കണ്ണൂർ: പുതിയ വിമാനത്താവളത്തിനായുള്ള കാത്തിരിപ്പിലാണ് കേരളം. രാജ്യത്തെ ഏറ്റവും മുന്തിയ സൗകര്യങ്ങളോടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. എന്നാൽ രാഷ്ട്രീയ സംഘർഷങ്ങളുടെ ചോരക്കളമായ കണ്ണൂരിൽ വിമാനത്താവളം തുറക്കുന്നതും കാത്ത് ജില്ലയിൽ ഒരു വൻ ക്രിമിനൽ സംഘം തന്നെ കാത്തിരിപ്പുണ്ടെന്നാണ് സൂചന. കണ്ണൂരിനെ കേരളത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറ്റാനാണ് ഈ സംഘങ്ങളുടെ നീക്കം. രാഷ്ട്രീയ കുറ്റവാളികൾ മുതൽ ഹവാലാ ഇടപാടുകാർ വരെ കണ്ണൂർ വിമാനത്താവളത്തെ തങ്ങളുടെ വിഹാര കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.

കണ്ണൂർ വിമാനത്താവളം വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക ഇടപാടുകൾ മുന്നിൽക്കണ്ട് ഇത്തരം സംഘങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞുവെന്നാണു പൊലീസിനു ലഭിക്കുന്ന സൂചനകൾ. കണ്ണൂരിലെ സ്ഥിരം രാഷ്ട്രീയ കുറ്റവാളികൾക്കൊപ്പം കാസർകോട്ടെ സ്വർണക്കടത്ത് സംഘങ്ങൾ, കോഴിക്കോട്ടെ ഹവാല, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ലഹരിമരുന്നു സംഘങ്ങൾ കൂടി ചേരുന്നതോടെ കേരളത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഹബ് എന്ന പദവി കൊച്ചിയിൽ നിന്നു ക്രമേണ കണ്ണൂരിലേക്കു മാറുമെന്നാണ് ആശങ്ക. വിമാനത്താവളം ജില്ലയുടെ വികസനവഴിയിൽ അനുകൂല ചലനങ്ങളുണ്ടാക്കുമ്പോൾ ക്രമസമാധാനരംഗത്തു വലിയ തലവേദനയുണ്ടാക്കും.

ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കായി പാർട്ടി നേതാക്കൾ തങ്ങളുടെ കളിപ്പാവകളായി ഉപയോഗിച്ചിരുന്ന ക്രിമിനലുകൾ ഇപ്പോൾ പാർട്ടി നേതാക്കളുടെ കൈപ്പടിയിൽ ഒതുങ്ങാത്ത അവസ്ഥലിയാണ്. ഇവർ കൂടുതൽ വരുമാനം കണ്ടെത്താൻ കണ്ണൂർ വിമാനത്താവളത്തെ ഒരു ഉപാധിയാക്കി മാറ്റുമെന്നാണ് അന്വേഷണങ്ങൾ വ്യക്തമാക്കുന്നത്. അങ്ങനെ ആണെങ്കിൽ സാമ്പത്തിക ക്രമക്കേടുകളുടേയും ആക്രമണങ്ങളുടേയും പിടിച്ചു പറയിടേയും കേന്ദ്രമാക്കി ഇവർ കണ്ണൂർ വിമാനത്താവളത്തെ മാറ്റിയേക്കും.

കൂടുതൽ വരുമാനം കണ്ടെത്താൻ ഭീഷണിപ്പെടുത്തിയുള്ള സാമ്പത്തിക ഇടപാടുകൾ, കവർച്ച, പിടിച്ചുപറി, ക്വട്ടേഷൻ അടക്കമുള്ള മേഖലയിലേക്കു ജില്ലയിലെ സ്ഥിരം രാഷ്ട്രീയ കുറ്റവാളിസംഘങ്ങൾ പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. കേസ് അന്വേഷണമുണ്ടാകുന്ന സമയത്ത് എളുപ്പത്തിൽ രക്ഷപ്പെടാനുള്ള മറയായി പാർട്ടിബന്ധവുമുണ്ടെന്നതും ഇവർക്ക് പിൻബലമാകുന്നു.

തലശ്ശേരി മുതൽ വളപട്ടണം വരെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിലെ ലഹരിമരുന്ന് റാക്കറ്റുകളും പ്രവർത്തിക്കുന്നുണ്ട്. വിദേശരാജ്യങ്ങൾക്കു പുറമെ ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ലഹരിവസ്തുക്കളും ജില്ലയിലെത്തുന്നുണ്ട്. ഈ ലഹരിമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണികളെല്ലാം തന്നെ മുൻപു രാഷ്ട്രീയ സംഘർഷക്കേസുകളിൽ വിവിധ പാർട്ടികൾക്കു വേണ്ടി പ്രതികളായവരാണ്. ചാലാട്ട് ആർഎസ്എസുകാരെ ആക്രമിച്ച കേസിലെ പ്രതി ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് വിൽക്കുന്നതു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

ഹവാലക്കടത്തുകാരെ കൊള്ളയടിച്ചു 2 വർഷത്തിനിടെ കോടികളാണു ജില്ലയിലെ ഗുണ്ടാസംഘം തട്ടിയത്. 'ഹുണ്ടി പൊട്ടിക്കൽ' എന്നാണ് ഹവാലക്കൊള്ളയ്ക്കു പറയുന്ന പേര്. മുൻപു ഹവാല റാക്കറ്റിൽ പ്രവർത്തിച്ചിരുന്നവർ വഴി ഹവാലക്കടത്ത് സംഘങ്ങളുടെ കൃത്യമായ നീക്കങ്ങളറിയും. പണവുമായി വരുന്നസമയത്തു വണ്ടി തടഞ്ഞു നിർത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. ഹവാല സംഘങ്ങൾ പൊലീസിൽ പരാതിപ്പെടാൻ തയാറല്ലാത്തതിനാൽ കേസുണ്ടാകാറില്ല. ഒരൊറ്റ കവർച്ചയിൽ ലക്ഷങ്ങളാണു കിട്ടുന്നത്. സാധാരണ കുടുംബത്തിൽ വളർന്ന പലരും ചുരുങ്ങിയ സമയം കൊണ്ടു ലക്ഷപ്രഭുക്കളായി മാറി. തില്ലങ്കേരിയിലെ ഉളിക്കലാണ് ഇത്തരം ആക്രമണങ്ങൾക്കായി സ്ഥിരം തിരഞ്ഞെടുക്കുന്ന പ്രദേശം.

കർണാടക, വടകര എന്നിവിടങ്ങളിൽ നിന്നെത്തുന്ന പണം തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, കണ്ണൂർ എന്നിവിടങ്ങളിലേക്കു വഴി തിരിച്ചുവിടുന്നത് ഉളിക്കലിൽ നിന്നാണ്.മറ്റേതു സ്ഥലത്തേക്കാളും ഓപ്പറേഷൻ വിജയിക്കാൻ സാധ്യത കൂടുതലുള്ള സ്ഥലം എന്ന നിലയിലാണ് സംഘങ്ങൾ ഉളിക്കൽ തിരഞ്ഞെടുക്കുന്നത്. ചക്കരക്കൽ, കൂത്തുപറമ്പ്, വളപട്ടണം, മാട്ടൂൽ, കൂത്തുപറമ്പ്, ഇരിക്കൂർ എന്നിവിടങ്ങളിലായി ഇതിനായി സ്ഥിരം സംഘങ്ങളുണ്ടെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കോഴിക്കടത്ത്, പൂഴിക്കടത്ത് എന്നീ മേഖലകളിൽ മാഹി, പന്തക്കൽ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘങ്ങളും സജീവമാണ്. ഇതിനു പുറമെ കുന്നിടിക്കൽ, വയൽനികത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള എസ്‌കോർട്ട് ടീമായി പ്രവർത്തിക്കുന്നുമുണ്ട്. അനധികൃതമായി കുന്നിടിക്കുന്ന മേഖലകളിൽ നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശല്യമുണ്ടാകാതിരിക്കാനാണ് എസ്‌കോർട്ട് പ്രവർത്തനം.

ഒരിക്കൽ ജയിലിൽ കഴിഞ്ഞ രാഷ്ട്രീയ കുറ്റവാളികൾക്കു പിന്നീടു നാട്ടിലേക്കു തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയുണ്ട്. എതിർപാർട്ടിയുടെ വധഭീഷണി തന്നെ പ്രധാന കാരണം. ഇത്തരക്കാർക്കുള്ള അഭയകേന്ദ്രമാണു ഗുണ്ടാസംഘങ്ങൾ. കവർച്ച, പിടിച്ചുപറി മുതൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾ വരെ ഇത്തരം സംഘങ്ങൾ ഏറ്റെടുക്കുന്നുണ്ട്.

അയൽജില്ലകളിലെ വൻകിട ബിസിനസുകാർ തമ്മിലുള്ള പണമിടപാട് പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കലാണു സംഘത്തിന്റെ പ്രധാന വരുമാനം. പ്രവാസികൾക്കു വിദേശത്തു വച്ചുണ്ടാകുന്ന ബിസിനസ് നഷ്ടങ്ങൾ എതിർകക്ഷിയെ ഭീഷണിപ്പെടുത്തിയും മർദിച്ചും തീർത്തുകൊടുക്കാനും സംഘങ്ങളുണ്ട്. വൻകിട ബിസിനസുകാരുടെ സുരക്ഷാസേനയായും ചിലർ പ്രവർത്തിക്കുന്നു.

വിമാനത്താവളം പൂർണസജ്ജമാകുന്നതു കൂടി കണ്ടുകൊണ്ടാണ് ആഭ്യന്തര വകുപ്പ് ജില്ലയിലെ പൊലീസ് ആസ്ഥാനത്തെ സിറ്റി, റൂറൽ എന്നിങ്ങനെ അടിയന്തരമായി വിഭജിച്ച് ഉത്തരവിറക്കിയത്. നിലവിൽ ജില്ലാ പൊലീസ് ആസ്ഥാനം അടക്കമുള്ള പ്രധാന പൊലീസ് ഓഫിസുകളെല്ലാം കണ്ണൂർ നഗരത്തിലാണ്. ജില്ലയുടെ വലുപ്പം വളരെ കൂടുതലായതിനാൽ പാനൂർ, ചൊക്ലി മേഖലയിലും ഇരിട്ടി മലയോര മേഖലകളിലും പൊലീസ് റെയ്‌ഡോ സുരക്ഷാ പരിശോധനയോ കാര്യക്ഷമമാകാറില്ല.