മൊസൂൾ: ഇറാഖിലെ ചരിത്ര പ്രസിദ്ധമായ മൊസൂൾ മോസ്‌ക് ഭീകര സംഘടനയായ ഐ.എസിൽനിന്ന് സൈന്യം പിടിച്ചെടുത്തു. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലിഫ ഭരണം അവസാനിച്ചതായി ഇറാഖി സൈന്യം പ്രഖ്യാപിച്ചു. മൂന്ന് വർഷം മുമ്പ് ഐഎസ് തലവൻ അബൂബക്കർ ബാഗ്ദാദി ഈ പള്ളിയിൽവച്ചാണ് സ്വയം ഖലീഫയായി പ്രഖ്യാപിച്ചത്.

850 വർഷം പഴക്കമുള്ള ഗ്രാന്റ് അൽ നൂറി മോസ്‌ക് പിടിച്ചെടുത്തത് ഐഎസിനെതിരായ വിജയമായാണ് സൈന്യം കണക്കാക്കുന്നത്. ഐഎസിൽ നിന്ന് മൊസൂൾ നഗരത്തിന്റെ നിയന്ത്രണം പിടിച്ചടക്കാൻ എട്ടു മാസമായി ഇറാഖി സൈന്യം ശ്രമം നടത്തിവരികയായിരുന്നു. ഐഎസ് അതിന്റെ തലസ്ഥാനം എന്ന നിലയിലായിരുന്നു മൊസൂളിനെ കരുതിയിരുന്നത്.

യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുമായി ഐഎസ് നടത്തിയ പോരാട്ടത്തിൽ പള്ളിയും അതിന്റെ പ്രസിദ്ധമായ മിനാരവും തകർന്നിരുന്നു. 2014 മുതൽ ഐഎസിന്റെ കറുത്ത കൊടിയാണ് അൽ ഹദ്ബയിൽ ഉയർന്ന് നിന്നിരുന്നത്. യുദ്ധം സമീപ ദിവസങ്ങളിൽ തന്നെ അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറാഖി സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.