കാബുൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ 40 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ളാമിക് ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു. 40 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം ഉണ്ടായത് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിയ സാംസ്‌കാരിക കേന്ദ്രമായ തബയാനിലാണ്.

അഫ്ഗാനിലെ സോവിയറ്റ് കടന്നുകയറ്റത്തിന്റെ 38ാം വാർഷിക പരിപാടികൾ തബയാൻ കൾച്ചറൽ സന്റെറിൽ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി വാർത്താ ഏജൻസിയെ അറിയിച്ചു. പരിപാടിയിൽ മാധ്യമപ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു.

സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി താലിബാൻ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒക്ടോബറിൽ ശിയ വിഭാഗങ്ങളുടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു.