വാർത്ത : ധനമന്ത്രി കെ.എം. മാണിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ഗൂഡാലോചനയ്‌ക്കെതിരെ ജനമനസാക്ഷിയെ ഉണർത്തുന്നതിനു വേണ്ടി വെള്ളിയാഴ്ച (ജനുവരി 23) പാല നിയോജകമണ്ഡലത്തിൽ ഹർത്താൽ ആചരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.

വാർത്ത : ശനിയാഴ്ച (ജനുവരി 24) മണ്ഡലത്തിൽ എൽഡിഎഫ് ഹർത്താൽ ആഹ്വാനം നടത്തിയിട്ടുണ്ട്. പാലാ നിയോജകമണ്ഡലത്തിനു പുറമെ മരങ്ങാട്ടുപിള്ളി, ഉഴവൂർ, കടപ്ലാമറ്റം, വെളിയന്നൂർ പഞ്ചായത്തുകളിലും എൽഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.

വാർത്ത : ജനുവരി 27ന് മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി. യുടെ സംസ്ഥാന ഹർത്താൽ.

ഒരൊറ്റ വിഷയത്തിൽത്തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരേ സമരമുറയോ ? അതിശയം തന്നെ !!!! കേരളത്തിൽ നടക്കുന്നത് അത്ഭുതകരമായ കാര്യങ്ങളാണെന്ന് സുപ്രീം കോടതി പറഞ്ഞത് ചുമ്മാതല്ല.

ജനുവരി 23 ന് യു.ഡി.എഫ്. വക ഹർത്താൽ
ജനുവരി 24 ന് എൽ.ഡി.എഫ്. വക ഹർത്താൽ
ജനുവരി 27 ന് ബിജെപി. വക ഹർത്താൽ.

എന്തുകൊണ്ട് 25നും 26നും ഹർത്താൽ ഇല്ലെന്ന് ചിന്തിച്ചോ?

25 ഞായറാഴ്‌ച്ചയാണ്.
26 റിപ്പബ്ലിക്ക് ദിനമാണ്. എന്തായാലും അവധി കിട്ടുന്ന ദിവസങ്ങളാണ് ഇത് രണ്ടും.

എന്നുവച്ചാൽ 23 മുതൽ 27 വരെയുള്ള 5 ദിവസങ്ങളിൽ ഒരു പണിക്കും പോകണ്ട. സുഖസുന്ദരമായി ആഘോഷിക്കാം. അഞ്ച് ദിവസത്തേക്കുള്ള ചിക്കനും സീഡിയും കുപ്പിയും സ്റ്റോക്ക് ചെയ്യാൻ മറക്കാതിരുന്നാൽ മാത്രം മതി. അതിനിടയ്ക്ക് നെഞ്ചുവേദന വന്നാൽപ്പോലും രക്ഷയില്ലെന്ന് കൂടെ മറക്കാതിരുന്നാൽ നന്ന്.

പണിയെടുക്കാതെ ശമ്പളം വാങ്ങാൻ ജനങ്ങളെ പ്രാപ്തരാക്കിക്കൊടുക്കുന്ന പാർട്ടിക്കാർക്ക് നമോവാകം. ദിവസക്കൂലിക്കാരൻ 5 ദിവസം പണിയെടുക്കാതെ, റേഷൻ വാങ്ങാൻ കാശില്ലാതെ, പട്ടിണി കിടന്ന് നരകിച്ചാൽ പാർട്ടിക്കാർക്കൊരു നഷ്ടവും വരാനില്ലല്ലോ ? അനുകൂലമായിട്ടായാലും പ്രതികൂലമായിട്ടായാലും എടുത്ത് പ്രയോഗിക്കാൻ, ഹർത്താൽ എന്ന ഒരേയൊരു സമരമുറ മാത്രമേ അറിയൂ എന്നതാണ് കേരളത്തിലെ പാർട്ടിക്കാരുടെയൊക്കെ ഗതികേടും അപചയവും.

ജനം കണ്ണുമടച്ച് വിശ്വസിക്കാൻ പോന്ന ഇത്രയ്ക്കധികം ആരോപണങ്ങൾ വന്ന നിലയ്ക്ക് എത്രയും പെട്ടെന്ന് കെ.എം.മാണി രാജി വെക്കുക തന്നെയാണ് വേണ്ടത്. പക്ഷേ അതിനായി ആദ്യമേ എടുത്തുപയോഗിക്കേണ്ടത് ഹർത്താൽ എന്ന സമരമുറയല്ല. അതും തുടർച്ചയായ 3 പ്രവൃർത്തി ദിവസങ്ങൾ ജനങ്ങളെ കഷ്ടത്തിലാക്കിക്കൊണ്ട്. അഞ്ച് ദിവസം ഒരു ഔദ്യോഗിക കാര്യങ്ങളും നിർവ്വഹിക്കാനാവാതെ കുഴപ്പിച്ചുകൊണ്ട്. ഒരൊറ്റ ദിവസം പോലും മാണിയെ വഴിയിൽ തടയാൻ പോലും മിനക്കെടാൻ നിൽക്കാതെ. ഒരു കരിങ്കൊടി പോലും ധനമന്ത്രിക്കെതിരെ വീശിക്കാണിക്കാതെ.

ജനുവരി 27 ന് ഈ പരമ്പരയിലെ അവസാനത്തെ ഹർത്താലും കഴിഞ്ഞാൽ കെ.എം. മാണി രാജി വച്ച് പോകുമെന്ന് വല്ല ഉറപ്പുമുണ്ടോ ? അങ്ങേരവിടെത്തന്നെ കുത്തിയിരുന്നാൽ, ശേഷമെന്ത് സമരായുധമാണ് എതിർ കക്ഷികളുടെ ആവനാഴിയിലുള്ളത് ? മാണി രാജി വച്ചാലും ഇല്ലെങ്കിലും നിങ്ങൾക്കെല്ലാം സ്വന്തം പാർട്ടിയുടെ മൈലേജ് കൂട്ടുക എന്നത് മാത്രമേ ലക്ഷ്യമുള്ളൂ. വെവ്വേറെ ദിവസങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തുന്ന ഈ ഹർത്താൽ പ്രഹസനം തുറന്ന് കാട്ടുന്നത്, കേരളത്തിലെ പാർട്ടിക്കാരുടെ രാഷ്ട്രീയ പാപ്പരത്തം മാത്രമാണ്. ചില്ലുമേടയിലിരുന്ന്, കൈ നനയാതെ മീൻ പിടിക്കാനാവും എന്ന വ്യാമോഹത്തിന്റെ തെളിവാണ് ഈ ഹർത്താലുകൾ.

വാൽക്കഷ്ണം : മാണി രാജിവെക്കുക. അതിന് വേണ്ടിയുള്ള, ഹർത്താൽ ഒഴികെയുള്ള എല്ലാ പ്രതികരണങ്ങൾക്കും സമരമുറകൾക്കും പിന്തുണ. വെറും പിന്തുണയല്ല, നിരത്തിലിറങ്ങണമെങ്കിൽ അതിന് തയ്യാറായിട്ടുള്ള പിന്തുണ. Say No To Harthal.