- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീച്ചാർജ് ചെയ്ത് തിരിച്ചെത്തിയിട്ടും ആവേശമാകുന്നില്ല; പ്രസ്താവനകൾ തിരിച്ചുകുത്തുന്നു; രാഹുൽ ഗാന്ധിയെക്കൊണ്ട് കോൺഗ്രസ്സിന് ഒരു പ്രയോജനവും ഉണ്ടാവുകയില്ലേ?
ന്യൂഡൽഹി: വിദേശത്ത് രണ്ടുമാസത്തോളം അജ്ഞാതവാസം നയിച്ച് റീച്ചാർജ് ചെയ്തുവന്നിട്ടും രാഹുൽ ഗാന്ധി ആവേശമായി മാറുന്നില്ലല്ലോ എന്ന ആശങ്കയിലാണ് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർ. അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണവുമായി സജീവമായെങ്കിലും ഇപ്പോൾ കാര്യങ്ങൾ പഴയപടിയായെന്ന് അവർ വേവലാതിപ്പെടുന

ന്യൂഡൽഹി: വിദേശത്ത് രണ്ടുമാസത്തോളം അജ്ഞാതവാസം നയിച്ച് റീച്ചാർജ് ചെയ്തുവന്നിട്ടും രാഹുൽ ഗാന്ധി ആവേശമായി മാറുന്നില്ലല്ലോ എന്ന ആശങ്കയിലാണ് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർ. അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണവുമായി സജീവമായെങ്കിലും ഇപ്പോൾ കാര്യങ്ങൾ പഴയപടിയായെന്ന് അവർ വേവലാതിപ്പെടുന്നു.
മോദിയ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ പലതും തിരിഞ്ഞുകുത്തുന്നുവെന്നതാണ് രാഹുലിനെ വിഷമവൃത്തത്തിലാക്കുന്നത്. മോദിയെ കോർപറേറ്റ് ദാസനായും കർഷക വിരോധിയായും ചിത്രീകരിക്കുകയും അദ്ദേഹത്തിന്റെ വിദേശ യാത്രകളെ പരിഹസിക്കുകയും ചെയ്ത രാഹുലിന് അതേ നാണയത്തിൽത്തന്നെ മറുപടി ലഭിക്കുകയും ചെയ്യുന്നു.
മോദിയുടെ വിദേശയാത്രകൾക്കെതിരെ രാഹുൽ നടത്തിയ പരാമർശങ്ങളെ കണക്കിന് പരിഹസിച്ച പാർലമെന്ററി കാര്യമന്ത്രി വെങ്കയ്ക്ക നായിഡു, പ്രധാനമന്ത്രിയുടെ യാത്രകൾ രാജ്യത്തിന്റെ ഔദ്യോഗിക കാര്യമാണെന്നും രഹസ്യ യാത്രകളകല്ലെന്നും പറഞ്ഞു. രാഹുലിന്റെ അജ്ഞാതവാസത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു നായിഡുവിന്റെ ഈ പരിഹാസം.
സർക്കാരിനെതിരായ പ്രചാരണപ്രവർത്തനങ്ങൾ വിജയിക്കുന്നില്ലെന്നതുമാത്രമല്ല കോൺഗ്രസ് നേതൃത്വത്തെ വിഷമിപ്പിക്കുന്നത്. പാർട്ടിയെ നേർവഴിക്ക് നയിക്കുന്നതിലും രാഹുൽ പരാജയമാകുന്നു. അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ രാഹുൽ പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, പാർട്ടി കാര്യങ്ങളിൽപ്പോലും രാഹുൽ ശ്രദ്ധാലുവല്ല.
അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മറ്റിയിലും സംസ്ഥാന കമ്മറ്റികളിലും അഴിച്ചുപണി നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഇതേവരെ നടപ്പായിട്ടില്ല. പാർട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കാനുള്ള പ്രചാരണപരിപാടികളും കാര്യമായ വിജയം കൈവരിച്ചിട്ടില്ല. പാർട്ടിയിലെ ഗ്രൂപ്പുവഴക്കുകളും അസ്വാരസ്യങ്ങളും മുമ്പെന്നത്തേക്കാളും ശക്തിപ്രാപിക്കുകയും ചെയ്തു. ഇതെല്ലാം രാഹുലിന്റെ കഴിവുകേടുകളായാണ് ഒരുവിഭാഗം നേതാക്കൾ കാണുന്നത്.
അംഗത്വവിതരണം കാര്യമായ മുന്നേറ്റമുണ്ടാക്കതിനെത്തുടർന്ന് അതിന്റെ കാലാവധി ജൂൺ 15-ലേക്ക് നീട്ടിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയ്ക്ക് അതുവീണ്ടും നീണ്ടുപോയാലും അതിശയിക്കാനില്ല. അങ്ങനെ സംഭവിച്ചാൽ, സെപ്റ്റംബർ ഒടുവിൽ നടക്കേണ്ട പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പും നീണ്ടുപോകും. സോണിയാ ഗാന്ധിയിൽനിന്ന് പാർട്ടിയുടെ നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കുന്നത് വൈകുകയും ചെയ്യും.
മോദി സർക്കാരിനെതിരായ പ്രചാരണങ്ങൾ നയിക്കുകയും അതേസമയം തന്നെ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ പ്രതിഛായ വീണ്ടെടുക്കുകയും ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് രാഹുലിന് മുന്നിലുള്ളത്. പാർട്ടി തീർത്തും നിഷ്പ്രഭമായ ഉത്തർപ്രദേശിലും ബിഹാറിലുമൊക്കെ കോൺഗ്രസ്സിനെ തിരിച്ചുകൊണ്ടുവരികയെന്നത് ചെറിയ കാര്യമല്ല. പശ്ചിമ ബംഗാളിൽ തൃണമൂലും പഞ്ചാബിൽ അകാലി-ബിജെപി സഖ്യവും കോൺഗ്രസ്സിനെ മൂലയ്ക്കിരുത്തിക്കഴിഞ്ഞു. ഇതൊക്കെയാണ് രാഹുലിലുള്ള പ്രതീക്ഷകൾ വലിയൊരു വിഭാഗത്തിന് നഷ്ടമാക്കാൻ ഇടയായത്.

