തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ആരംഭിച്ച സമരത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യുന്നതാര്? ശബരിമലയിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകൾ ബിജെപിക്ക് ഗുണകരമാകുമെന്ന് രാഷ്ട്രീയ വിലയിരുത്തലുകളാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഇത് ശരിവെക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് നിന്ന് പുറത്ത് വരുന്നത്.

ഉറച്ച കോൺഗ്രസ് കോട്ടയായ സിറ്റിങ്ങ് വാർഡിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്ത് എത്തിയത് ഒരു രാഷ്ട്രീയ സൂചനയാണെന്നാണ് പാർട്ടിക്കകത്തുനിന്നുന്നെ ഉയരുന്നു വിമർശനം. ബിജെപിയെ തുറന്ന് എതിർക്കാതെ ഒപ്പംകൂടുന്ന ഈ നടപടി ഫലത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കുകയാണെന്ന് പാർട്ടിയിലെ യുവാക്കൾ ചൂണ്ടിക്കാട്ടുന്നു. ഹൈന്ദവ വോട്ടുകൾ ബിജെപിയിലേക്കും ന്യൂനപക്ഷവോട്ടുകൾ സിപിഎമ്മിലേക്കും പോയതോടെ ഉറച്ചകോട്ടയിൽപോലും കോൺഗ്രസിന് കാലിടറുകയാണ്.

നാവായിക്കുളം പഞ്ചായത്തിലെ 28ാംമൈൽ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് സോഷ്യൽ മീഡിയയിലടക്കം ചർച്ചയാവുന്നത്. ബിജെപി സ്ഥാനാർത്ഥി യുമുന ബിജു 34 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ബിജെപിക്ക് 421 വോട്ടുകളും എൽഡിഎഫിന് 389 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞതവണ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ലൈല നേതൃത്വത്തോട് കലഹിച്ച് രാജിവെച്ചതോടെയാണ് ഉപതെരെഞ്ഞെടുപ്പ് ഉണ്ടായത്.യുഡിഎഫ് 319 വോട്ടുമാത്രമാണ് ലഭിച്ചത്.

യുഡിഎഫ് കോട്ടയായിരുന്ന വാർഡാണിത്.ഇക്കുറി അവർ മൂന്നാം സ്ഥാനത്തായി. 182 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചിരുന്ന സിറ്റിങ് വാർഡിലാണ് ഈ സ്ഥിതിയെന്ന് ഓർക്കണം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് മാത്രമായിരുന്ന എൽഡിഎഫ് രണ്ടാം സ്ഥാനത്തേക്ക് വന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി വിജയിച്ചപ്പോൾ സിറ്റിങ് വാർഡിൽ മൂന്നാം സ്ഥാനത്തേക്ക് വീണത് കോൺഗ്രസിനെ അമ്പരപ്പിച്ചിരിക്കയാണ്. വാർഡിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലെന്നതും ഓർക്കണം.

ഒരു ഉപതിരഞ്ഞെടുപ്പ് ഫലം കൊണ്ട് കേരളത്തിലെ മൊത്തം പൾസ് അളക്കാൻ കഴിയില്ലെങ്കിലും കോൺഗ്രസ് വരുത്തിവെക്കുന്ന അപകടത്തിന്റെ സൂചന തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം അനുകൂല നിലപാടാണ് ആദ്യം എടുത്തത്. എന്നാൽ ആദ്യഘട്ടത്തിൽ വിധി സ്വീകാര്യം എന്ന് പറഞ്ഞ കോൺഗ്രസ് സംസ്ഥാന നേതൃത്വം അയ്യപ്പ ഭക്തരുടെ നാമജപ ഘോഷയാത്രകളിലെ ജനപങ്കാളിത്തം കണ്ട് നിലപാട് മാറ്റുകയായിരുന്നു. ഇതോടെ ബിജെപിയുടെ നിലപാടാണ് ശരിയെന്ന് കരുതി അണികൾ ആ പാർട്ടിയിലേക്ക് കൂറുമാറുന്നതിന്റെ സൂചനയാണിതെന്ന് വ്യക്തമാണ്.

സ്വന്തം വോട്ടർമാരെയോ അണികളെയോ പറഞ്ഞ് മനസ്സിലാക്കാൻ കഴിയാതെ ഒരു നിലപാട് കോൺഗ്രസ് പാർട്ടി സ്വീകരിക്കുമ്പോൾ അവരുടെ വോട്ട് മറുപാളയത്തിലെത്തുന്നകയാണ്്. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം നടപ്പിലാക്കാൻ കഴിയാത്ത ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കാൻ നിലപാടെടുത്തവർ സ്വയം വെട്ടിലാവുന്നു.ഈ അപകട സൂചന മനസ്സിലാക്കാൻ കോൺഗ്രസിന് കഴിയുമോ അല്ലെങ്കിൽ അവർ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം.