തിരുവനന്തപുരം: പ്രമുഖ ബിൽഡർമാരായ ഹീരയ്ക്കും എസ്‌ഐ ഹോംസിനും പിന്നാലെ ന്യൂക്ലിയസ് പ്രോപ്പർട്ടീസിന് എതിരെയും ഉയരുന്നത് ഗുരുതരമായ പരാതികൾ. ന്യൂക്ലിയസ് പ്രോപ്പർട്ടീസിന്റെ വില്ലകളുടെ കോട്ടയം പ്രൊജക്റ്റിനെ കുറിച്ചാണ് പരാതി ഉയരുന്നത്. കോട്ടയം ദേവലോകം അരമനയ്ക്ക് സമീപമുള്ള ന്യൂക്ലിയസ് പ്രോപ്പർട്ടീസിന്റെ വില്ല പ്രോജക്ടിറ്റിനു എതിരെയാണ് പരാതി ഉയരുന്നത്. 2014ൽ തുടങ്ങിയ പ്രോജക്ട് 2018 കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. മൂന്നേക്കറോളം സ്ഥലത്തുള്ള 75 ശതമാനവും പണി പൂർത്തിയാക്കിയ വില്ലകളുടെ നിലവിലെ ജോലികൾ അനിശ്ചിതാവസ്ഥയിലാണ്. ഇതാണ് പരാതിക്കിടയാക്കുന്നത്.

കേരളത്തിലെ പ്രമുഖരായ ബിൽഡേഴ്സ് ആണ് ന്യൂക്ലിയർ പ്രോപ്പർട്ടി. കേരളത്തിലെ വിവിധ ജില്ലകളിൽ ഇവരുടെ പ്രോജക്റ്റുകൾ നടക്കുന്നുണ്ട്. കോഴിക്കോടും കൊച്ചിയിലും പുതിയ പ്രോജക്റ്റുകൾ ഇവർ അനൗൺസ് ചെയ്തിട്ടുമുണ്ട്. ഇതിന്നിടയിലാണ് കോട്ടയത്തെ വില്ലകളുടെ കാര്യത്തിൽ ന്യൂക്ലിയസ് മൗനം പാലിക്കുന്നത്. റീ-ഷെഡ്യുൾ ചെയ്ത് ഉടൻ മെയിൽ അയയ്ക്കാം എന്നാണ്് വില്ലാ ഉടമകളോട് ന്യൂക്ലിയസ് പറഞ്ഞിട്ടുള്ളത്. പക്ഷെ ഒരു മെയിൽ ഇതുവരെയും കമ്പനിയുടെ ഭാഗത്ത് നിന്ന് വന്നിട്ടുമില്ല. ഇതോടെയാണ് ആശങ്കകൾ ശക്തി പ്രാപിച്ചു തുടങ്ങിയത്. സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസ്, മതിലുകൾ, ട്രാൻസ്ഫോർമർ, സീവേജ് ലൈനുകൾ ഒന്നിന്റെയും പണികൾ ആരംഭിച്ചിട്ടില്ല.

വില്ലകൾക്ക് മാത്രമല്ല കോമൺ ഫെസിലിറ്റിക്ക് കൂടി വില്ലാ ഉടമകൾ പണം മുടക്കിയിട്ടുണ്ട്. ഈ കാര്യത്തിലും വില്ലാ ഉടമകളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. വില്ലകൾക്കുള്ള പണവും ഏതാണ്ട് മുക്കാൽ പങ്കും വില്ലാ ഉടമകൾ നൽകികഴിഞ്ഞിട്ടുണ്ട്. എന്നിട്ടും പണി പൂർത്തിയാകാത്തതിലാണ് പ്രതിഷേധം ഉയരുന്നത്. പല വില്ലകളുടെയും അവസ്ഥ പല രീതിയിലാണ്. ചിലതിന്റെ പണികൾ നല്ല രീതിയിൽ മുന്നോട്ടു പോയപ്പോൾ ചില വില്ലകൾ ബാലാരിഷ്ടതകളിൽ തുടരുകയാണ്. ഒരു കോടിക്കും മുകളിൽ ഉള്ള വില്ലകൾ ഉൾപ്പെടുന്നതാണ് വില്ലാ സമുച്ചയം.

2014-ൽ തുടങ്ങിയ പ്രോജക്ട് ആണ് 2018 ലും പൂർത്തിയാക്കാതെ കിടക്കുന്നത്. 30 ലേറെ വില്ലകൾ ഉള്ള വലിയ പ്രോജെക്ട് ആണിത്. വെറും 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കും എന്ന് പറഞ്ഞു തുടങ്ങിയ പ്രോജക്ടിനാണ് ഈ ദുർവിധി. 2019 ആരംഭിക്കാനിരിക്കെ ഈ പ്രോജെക്ട് എന്ന് ഉടമകൾക്ക് കൈമാറും എന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകാൻ ന്യൂക്ലിയസ് ഉടമകൾക്ക് കഴിയുന്നുമില്ല. പണത്തിന്റെ ഞെരുക്കമുണ്ടെന്നുള്ള സൂചനകൾ ന്യൂക്ലിയസ് നൽകികഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ പുതിയ പ്രോജക്ടുകൾക്ക് ന്യൂക്ലിയസ് ഗൾഫിൽ നിന്ന് ധനസമാഹരണം നടത്തുന്നതിന്റെ തിരക്കിലാണെന്നാണ് വില്ലാ ഉടമകൾ ആരോപിക്കുന്നത്.

വില്ല പ്രൊജക്ടിൽ ന്യൂക്ലിയസിനെ വിശ്വസിച്ച് ഒരു കോടി മുപ്പത് ലക്ഷത്തിന്റെ വില്ല ബുക്ക് ചെയ്ത ക്രിസ്റ്റഫർ ഒരു കോടി എട്ടു ലക്ഷം രൂപ ഇതുവരെ നൽകിയെങ്കിലും പ്ലാസ്റ്ററിനു ശേഷം ഒരു ജോലിയും ന്യൂക്ലിയസ് പൂർത്തീകരിച്ചിട്ടില്ല. പ്ലാസ്റ്ററിങ് കഴിഞ്ഞിട്ട് തന്നെ രണ്ടു വർഷങ്ങൾ ആവുകയും ചെയ്തു. മറ്റു വില്ലാ ഉടമകൾക്ക് നൽകിയത് പോലെ വില്ല ക്രിസ്റ്റഫറിന് രജിസ്റ്റർ ചെയ്ത് നൽകാൻ പോലും ഇതുവരെ ന്യൂക്ലിയസ് തയ്യാറായിട്ടില്ല. പക്ഷെ ഒരു കോടി എട്ടു ലക്ഷം രൂപ ക്രിസ്റ്റഫർ നൽകിയിട്ടും വില്ല ഒന്നുമാകാത്ത അവസ്ഥയിലാണ്. വില്ല രജിസ്റ്റർ ചെയ്ത് നൽകാത്തതിന്റെ പേരിൽ ഒടുവിൽ തുക തിരികെ നൽകാം എന്ന് ക്രിസ്റ്റഫറിനോട് പറഞ്ഞെങ്കിലും അതിനും ന്യൂക്ലിയസ് തയ്യാറായിട്ടില്ല.

ക്രിസ്റ്റഫറിന് മാത്രമല്ല മറ്റു പലർക്കും ഇനിയും വില്ല രജിസ്റ്റർ ചെയ്ത് നൽകാനുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മറ്റൊരു വില്ല പ്ലാസ്റ്ററിംഗിന് ശേഷം പൊളിച്ചു കളയാൻ ഉള്ള ഒരുക്കത്തിലാണ്. ഗൾഫിലുള്ള ഒരാളുടെ വില്ലയ്ക്കാണ് ഈ ദുർവിധി. ആദ്യം തന്നെ കൺസ്ട്രക്ഷൻ കാര്യത്തിലുള്ള പരാതികൾ ന്യൂക്ലിയസ് അധികൃതരെ ഇദ്ദേഹം അറിയിച്ചതാണ്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചാണ് നിർമ്മിതി എന്ന കാര്യം അറിയിച്ചപ്പോൾ അതിനോട് പ്രതികരിക്കാൻ വില്ല അധികൃതർ തയ്യാറായില്ല. പക്ഷെ പ്ലാസ്റ്ററിങ് കഴിഞ്ഞപ്പോൾ വില്ല ചാഞ്ഞു തുടങ്ങി. പൈലിംഗിനിടയിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ആണ് വില്ല ചായുന്നതിൽ എത്തിയത്. ഇപ്പോൾ വില്ല പൊളിക്കാൻ ന്യൂക്ലിയസ് തന്നെ ഒരുങ്ങുകയാണ്. പണം തിരികെ നൽകാനാണ് വില്ല ബുക്ക് ചെയ്തയാൾ ആവശ്യപ്പെട്ടത്. പക്ഷെ ഇതുവരെ അതിനുള്ള ഒരുക്കങ്ങൾ ഒന്നും തന്നെ ന്യൂക്ലിയസിന്റെ ഭാഗത്ത് നിന്ന് വരുന്നില്ലെന്നാണ് ഈ വില്ലയുടെ ഉടമ മറുനാടനോട് പറഞ്ഞത്.

വില്ല ബുക്ക് ചെയ്ത മറ്റുള്ള വില്ല ഉടമകളും വില്ല കൈമാറാത്തതിൽ ആശങ്കാകുലരാണ്. വില്ലയുടെ ജോലികൾ മുന്നോട്ട് നീങ്ങവേ സ്ഥലം ഉടമയും ന്യൂക്ലിയസ് പ്രോപ്പർട്ടിയും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു. ആ തർക്കത്തിന് ഇപ്പോഴും പരിസമാപ്തിയായിട്ടുമില്ല. അതിനാൽ തന്നെയാണ് ക്രിസ്റ്റഫർ അടക്കമുള്ള ചിലർക്ക് വില്ല രജിസ്റ്റർ ചെയ്ത് നൽകാൻ ന്യൂക്ലിയസിനു കഴിയാതിരുന്നത്. പക്ഷെ പണം മടക്കി നൽകാനും ന്യൂക്ലിയസ് തയ്യാറല്ല. ഇവിടെയാണ് വില്ല ഉടമകളും ന്യൂക്ലിയസും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. നോട്ടു നിരോധനം, പ്രളയം എന്നിവയാണ് വില്ല വൈകാൻ ന്യൂക്ലിയസ് മുന്നോട്ട് വയ്ക്കുന്ന കാരണങ്ങളിൽ ചിലത്.

കോട്ടയത്തെ വില്ലാ ജോലികൾ നിർത്തിയിട്ടില്ല. പണികൾ നടന്നുവരുന്നുണ്ട്. നിർത്തിവെച്ചിട്ടില്ലാ എന്നാണ് ന്യൂക്ലിയസ് മറുനാടനോട് പ്രതികരിച്ചത്. പക്ഷെ വില്ലകൾ എന്ന് കംപ്ലീറ്റ് ചെയ്യും എന്ന കാര്യത്തിൽ വിശദാശങ്ങൾ നൽകാൻ കമ്പനി തയ്യാറുമല്ല. പ്രോജക്ട് വൈകുമ്പോൾ പിഴ കൂടി ന്യൂക്ലിയസ് ഉടമകൾക്ക് നൽകേണ്ടതുണ്ട്. ഈ കാര്യത്തിലും ന്യൂക്ലിയസ് മൗനം പാലിക്കുകയാണ്. പ്രമുഖരായ ബിൽഡേഴ്‌സ് കേരളത്തിൽ തകർന്നടിയുന്നത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് തുടക്കമിടുകയാണ്. കയ്യിലുള്ള പണം മുഴുവൻ മുടക്കിയും ലോൺ എടുത്തുമാണ് ബിൽഡേഴ്സിന് വില്ലാ ഉടമകളും ഫ്‌ളാറ്റ് ഉടമകളും പണം നൽകുന്നത്. ഇത്തരം പണം വെള്ളത്തിൽ വരച്ച വര പോലെയാകുമോ എന്നാണ് സംശയം ഉയരുന്നത്.