തിരുവനന്തപുരം: ഒന്നുരണ്ട് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിന്നിരുന്ന ചില പരസ്യങ്ങളുണ്ട്. മുടി കൊഴിച്ചിൽ തടയുന്നതിനും, വണ്ണം കുറയ്ക്കുന്നതിനും, ആയുസ്സ് കൂട്ടുന്നതിനും, ലൈംഗിക താൽപര്യം വർദ്ധിക്കുന്നതിനുമായ ഉൽപ്പന്നങ്ങളായിരുന്നു അവ. പെട്ടെന്നൊരു സുപ്രഭാതത്തിൽ അവയെക്കുറിച്ചൊന്നും കേൾക്കാറില്ല. നിയമപരമായ ചില പ്രശ്‌നങ്ങളും ഈ ഉൽപ്പന്നങ്ങൾ തട്ടിപ്പാണെന്ന് ഉപഭോക്താവിന്റെ തിരിച്ചറിയലുമായിരുന്നു അതിനു കാരണം. കേരളത്തിലെ ചില ഉദ്യോഗസ്ഥന്മാരുടെയും പത്രക്കാരുടെയും പിന്തുണയോടെ നടന്ന കോടികളുടെ തട്ടിപ്പായിരുന്നു ഈ ഉൽപ്പന്നങ്ങൾ എന്നാണ് മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. നമ്മൾ വിശ്വസിക്കുന്ന പല ഉൽപ്പന്നങ്ങളും ജനങ്ങളെ പറ്റിച്ചാണ് കോടികൾ സമ്പാദിച്ചത്. പരസ്യ വരുമാനത്തിലൂടെ പത്രങ്ങളുടെ കീശകൂടി വീർത്തതോടെ ഈ തട്ടിപ്പ് ഉൽപ്പന്നങ്ങളിൽ ചിലത് വീണ്ടും തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. പത്രങ്ങളുടെ പിന്തുണയുള്ളതുകൊണ്ട് വീണ്ടും ജനങ്ങളെ കൊള്ളയടിക്കാമെന്നാണ് ഈ സ്ഥാപനങ്ങളുടെ പ്രതീക്ഷ. തികച്ചും നിയമവിരുദ്ധമായി പ്രവർത്തിച്ച ഈ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ ഇങ്ങനെ ജനപ്രിയമാകുമായിരുന്നില്ല.

ലോകത്തിന് മുമ്പിൽ മലയാളികൾക്ക് അഭിമാനപൂർവം പറയാവുന്ന ആയുർവേദത്തിന്റെ മറവിലാണ് ഈ തട്ടിപ്പുകളേറെയും നടക്കുന്നതെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കേന്ദ്രസർക്കാർ കർശന നടപടിയുമായി രംഗത്തു വന്നതും ഏതൊരു തട്ടിപ്പിനെയും ഉടൻ തന്നെ സോഷ്യൽ മീഡിയ വഴി പൊളിച്ചടുക്കുകുയും ചെയ്യുന്നത് പതിവായ ഘട്ടത്തിലാണ് പല ഉൽപ്പന്നങ്ങളും ഇടയ്‌ക്കൊന്ന് പിൻവലിഞ്ഞത്. എന്നാൽ, വിഷയങ്ങളൊന്ന് ആറിത്തണുത്ത് വന്നു തുടങ്ങിയതോടെ വീണ്ടും പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇവർ വിപണി പിടിക്കാൻ കച്ചമുറുക്കി രംഗത്തെത്തിയിരിക്കയാണ്.

പറ്റിക്കാനും പറ്റിക്കപ്പെടാനും ഏറ്റവും എളുപ്പം മലയാളികളോണോ എന്ന് തന്നെ സംശയം തോന്നുന്ന വിധത്തിൽ നിരവധി വാർത്തകൾ മലയാളികൾ കണ്ടിട്ടുണ്ട്. ആട് മാഞ്ചിയം തേക്ക് തട്ടിപ്പ് മുതൽ സോളാർ വരെ നീളുന്ന തട്ടിപ്പ് തന്ത്രങ്ങളിലൂടെ കോടികൾ നേടിയവരാണ് സമൂഹത്തിൽ ഇപ്പോഴും കൈയും വീശി നടക്കുന്നത്. നൂറ്റാണ്ടുകളായി ആയുർവേദത്തെ തപസ്യ പോലെ ആചരിക്കുകയും, അതിന്റെ ശാസ്ത്രീയമായ അടിത്തറയിൽ ഉറച്ച് നിന്ന് വൈദ്യസേവനം നടത്തുന്നവരുടെ എണ്ണമെടുത്താൽ, സംസ്ഥാനത്ത് അഞ്ചിൽ താഴെയാണ് അവരുടെ അംഗസംഖ്യ. ഇവരെ ഒഴിവാക്കി ആയുർവേദത്തിന്റെ മറ പിടിച്ച് കോടികളുടെ ലാഭം കൊയ്യുന്ന വ്യാജഔഷധ നിർമ്മാണത്തിന്റെ അറിയാകഥകളിലേക്കും മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല യാഥാർത്ഥ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മലയാളികൾക്ക് സുപരിചതമായ വമ്പൻ ബ്രാൻഡുകളും തട്ടിപ്പിന്റെ പാതയിൽ സഞ്ചരിച്ചവരാണെന്ന കാര്യം വളരെ ഞെട്ടൽ ഉളവാക്കുന്നതാണ്. മാന്മിഴി കണ്ണുകളും ആലിലവയറും ചുവന്നു തുടുത്ത കവിളുകളും ചന്ദനത്തിന്റെ നിറവും ഒത്തിണങ്ങുന്ന കവിഭാവനയെ സ്വന്തം ശരീരത്തിൽ ആവാഹിക്കാനുള്ള മലയാളികളുടെ ആസക്തിയും, ഇവയുടെ അപര്യാപ്തത നൽകുന്ന അപകർഷതാബോധവും വിപണിയിൽ ഏറ്റവും മുന്തിയ വിൽപനചരക്കാക്കാൻ കഴിയുമെന്ന ചില 'നവ' ആയുർവേദ 'ആചാര്യന്മാരുടെ' കണ്ടെത്തെലാണ് 'പങ്കജ കസ്തൂരി' മുതൽ 'വയോധ തൈലം' വരെ നീളുന്ന സൗന്ദര്യവിപണിയുടെ കാതൽ. സൗന്ദര്യസംരംക്ഷണത്തിന് ആയുർവേദത്തിൽ ശാസ്ത്രീയമായ അടിത്തറയുടെ പിൻബലത്തോടെ ഔഷധത്തെ കുറിച്ച് പരാമർശിക്കുമ്പോൾ, 'ഏത് അഷ്ടാംഗഹൃദയം, ഏത് ചരകസംഹിത...

ഇത് ഞാൻ ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്ന' അവകാശവാദത്തോടെ മലയാളികളുടെ ശരീരത്തെ പരീക്ഷണശാലയാക്കുന്നത് സജീവമായത് 2005ലാണ്. പ്രമുഖനടന്റെ ആശീർവാദത്തോടെ ടെലിവിഷൻ സ്‌ക്രീനിലെത്തിയ പങ്കജകസ്തൂരി എന്ന 'ദിവ്യഔഷധം' മലയാളിയുടെ നിത്യജീവിതത്തിലെ അഭിഭാജ്യഘടകമായി മാറി. പങ്കജകസ്തൂരി ഹെർബൽസ് പ്രൈവറ്റ് ലിമിറ്റഡ് ആയിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്കും കോടികളിലേക്കും ഓടിക്കയറിയപ്പോൾ, പച്ചമരുന്നിന്റെ പേരു പോലും പറയാൻ അറിയാത്തവർ വരെ ആയുർവേദ 'ഗവേഷണത്തി'ലൂടെ മരുന്നുകൾ വിപണിയിൽ എത്തിക്കാൻ തുടങ്ങി.

2007 നുശേഷം ഇത്തരം തട്ടിപ്പുകാർക്ക് പത്രദൃശ്യസർക്കാർ സ്ഥാപനങ്ങളുടെ ഒത്താശ കൂടി ആയതോടെ വ്യാജഔഷധ വിപണിയിലേക്ക് കോടികൾ ഒഴുകി. വ്യാജ ഔഷധ നിർമ്മാണം അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് തൃശൂർ ആസ്ഥാനമായ ഇൻസിസ്റ്റിയൂട്ട് ഓഫ് ഇന്ത്യൻ തെറാപ്പീസ് ലവണ തൈലവുമായി രംഗത്തെത്തിയത്. ആലില വയർ സ്വപ്‌നം കണ്ട സകല തരുണീമണികളും ലവണ തൈലമെന്ന 'ദിവ്യഔഷധ'ത്തിൽ മുങ്ങി കുളിച്ചു. മുപ്പത് ദിവസമല്ല മുപ്പത് വർഷം പ്രസ്തുത തൈലം തേച്ചാലും പ്രയോജനം ലഭിക്കില്ലെന്ന് അറിയാവുന്ന ഔഷധനിർമ്മാതാക്കൾ കുറഞ്ഞ സമയത്തിനുള്ളിൽ കോടികൾ കൈയിലൊതുക്കി വിപണിയിൽ നിന്ന് അപ്രത്യക്ഷരായി. ഒരു പ്രമുഖ നടി വരെ ഈ തൈലം തേച്ച് ആലില വയർ സ്വപ്‌നം കണ്ടു. എന്നാൽ, ആലില വയർ ലഭിക്കാതെ വന്നതോടെ കേസുമായി ഇവർ രംഗത്തെത്തി. ഇതോടെയാണ് പലരും ഈ തട്ടിപ്പുകളെ കുറിച്ച് ജാഗരൂകരായത്.

ചലച്ചിത്രതാരങ്ങളെ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വ്യാജവാഗ്ദാനങ്ങൾ നൽകി കോടികൾ വാരുന്ന ഔഷധ നിർമ്മാതാക്കൾ ആറുമാസത്തിലൊരിക്കൽ ഉൽപന്നം വിപണിയിൽ നിന്ന് പിൻവലിച്ച,് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ രംഗത്തിറക്കും. ചില വ്യത്യാസങ്ങൾ മാത്രം. പരസ്യത്തിലെ അഭിനേതാക്കൾ, വാഗ്ദാനങ്ങൾ, ഉൽപന്നത്തിന്റെ പായ്ക്കറ്റിലെ രൂപമാറ്റം. ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ച് പുതിയ ഉൽപന്നങ്ങൾ ഇറക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് തലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മോൺസൺസ് എക്‌സട്രാക്ഷൻസ് പുറത്തിറക്കുന്ന ' ഇന്ദുലേഖ' ഉൽപന്നങ്ങളാണ്.

പങ്കജകസ്തൂരിക്കും മരുത്വാ ഫാർമയുടെ പഞ്ചജീരകഗുഡത്തിനും പിന്നാലെ എത്തിയ ലവണതൈലം, വാജിതൈലം, കൃഷ്ണതുളസി കഫ്‌സിറപ്പ്, ധാത്രി ഉൽപന്നങ്ങൾ, ഇന്ദുലേഖ ഉൽപന്നങ്ങൾ...( പട്ടിക തീരുന്നില്ല ) വാരിക്കൂട്ടിയത് കണക്കുകൾക്കതീതമാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് ഈ സ്ഥാപനങ്ങൾക്കെതിരെ നൂറുകണക്കിന് കേസുകളാണ് നിലവിലുള്ളത്. ഇന്ദുലേഖയ്‌ക്കെതിരെ മാത്രം നാലു ജില്ലകളിലായി പത്തിലധികം കേസുകളാണ് വിചാരണയ്ക്കായി കാത്തു കിടക്കുന്നത്. ഏതെങ്കിലും ഉൽപന്നത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്താൽ, അധികം വൈകാതെ അതേ ഉൽപന്നം മറ്റൊരു പേരിൽ വിപണിയിലെത്തും. ഇതെക്കുറിച്ച് ഒരു പ്രമുഖ ഔഷധ നിർമ്മാതാവ് പറഞ്ഞ മറുപടി ' കേസൊക്കെ അതിന്റെ വഴിക്ക് പോകും, കാറ്റുള്ളപ്പോൾ തൂറ്റണം, ഇതല്ലാതെ വേറെ ഏതു ബിസിനസിൽ നിന്നാണ് നാൽപതും അമ്പതും ഇരട്ടി ലാഭം നേടാൻ പറ്റുന്നത് '. സൗന്ദര്യ സംരക്ഷണത്തിന്റെ പേരിൽ കേരളത്തിൽ ഒഴുകുന്ന വ്യാജഔഷധങ്ങളും അതിലൂടെ നേടുന്ന കോടികളും ഇതിൽ നിന്ന് ഊഹിക്കാവുന്നതാണ്.

2007 മുതൽ 2014 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തം. സൗന്ദര്യ സംരംക്ഷണത്തിന്റെ പേരിൽ വിറ്റഴിക്കുന്ന, ദിവസങ്ങൾക്കുള്ളിൽ സൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവം പ്രദാനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന ഔഷധങ്ങൾ നിയമവിരുദ്ധമായ രീതിയിലാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. കൂടാതെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിരോധിച്ച പല ഉൽപന്നങ്ങളും പരസ്യമായും രഹസ്യമായും വിപണിയിൽ സുലഭമാണെന്ന് മറ്റൊരു യാഥാർഥ്യം.

ആയുർവേദത്തോടുള്ള വിശ്വാസമാണ് ധാത്രി ഉൽപ്പന്നങ്ങൾക്കും കേരളത്തിലെ വിപണി പിടിക്കാൻ സഹായകമായത്. പ്രമുഖ സിനിമാ താരങ്ങളെ രംഗത്തിറക്കിയ ഈ കമ്പനി പരസ്യങ്ങളുടെ അകമ്പടിയോടെ ആയൂർവേദമെന്ന് പേരിൽ മുടികൊഴിച്ചിലിനും താരൻ അകറ്റാനും മറ്റുമായി ഷാംപുവും എണ്ണയുമൊക്കെ യഥേഷ്ടം വിറ്റഴിച്ചു. ഇടക്കാലം കൊണ്ട് ഇവർക്കെതിരെ പരാതികൾ വ്യാപകമായ സാഹചര്യത്തിൽ ഇടയ്‌ക്കൊന്ന് വിപണിയിൽ നിന്നും പിൻവലിഞ്ഞിരുന്നു ധാത്രി. പരസ്യങ്ങൾ കുറച്ചാണ് അന്ന് വിവാദങ്ങളിൽ നിന്നും പതിയെ ഇവർ രക്ഷനേടിയത്. ഇപ്പോൾ പത്രങ്ങളുടെയും ചാനലുകളുടെയും പരസ്യങ്ങളുടെ ചാകരയായ ഓണക്കാലം വന്നതോടെ വീണ്ടും പരസ്യങ്ങൾ സജീവമാക്കി തിരികെ എത്താനുള്ള ശ്രമമാണ്. ഉദ്യോഗസ്ഥ തലത്തിലെ എതിർപ്പുകളൊക്കെ ഒതുക്കിയ ശേഷമാണ് ധാത്രി വീണ്ടും പരസ്യങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കേന്ദ്ര ഡ്രഗ്‌സ് നിയമപ്രകാരം ഇത്തരം ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെടാതെയാണ് മിക്ക കമ്പനികൾ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ഇക്കാര്യത്തിൽ നിയമം കർക്കശമാക്കാൻ തുനിഞ്ഞതോടെ ഉൾവലിഞ്ഞവരാണ് ഇപ്പോൾ വീണ്ടും പരസ്യങ്ങളിലൂടെ വിപണി പിടിക്കാൻ തുനിയുന്നത്. ഔഷധങ്ങൾ പരസ്യം ചെയ്തു വിൽക്കുന്നതിന് കർശനമായ വ്യവസ്ഥകളാണ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നിയമത്തിലൂടെ പുറപ്പെടുവിച്ചിട്ടുള്ളതും. എന്നാൽ ഇതൊക്കെ വെറും നോക്കുകുത്തി ആകുകയാണെന്നതാണ് വാസ്തവം.

1954ലെ ഡ്ര്ഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമത്തിൽ പേറ്റന്റ് നേടിയ മരുന്നുകൾ പരസ്യങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി സ്‌റ്റോറി ബോർഡ് അടക്കമുള്ള ഹാജരാക്കി ബന്ധപ്പെട്ടവരിൽ നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാൽ സംസ്ഥാനത്ത് ആയുർവേദത്തിന്റെ പേരിൽ പുറത്തിറക്കുന്ന ഭൂരിപക്ഷം ഔഷധങ്ങൾക്കും അനുമതി നൽകിയിട്ടില്ല. സ്ത്രീകളുടെ ആർത്തവ, പ്രസവ സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകൾ, ലൈംഗിക സംതൃപ്തി വർധന ഔഷധങ്ങൾ, മുഖസൗന്ദര്യത്തിൽ അദ്ഭുതകരമാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന മരുന്നുകൾ ഇവയുടെ പരസ്യങ്ങളെല്ലാം തന്നെ ഈ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ, പണമെറിഞ്ഞ് കാര്യങ്ങൾ നീങ്ങുമ്പോൾ ഇതെല്ലാം കാറ്റിൽപ്പറക്കുകയാണ് പതിവെന്ന് മാത്രം. ഇങ്ങനെ നിയമം മൂലം നിരോധിച്ചിട്ടുള്ള പരസ്യത്തിൽ അഭിനയിക്കുന്ന സിനിമ താരങ്ങൾക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു തുടങ്ങിയിരുന്നു. ഇങ്ങനെ ആവശ്യം ഉയരുമ്പോൾ തന്നെ തൽക്കാലം വിപണിയിൽ നിന്നും ഉൾവലിഞ്ഞ് തിരികെ എത്തുക എന്ന തന്ത്രമാണ് ഈ കമ്പനികൾ സ്വാഭാവികമായും സ്വീകരിച്ചു പോന്നത്.

ഇങ്ങനെ പരസ്യത്തിന്റെ അടമ്പടിയോട പച്ചവെള്ളവും മരുന്നാക്കുന്ന വിപണന തന്ത്രം പയറ്റുമ്പോൾ അതിന് ഓശാന പാടുന്നവരാണ് മാദ്ധ്യമങ്ങൾ എന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല. കാരണം മനോരമയിലും മാതൃഭൂമിയിലും അടക്കം പ്രമുഖ പത്രങ്ങളിലെ ഒന്നാം പേജ് പരസ്യങ്ങളിൽ പ്രധാന സ്ഥാനവും ഇങ്ങനെയുള്ള തട്ടിപ്പു പ്രസ്ഥാനങ്ങൾക്കാണ്. പ്രമുഖ സിനിമാ നടന്മാരെയും നടിമാരെയും അണിനിരത്തിയുള്ള പരസ്യങ്ങളും വേറെയും നൽകും. കോടികൾ എളുപ്പം കിട്ടുന്ന പരസ്യദാതാവിനെ പിണക്കാൻ ഒരു മാദ്ധ്യമവും തയ്യാറാകില്ലെല്ലോ? ഇങ്ങനെ മലയാളികളെ നഗ്നമായി വഞ്ചിക്കുമ്പോൾ അതിനെതിരെ ആരും പ്രതികരിക്കുന്നില്ല. ഇടവേളയ്ക്ക് ശേഷം വിലക്കുകൾ മറയാക്കി ഇവർ വീണ്ടും ജനങ്ങളെ കൊള്ളയടിക്കാൻ ഇറങ്ങിയിരിക്കയാണ്. ഇങ്ങനെ ആയുർവേദ ഉൽപ്പന്നങ്ങളുടെ പേരിലുള്ള തട്ടിപ്പുകളെ കുറിച്ചുള്ള അന്വേഷണം മറുനാടൻ മലയാളിയിൽ ആരംഭിക്കുകയാണ്. നാളെ മുതൽ ആയുർദേവ രംഗത്തെ തട്ടിപ്പുകളുടെ പരമ്പരയ്ക്ക് തുടക്കമാകും.

'പച്ചവെള്ളവും മരുന്നാക്കുന്ന വിപണനതന്ത്ര'ത്തെ കുറിച്ച് നാളെ വായിക്കാം..