്ഞു.ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും ,ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും റൂറൽ പൊലീസ് കമ്മിഷണർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരിട്ടിഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്ക്കൂൾ ബ്ലോക്കിലെ കപ്യൂട്ടർ ലാബിൽ സൂക്ഷിച്ച 28 ലാപ്ടോപ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽ പെട്ടത്. പ്രഥമാധ്യാപിക എൻ. പ്രീത ഓഫീസ് ജീവനക്കാർക്കൊപ്പം സ്കൂളിൽ എത്തി പരിശോധന നടത്തുന്നതിനിടെയാണ് ലാബിന്റെ പൂട്ടുപൊളിച്ച് ലാപ്ടോപ്പുകൾ കവർന്നതായി ശ്രദ്ധയിൽ പെടുന്നത്. കഴിഞ്ഞ 28ന് പത്താം ക്ലാസിലെ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസമാണ് തുടർന്നു നടക്കുന്ന ഐ ടി പരീക്ഷ നടത്തുന്നതിനായി ഇത്രയും ലാപ്ടോപ്പുകൾ ലാബിൽ സജ്ജീകരിച്ചത് . കൊറോണാ വ്യാപനം മൂലം പരീക്ഷ മാറ്റിവച്ചിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പല ഘട്ടങ്ങളിലായി സ്കൂളിന് നൽകിയ 8 ലക്ഷത്തോളം വിലവരുന്ന ലാപ്ടോപ്പുകളാണ് മോഷണം പോയത്.
ഇരിട്ടി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എംപി. രാജേഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ, എം. അബ്ബാസ് അലി, അഖിലേഷ്, കെ. ടി. മനോജ് എന്നിവരുൾപ്പെട്ട പ്രത്യേക പൊലിസ് സംഘത്തെയാണ് കേസ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എത്തിയ ഡോഗ് സ്ക്വാഡിലെ പൊലിസ് നായ റിക്കി കപ്യുട്ടർ ലാബിൽ നിന്നും മണം പിടിച്ച് സ്കൂളിന്റെ ഓഡിറ്റോറിയത്തിനു പിറകിലുള്ള പഴയ ഓടിട്ട കെട്ടിടത്തിലെ മുറിയിൽ കയറിയ ശേഷം ഓഫിസ് കെട്ടിടത്തിനു പിറകിലുടെ സ്കൂൾ പാചകപുരയോട് ചേർന്ന ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലെ മൊബൈൽ ടവറിനു സമീപം വരെ എത്തി നിന്നു. മോഷ്ടാക്കൾ കപ്യൂട്ടർ കവർച്ച നടത്തിയ ശേഷം ഇതുവഴി എത്തി വാഹനത്തിൽ രക്ഷപ്പെട്ടതായാണ് പൊലീസിന്റ പ്രഥമിക നിഗമനം.
സ്കൂളിന്റെ പ്രധാന കവാടത്തിലെയും സ്കൂളിന് സമീപത്തെ സ്ഥാപനങ്ങളിലെയും സി സി ടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട് എന്നാൽ ഇതുവരെ കേസിന് സഹായകരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.