- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സർക്കാരിന്റെ 'അന്നദാതാവ്' ആയ ബെവ്കോ നഷ്ടത്തിലോ? കോർപ്പറേഷൻ 1600 കോടി നഷ്ടത്തിലെന്ന് കേട്ടതോടെ സജീവമായത് സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുമോ എന്ന ചർച്ചകൾ; 1608 കോടിയല്ലെന്നും 243 കോടി മാത്രമാണ് നഷ്ടമെന്നും കോർപ്പറേഷൻ ഉന്നതൻ
തിരുവനന്തപുരം: ഇന്നലെ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയാണ് വാർത്തകളിൽ നിറഞ്ഞതെങ്കിലും അതിനിടയിൽ സഭയിൽ നിന്നുവന്ന മറ്റൊരു വാർത്തയാണ് ബഹുഭൂരിപക്ഷം മലയാളികളുടേയും ശ്രദ്ധയാകർഷിച്ചത്. കേരളത്തിലെ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ബിവറേജസ് കോർപ്പറേഷൻ അഥവാ ബെവ്കോ മൂന്നാം സ്ഥാനത്താണെന്ന വാർത്തയായിരുന്നു അത്. 1608 കോടി നഷ്ടത്തിലാണ് ബെവ്കോ എന്ന് കേട്ടവരെല്ലാം അന്തംവിട്ടു. സർക്കാർ ഖജനാവിനെ താങ്ങിനിർത്തുന്ന കേരള സർക്കാരിന് ശമ്പളവും പെൻഷനുമെല്ലാം കൊടുക്കാൻ അത്താണിയായ ബെവ്കോ നഷ്ടത്തിലാണെന്ന വാർത്ത ആരും വിശ്വസിച്ചില്ല. ഇതോടെ ശമ്പളം മുടങ്ങുമോയെന്നതടക്കമുള്ള ചർച്ചകളും സജീവമായി.
എന്നാൽ സംഗതി സത്യമാണ്. ബെവ്കോ നഷ്ടത്തിലുമാണ്. എന്നാൽ ഇന്നലെ നിയമസഭയിൽ വച്ച ബ്യൂറോ ഓഫ് പബ്ളിക് എന്റർപ്രൈസസ് റിപ്പോർട്ടിൽ പറയുന്നതുപോലെ 1600 കോടി നഷ്ടത്തിലല്ല ബെവ്കോ എന്നതാണ് യാഥാർത്ഥ്യം. 1608 കോടി രൂപയുടെ നഷ്ടമില്ലെന്നും 234 കോടി രൂപയുടെ നഷ്ടം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷമെന്നും ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു. കോവിഡ് മൂലം ദേശീയ ലോക്ക്ഡൗണിന്റെ ഭാഗമായി രണ്ടുമാസത്തോളം ബെവ്കോ ഔട്ട്ലെറ്റുകൾ പൂർണമായി അടച്ചിടേണ്ടിവന്നതും പിന്നാലെ ഇടയ്ക്കിടെ സംസ്ഥാത്തുതന്നെ പലയിടങ്ങളിലും ലോക്ക് ഡൗൺ വന്നതുമെല്ലാമാണ് കോർപ്പറേഷനെ ചരിത്രത്തിലാദ്യമായി നഷ്ടത്തിലേക്ക് നയിച്ചത്. മുൻവർഷങ്ങളിലെല്ലാം ശരാശരി 150-200 കോടി ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നു കോർപ്പറേഷൻ. സർക്കാരിന്റെ 'അന്നദാതാവായ' കോർപ്പറേഷൻ ഒറ്റവർഷംകൊണ്ട് 1600 കോടി രൂപ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതെങ്ങനെയെന്ന ചോദ്യമാണ് ഉയർന്നത്.
എന്നാൽ കോർപ്പറേഷൻ 1608 കോടി രൂപ നഷ്ടമില്ലെന്നും 234 കോടി രൂപമാത്രമാണ് നഷ്ടമെന്നും മറുനാടനോട് വ്യക്തമാക്കുകയാണ് ബെവ്കോ അധികൃതർ. ഏപ്രിൽ, മെയ് മാസങ്ങളിലെ ലോക്ക് ഡൗൺ വില്ലനായതിന് പുറമേ ബാറുകൾ വഴി ചില്ലറ വിൽപന നടത്തിയതുമൂലം കോർപ്പറേഷന് ലഭിക്കേണ്ട കമ്മിഷനിലും ഗണ്യമായ കുറവുണ്ടായി. ബാറുകൾ വഴി നൽകുമ്പോൾ 8-13 ശതമാനം കമ്മിഷനേ കോർപ്പറേഷന് ലഭിക്കൂ. ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയാകുമ്പോൾ ഇതിന്റെ ഗണ്യമായൊരു ഭാഗം കോർപ്പറേഷന് തന്നെ ലഭിക്കും. ലാഭത്തിലൂണ്ടായ ഈ വ്യത്യാസവും കോർപ്പറേഷനെ ഇക്കുറി നഷ്ടത്തിലാക്കിയെന്ന് ബെവ്കോ ഉന്നതൻ പറഞ്ഞു. 234 കോടി രൂപ നഷ്ടമെന്നത് ഓഡിറ്റഡ് കണക്കല്ലെന്നും ഓഡിറ്റ് ചെയ്യുമ്പോൾ ചെറിയ വ്യത്യാസം വരാമെന്നും എന്നാലും ബെവ്കോ 1600 കോടി രൂപ നഷ്ടത്തിലാണെന്നത് തെറ്റായ കണക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്യൂറോ ഓഫ് പബ്ളിക് എന്റർപ്രൈസസിന് പുതുക്കിയ റിപ്പോർട്ട് നൽകിയിരുന്നു എന്നും എന്നാൽ അവർ അതിന് മുമ്പ് നൽകിയ റിപ്പോർട്ടാണ് പരിഗണിച്ചതെന്നും ശരിയായ കണക്കല്ല റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സ്വീകരിച്ചതെന്നുമാണ് ബെവ്കോ വ്യക്തമാക്കുന്നത്. ഇത് തിരുത്തുമെന്നാണ് കരുതുന്നതെന്നും ബെവ്കോ അധികൃതർ വ്യക്തമാക്കി.
ബെവ്കോ നഷ്ടത്തിലായാൽ ബെവ്കോ ജീവനക്കാർക്ക് എല്ലാ വർഷവും ലഭിക്കുന്ന വമ്പൻ ബോണസ് ഇക്കുറി ഉണ്ടാവില്ലേ എന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ നഷ്ടത്തിലാണെന്നത് ജീവനക്കാരെ ബാധിക്കില്ലെന്നാണ് അറിയുന്നത്. ഉയർന്ന ബോണസ് 85000 രൂപ എന്ന രീതിയിൽ നിജപ്പെടുത്തിയിരിക്കുന്നതിനാൽ മുൻവർഷങ്ങളിലേ പോലെ തന്നെ ഇക്കൊല്ലവും ബോണസ് ലഭിച്ചേക്കുമെന്നാണ് സൂചനകൾ.
ഏറ്റവും നഷ്ടത്തിൽ കെഎസ്ആർടിസി തന്നെ
നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ബെവ്കോ മൂന്നമതാണ് എന്ന റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. 1976.03 കോടി രൂപ നഷ്ടമുണ്ടാക്കിയ കെ എസ് ആർ ടി സിയാണ് ഒന്നാമത്. 1822.35 കോടി നഷ്ടമുള്ള കെ എസ് ഇ ബി രണ്ടാമതാണ്. ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ കെ എസ് എഫ് ഇയാണ് ഒന്നാമത്. 146.41 കോടി രൂപയാണ് കെ എസ് എഫ് ഇയുടെ ലാഭമെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷം ലാഭം നേടിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാമതായിരുന്നു ബെവ്കോ. എന്നാൽ ഇത്തവണ നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബെവ്കോ എന്നതാണ് ഏറെ ചർച്ചചെയ്യപ്പെട്ടത്. ഇന്നലെ നിയമസഭയിൽ വച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ-നഷ്ട കണക്കുകൾ പ്രതിപാദിക്കുന്ന ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ടിലാണ് ലാഭനഷ്ട കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത.
180 കോടി രൂപ ലാഭത്തിൽ നിന്നാണ് ബെവ്കോ 1600 കോടി രൂപ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതെന്നായിരുന്നു വിവരങ്ങൾ. എന്നാൽ 234 കോടി മാത്രമാണ് ബെവ്കോയുടെ നഷ്ടമെന്ന് വ്യക്തമാകുന്നു. ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം കെഎസ്എഫ്ഇ നിനിർത്തി. 146.41 കോടി രൂപയാണ് കെഎസ്എഫ്ഇയുടെ ലാഭം. ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ചവറ കെഎംഎംഎലും കേരള ഫീഡ്സുമാണ്.
അതേസമയം ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ കണക്ക് പരിശോധിക്കുമ്പോഴും വലിയ തിരിച്ചടിയാണ് കഴിഞ്ഞ വർഷമുണ്ടായത്. ലാഭത്തിലുള്ളത് 50 പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവയെല്ലാം കൂടി 519.73 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. മുൻ വർഷം ഇത് 883.7 കോടി രൂപയായിരുന്നു. കോവിഡ് മൂലം അടച്ചിട്ടതിനാൽ ഉൽപാദനത്തിൽ ഉണ്ടായ കുറവും അതേസമയം ജീവനക്കാർക്ക് ശമ്പളം നൽകേണ്ടി വന്നതുമെല്ലാമാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2621.99 കോടിയിൽ നിന്ന് 6569.55 കോടിയിലേക്ക് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.