ഇറ്റാനഗർ (അരുണാചൽ): കോൺഗ്രസ്സിന്റെ പോക്കറ്റിൽ ഒറ്റയ്‌ക്കൊരു മുൻ മുഖ്യമന്ത്രിയെ ബാക്കിയിട്ട് അരുണാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ ഒന്നടങ്കം കൂറുമാറിയതോടെ പ്രതിക്കൂട്ടിലാകുന്നത് ഹൈക്കമാൻഡ്. നബാംതൂക്കിയെന്ന നേതാവിനെതിരെ ആദ്യം കലാപക്കൊടിയുയർത്തിയ കലിഖോ പുൽ മന്ത്രിസ്ഥാനം രാജിവച്ച് പിന്നീട് എൻഡിഎ പാളയത്തിലേക്ക് ചേക്കേറുകയും ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകുകയും ചെയ്ത സംസ്ഥാനത്ത് പദവി നഷ്ടപ്പെട്ട അദ്ദേഹം കഴിഞ്ഞമാസം ആത്മഹത്യചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ്സിന്റെ മേൽവിലാസംതന്നെ നഷ്ടപ്പെടുന്നവിധത്തിൽ ഭരണമാറ്റം ഉണ്ടായിരിക്കുന്നത്.

ഭരണഘടനാ പ്രശ്‌നങ്ങളും റിബൽ നീക്കങ്ങളും കൂറുമാറ്റവും ചാക്കിട്ടുപിടിത്തവും സുപ്രീംകോടതിയുടെ ഇടപെടലും ഉൾപ്പെടെ കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടയ്ക്ക് വൻ രാഷ്ട്രീയ നാടകങ്ങൾക്കും നിയമനടപടികൾക്കും സാക്ഷ്യംവഹിച്ച അരുണാചലിൽ ഇപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ നബാംതൂകി ഒഴികെ മറ്റെല്ലാവരും എൻഡിഎ പാളയത്തിലേക്ക് കാലുമാറിയതോടെ അക്ഷരാർത്ഥത്തിൽ മിണ്ടാട്ടമില്ലാതായ അവസ്ഥയിലായിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

അഴിമതിക്കാരനെന്നും സ്വജന പക്ഷപാതിയെന്നും നിരന്തരം ആരോപണം ഉയരുകയും ആദ്യഘട്ടത്തിൽ കലിഖോ പുലിന്റെയും പിന്നീട് പേമഖണ്ഡുവിന്റെയും നേതൃത്വത്തിൽ നിരവധി വിമത നീക്കങ്ങളുണ്ടാകുയും ചെയ്തിട്ടും നബാംതൂകിയെ സംരക്ഷിച്ചുപോന്ന കോൺഗ്രസ് ഹൈക്കമാൻഡിന് ഉണ്ടായ വലിയ തിരിച്ചടിയായി മാറുകയാണ് സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ മാറ്റമെന്നാണ് റിപ്പോർട്ടുകൾ.

അറുപതംഗ നിയമസഭയിൽ 45പേരുടെ മൃഗീയ അംഗബലമുണ്ടായിരുന്നിട്ടും കോൺഗ്രസിന് ഭരണമില്ലാതാക്കി മുഖ്യമന്ത്രി പേമഖണ്ഡുവും 43 എംഎൽഎമാരും ബിജെപിയുടെ സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടിയിലേക്ക് ചേരുകയായിരുന്നു. കലിഖോ പുൽ ഒഗസ്റ്റ് ഒമ്പതിന് ജീവനൊടുക്കിയതോടെ ഇനി മുൻ മുഖ്യമന്ത്രി നബാം തൂകി മാത്രമാണ് കോൺഗ്രസ് പക്ഷത്ത് ശേഷിക്കുന്നത്. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അസം ബിജെപിയുടെ ഉജ്വല വിജയത്തോടെ കൈപ്പിടിയിൽ നിന്നുപോയ കോൺഗ്രസ്സിന് ഇനി മണിപ്പൂരും മേഘാലയയും മിസോറാമും മാത്രമാണ് ഈ മേഖലയിൽ ഭരണമുള്ള സംസ്ഥാനങ്ങൾ.

ബിജെപിക്കെതിരെ ഭരണഘടനാലംഘനമുൾപ്പെടെ ആരോപണങ്ങളുന്നയിച്ച് സുപ്രീംകോടതി വിധിയുടെ ബലത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസിന് പുതിയ സർക്കാർ രണ്ടുമാസം തികയ്ക്കും മുമ്പാണ് ഇത്തരമൊരു വൻ തിരിച്ചടിയുണ്ടാകുന്നത്. പാർട്ടി പിളർന്ന് രണ്ടായെന്ന തരത്തിലുള്ള വിമതനീക്കങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു എംഎൽഎ ഒഴികെ മുഖ്യമന്ത്രിയടക്കം മറ്റൊരു പാർട്ടിയിൽ ലയിക്കുകയെന്ന സംഭവം രാജ്യത്ത് ആദ്യമാണ്.

മുഖ്യമന്ത്രി പേമ തന്റെ നേതൃത്വത്തിലുള്ള എംഎൽഎമാരെ സ്പീക്കർ ടെൻസിങ് നോർബു തോങ്‌ടോകിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. സ്പീക്കർ കൂറുമാറ്റം അംഗീകരിച്ചതോടെ വ്യക്തമായ ഭൂരിപക്ഷവുമായി, ബിജെപിയിലെ 11 അംഗങ്ങളുടെ കൂടി പിന്തുണയോടെ പീപ്പിൾസ് പാർട്ടി ഭരണപക്ഷമായി. സ്വതന്ത്രരും സർക്കാരിനൊപ്പമാണെന്നതിനാൽ ഇപ്പോൾ പ്രതിപക്ഷത്ത് കോൺഗ്രസിന്റെ നബാംതൂക്കി മാത്രം.

നബാംതൂക്കിക്കെതിരെ പോരാടി മന്ത്രിസ്ഥാനം ഉപേക്ഷിച്ച കലിഖോ പുൽ ആണ് നല്ല ഭൂരിപക്ഷവുമായി അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിനെതിരെ രണ്ടുവർഷം മുമ്പ് ആദ്യമായി കലാപക്കൊടി ഉയർത്തുന്നത്. പിന്നീട് വിമതരോടൊപ്പം ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകുകയും രണ്ടുമാസം മുമ്പ് സുപ്രീംകോടതി വിധിയോടെ അധികാരം നഷ്ടപ്പെടുകയും ചെയ്തതിനു പിന്നാലെ കഴിഞ്ഞമാസം ഔദ്യോഗിക വസതിയിൽ തൂങ്ങിമരിക്കുകയുമായിരുന്നു കലിഖോ പുൽ. ഇതേത്തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ സംസ്്ഥാനത്ത് ഉയർന്ന ജനരോഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് എംഎൽഎമാർ ഒന്നടങ്കം കൂറുമാറിയതെന്നാണ് സൂചനകൾ.

ബിജെപിയുടെ ജാരസന്തതിയാണ് പേമ ഖണ്ഡുവിന്റെ പുതിയ പീപ്പിൾസ് പാർട്ടി സർക്കാരെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വിശാല താൽപര്യം മാനിച്ചാണ് പുതിയ സർക്കാർ ഉണ്ടാക്കുന്നതെന്നാണ് പേമ ഖണ്ഡു വ്യക്തമാക്കിയിട്ടുള്ളത്.

അരുണാചലിലെ രാഷ്ട്രീയ കലാപത്തിന്റെ നാൾവഴികൾ

നിരവധി അഴിമതി ആരോപണങ്ങളുയർന്ന നബാംതൂകിക്ക് എതിരെ നീങ്ങിയ ആരോഗ്യമന്ത്രി കലിഖോ പുലിനെ 2014 ഡിസംബറിൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കോൺഗ്രസിൽ കലാപക്കൊടി ഉയരുന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ സർക്കാരിനെതിരെ പുൽ സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ചതോടെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ പുലിനെതിരെ കോൺഗ്രസ് നടപടിയെടുക്കുകയും ചെയ്തു.

ഇതിനുപിന്നാലെ കഴിഞ്ഞവർഷം ജൂൺ ഒന്നിന് ജ്യോതി പ്രസാദ് രാജ്‌ഖൊവ്വയെ കേന്ദ്രസർക്കാർ അരുണാചൽ ഗവർണറായി നിയമിച്ചതോടെ ബിജെപിയുടെ രാഷ്ട്രീയ നാടകങ്ങൾക്ക് ചുക്കാൻ പിടിക്കാനാണ് നിയമനമെന്ന ആരോപണം ഉയർന്നു. ഇതു ശരിവയ്ക്കുന്നതായിരുന്നു പിന്നീടുണ്ടായ പല നടപടികളും.

കഴിഞ്ഞ ഓക്ടോബർ 21ന് അസംബളി സെഷൻ അവസാനിച്ചതിനു പിന്നാലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കരുക്കൾ നീക്കി ഗവർണർ അസംബഌ സമ്മേളിക്കാൻ നവംബർ മൂന്നിന് ഉത്തരവിട്ടു. ഇതിനു പിന്നാലെ ഡെപ്യൂട്ടി സ്പീക്കറെ മാറ്റാൻ കോൺഗ്രസും സ്പീക്കർ മാറ്റാൻ ബിജെപി എംഎൽഎമാരും ആവശ്യമുന്നയിച്ച് രംഗത്തെത്തി.

ഇതിനിടെ കലിഖോ പുലിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ 21 റിബൽ എംഎൽഎമാർ മറുകണ്ടം ചാടാൻ ബിജെപി പിന്തുണയോടെ നീക്കം തുടങ്ങിയിരുന്നു. ഇവരിൽ 14 പേരെ അയോഗ്യരാക്കി സ്പീക്കർ നബാം റെബിയ ഡിസംബർ 15ന് നോട്ടീസ് നൽകി. ഇതു റദ്ദാക്കി ഡെപ്യൂട്ടി സ്പീക്കർ രംഗത്തുവന്നതോടെ രാഷ്ട്രീയ യുദ്ധം കൊഴുത്തു. തൂകി സർക്കാർ അസംബഌ മന്ദിരം പൂട്ടിയിട്ടു.

ഇതോടെ മറ്റൊരിടത്ത് ഡിസംബർ 16ന്് 33 എംഎൽഎമാരെ പങ്കെടുപ്പിച്ച് അസംബഌ സമ്മേളനം നടത്തി സ്പീക്കർ നബിയയെ നീക്കം ചെയ്യുന്നതായി പ്രമേയം പാസാക്കി. തൊട്ടടുത്ത ദിവസം റിബലുകൾ ഇത്തരത്തിൽ സമ്മേളിച്ച് പുലിനെ മുഖ്യമന്ത്രിയാക്കുന്നതായും തൂകിയുടെ അധികാരം ഇല്ലാതാക്കുന്നതായും വ്യക്തമാക്കി. ഇതോടെ സ്പീക്കർ റെബിയ ഹൈക്കോടതിയെ സമീപിച്ചു.

ഇക്കൊല്ലം ജനുവരി അഞ്ചിന് 14 കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കുന്നതായി ഹൈക്കോടതി പ്രഖ്യാപിച്ചു. വിഷയം സുപ്രീംകോടതിയിലുമെത്തി. ജനുവരി 18വരെ അസംബഌ ചേരരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

ഈ ഘട്ടത്തിൽ ഗവർണർ ഇടപെടുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു. ഫെബ്രുവരി 19ന് അരുണാചൽ അസംബഌയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള കോൺഗ്രസിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. ഇതിനു പിന്നാലെ പുലിന്റെ നേതൃത്വത്തിൽ ബിജെപി പിന്തുണയോടെ പുതിയ സർക്കാർ അന്ന് അരുണാചലിൽ അധികാരമേറ്റു.

പക്ഷേ, ഗവർണർ അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതികളിൽ വാദംകേട്ട സുപ്രീംകോടതി സംസ്ഥാനത്ത് ഭരണഘടനാ ലംഘനം നടക്കുന്നതായി കണ്ടെത്തി. മാത്രമല്ല കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ ജൂലായ് 13ന് ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് പുലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽനിന്നിങ്ങുന്നതിനും തൂകി വീണ്ടും മുഖ്യമന്ത്രിയാകുന്നതിനും അവസരമൊരുങ്ങിയത്. എന്നാൽ അപ്പോഴും കോൺഗ്രസിനകത്ത് വിമത കലാപം പുകയുന്നുണ്ടായിരുന്നു. ഇതിന് അറുതിവരുത്താൻ ഉണ്ടാക്കിയ ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായാണ് കഴിഞ്ഞ ജൂലാട് 17ന് തൂകിക്കു പകരം പേമ ഖണ്ഡു മുഖ്യമന്ത്രിയായത്.

കലിഖോ പുലിന്റെ ആത്മഹത്യ സ്ഥിതിഗതികൾ മാറ്റിമറിച്ചുവോ?

തൂകിക്കെതിരെ കലാപമുയർത്തി മുഖ്യമന്ത്രിയായ കലിഖോ പുൽ അധികാരം നഷ്ടപ്പെട്ടതോടെ നിരാശനാകുകയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ട ഘട്ടമെത്തിയപ്പോൾ ഓഗസ്റ്റ് ഒമ്പതിന് ജീവനൊടുക്കുകയുമായിരുന്നു. കോൺ്്ഗ്രസ് അണികൾക്കിടയിൽ വൻ പിന്തുണയുണ്ടായിരുന്ന കലിഖോ പുലിന്റെ മരണത്തോടെ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ വൻ കലാപം പാർട്ടിയിൽ ഉയർന്നുവന്നിരുന്നതായാണ് സൂചനകൾ. ഇതോടെയാണ് പേമ ഖണ്ഡുവിനും കൂട്ടർക്കും കോൺഗ്രസ് വിടേണ്ടിവന്നതെന്നും തൂകിയെ കൂടെ കൂട്ടാതെ മറ്റെല്ലാവരും പീപ്പിൾ്‌സ് പാർട്ടിയിലേക്ക് ചേക്കേറിയതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

സംസ്ഥാനത്തെ മലീമസമായ രാഷ്ട്രീയത്തിന്റെ ഇരയായി മാറുകയായിരുന്നു പുൽ എന്നാണ് വിലയിരുത്തപ്പെട്ടത്. അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതും ഈ വൃത്തികെട്ട വ്യവസ്ഥിതികളാണെന്ന പ്രചാരണം ശക്തമായതോടെ കോൺഗ്രസിന്റെ മേൽവിലാസത്തിൽ ഇനി നിലനിൽപില്ലെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു ഉൾപ്പെടെ തിരിച്ചറിയുകയായിരുന്നു.

പുലിന്റെ മരണത്തിൽ അന്വേഷണം നടന്നുവരവെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചുവടുമാറ്റം ഉണ്ടായിരിക്കുന്നത്. സത്യസന്ധനും ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവനുമെന്ന കീർത്തി നേടിയ കലിഖോ പുലിന്റെ ആത്മഹത്യയോടെ വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്നു. മുതിർന്ന നേതാവിന് ആത്മഹത്യ ചെയ്യേണ്ട ദുരവസ്ഥയിലേക്ക് എത്തിച്ചത് ഹൈക്കമാൻഡ് ആണെന്ന ആക്ഷേപമാണ് എങ്ങും ഉയരുന്നത്. ഇതുതന്നെയാണ് പേമ ഖണ്ഡുവിനും കൂട്ടർക്കും കോൺഗ്രസ് വിടാൻ പ്രേരണയായതെന്നാണ് വിലയിരുത്തൽ.

എന്തായാലും നബാം തൂകിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന കലിഖോ പുലിന്റെ രണ്ടുവർഷം മുമ്പത്തെ ആവശ്യം അംഗീകരിക്കാതെ അദ്ദേഹത്തെ സംരക്ഷിച്ചു നിന്ന കോൺഗ്രസ് നേതൃത്വത്തിന് പുൽ തന്റെ ആത്മഹത്യയിലൂടെ മറുപടി നൽകിയപ്പോൾ സംസ്ഥാനത്ത് ഇപ്പോൾ നബാംതൂകിയെ മാത്രം കോൺഗ്രസിനൊപ്പം നിർത്തി, ജനവികാരം മാനിച്ച് പേമ ഖണ്ഡു പുതിയ പാർട്ടിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.