- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം കടുത്ത നിയന്ത്രണത്തിലേക്കോ?; സർവകക്ഷി യോഗം നാളെ; വരും ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമെന്ന് സൂചന; ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളിൽ സർക്കാരിനു പിന്തുണയുമായി പ്രതിപക്ഷവും
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്കെന്ന് സൂചന. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണം സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുന്നതിന് സർവ്വകക്ഷിയോഗം നാളെ നടക്കും.കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തിങ്കളാഴ്ച നടക്കുന്ന സർവകക്ഷി യോഗം ചർച്ച ചെയ്യും.
ലോക്ഡൗൺ ഇല്ലാതെ തന്നെ നിയന്ത്രണങ്ങൾ വേണമെന്നതിൽ സിപിഎമ്മിനും ഇടതു മുന്നണിക്കും എതിരഭിപ്രായമില്ല. ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളിൽ സർക്കാരിനു പിന്തുണയുണ്ടെന്നു പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ട്. ഫല പ്രഖ്യാപന ദിവസം വലിയ ആഘോഷം വേണ്ടെന്ന നിലപാടാകും സർവകക്ഷി യോഗത്തിൽ യുഡിഎഫ് സ്വീകരിക്കുക. ലോക്ഡൗണിനോട് ബിജെപിയും യോജിക്കില്ല.
ശനിയും ഞായറും നടപ്പാക്കിയതു പോലുള്ള നിയന്ത്രണം വോട്ടെണ്ണൽ വരെയോ അതുകഴിഞ്ഞ് ഒരാഴ്ച കൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. അതു നടപ്പാക്കിയാൽ വ്യാപാര, തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പൊലീസ് ഇടപെടലുകളിലും വ്യാപാരികൾ ഇപ്പോൾത്തന്നെ എതിർപ്പുയർത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന പ്രോട്ടോകോൾ നടപ്പാക്കി വോട്ടെണ്ണൽ നടത്തി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ