കണ്ണൂർ: കണ്ണൂരിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് ചേരാൻ നാടുവിട്ടവരുടെ ലക്ഷ്യം സിറിയ തന്നെ. ഇവർ രാജ്യം വിട്ട് യു.എ.ഇ യിൽ തങ്ങിയ ശേഷം സിറിയയിലേക്ക് കടക്കാനാണ് പദ്ധതിയെന്നാണ് വിവരം. എന്നാൽ പഴയതു പോലെ സിറിയിലേക്ക് കടക്കാൻ എളുപ്പമല്ലാത്ത സാഹചര്യത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ ഇവർക്കിനിയും കഴിഞ്ഞിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.പത്ത് പേരടങ്ങിയ കുടുംബങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് കടക്കാൻ നാടുവിട്ടത്. പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കൾ, മറ്റൊരു കുടുംബമായ അൻവർ, ഭാര്യ അഫ്‌സീല, ഇവരുടെ മൂന്ന് മക്കൾ, കുറുവയിലെ ടി.പി. നിസാം എന്നിവരാണ് ഇക്കഴിഞ്ഞ നവംബർ 20 ന് നാടുവിട്ടത്. മൈസൂരിലേക്കെന്ന് പറഞ്ഞാണ് ഇവരെല്ലാം വീട്ടിൽ നിന്ന് ഇറങ്ങിയത്. തിരിച്ച് വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ യു.എ.ഇ.യിലേക്ക് കടന്നതായും അവിടെ നിന്ന് മുങ്ങിയതുമായാണ് വിവരം. ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി നേരത്തെ ബന്ധപ്പെട്ടവരുമായി അടുപ്പമുണ്ടായിരുന്നു.

പാപ്പിനിശ്ശേരിയിൽ നിന്ന് ഐഎസിലേക്ക് കടന്ന് നേരത്തെ സിറിയയിൽ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് ഇപ്പോൾ കാണാതായ അഫ്‌സീല. ഇവർ ഭർത്താവ് അൻവറിനും മക്കൾക്കുമൊപ്പമാണ് രാജ്യം വിട്ടത്. ഷമീറിന്റെ മക്കളും അവിടെ വെച്ച് കൊല്ലപ്പെട്ടതായാണ് വിവരം. ഈ വിവരത്തിന് ശേഷം ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള വിശുദ്ധ യുദ്ധത്തിൽ അണി ചേരണമെന്ന വിശ്വാസത്തോടെയാണ് ഇവരും അതേ മാർഗ്ഗം സ്വീകരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ട ഷമീറിന്റെ അടുത്ത സുഹൃത്താണ് സജ്ജാദ്. കുടക് സ്വദേശിനിയെ വിവാഹം കഴിച്ച സജ്ജാദ് അവരെ മതം മാറ്റി ഷാഹിനയെന്ന പേര് സ്വീകരിച്ചാണ് വിവാഹം നടത്തിയത്. നേരത്തെ കാസർഗോഡ് നിന്നടക്കം ഇസ്ലാമിക് സ്റ്റേറ്റ്‌സിൽ ചേർന്ന 35 പേരിലേറെ സിറിയയുലും അഫ്ഗാനിസ്ഥാനിലുമായി കൊല്ലപ്പെട്ടിരുന്നു.

ഇവർക്കെല്ലാം ഭീകരസംഘടനയായ ഐ.എസിലേക്ക് ആകർഷിക്കാൻ ക്ലാസെടുത്തത് ബീഹാർ സ്വദേശിനിയായ യാസ്മിനായിരുന്നു. കഴിഞ്ഞ വർഷം ഡൽഹി വിമാനത്താവളത്തിൽ വെച്ച് ിവരെ അറസ്റ്റ് ചെയ്തതോടെയാണ് കതേരളത്തിലെ ഐ.എസ് തീവ്രവാദത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്ത് വന്നത്. കാസർഗോഡ് ജില്ലയിലെ പടന്ന , തൃക്കരിപ്പൂർ പ്രദേശങ്ങളിൽ നിന്നും പോയവരുൾപ്പെടെ 21 അംഗ യുവതീ യുവാക്കളും മൂന്ന് കുട്ടികളും ഉൾപ്പെട്ടവരുടെ തിരോധാനത്തിന് പിന്നിൽ യാസ്മിന്റെ ശ്രമമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ നങ്കർഹാറിലാണ് ഇവർ എത്തിപ്പെട്ടത്. നേരത്തെ മലപ്പുറം പീസ് സ്‌ക്കൂളിലെ അദ്ധ്യാപികയായിരുന്നു യാസ്മിൻ. തൃക്കരിപ്പൂരിലെ അബ്ദുൾ റാഷിദിന്റെ രണ്ടാം ഭാര്യയായിരുന്നു അവർ. റാഷിദും സംഘവും ഐ.എസിൽ പോയതോടെ യാസ്മിനെ അഫ്ഗാനിസ്ഥാനിൽ കടത്താൻ ശ്രമിച്ചു. യാസ്മിന്റെ പേരിലായിരുന്നു തീവ്രവാദ പ്രവർത്തനത്തിന് വേണ്ടിയുള്ള പണമിടപാടുകൾ. ഇവർക്കൊപ്പം അഞ്ച് വയസ്സുള്ള ഒരു മകനുമുണ്ടായിരുന്നു.

ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണ ഏജൻസികൾക്ക് കൂടുതൽ തീവ്രവാദ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞത്. പീസ് സ്‌ക്കൂളിൽ അദ്ധ്യാപികയായിരിക്കേ അബ്ദുൾ റാഷിദുമായി പരിചയപ്പെടുകയും അതുവഴി കാസർഗോഡ് പടന്നയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടെ വെച്ച് തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളുൾപ്പെടെയുള്‌ലവരുടെ രാജ്യം വിടുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തു. റാഷിദിന്റെ വീട്ടിൽ വെച്ച് ഖുറാൻ പഠനം എന്ന പേരിൽ ക്ലാസു നടത്തി ''ഹിജ്‌റ '' ചെയ്യാൻ സ്ത്രീകളേയും മറ്റുള്ളവരേയും പ്രേരിപ്പിച്ചതായും എൻ.ഐ. എ. രേഖപ്പെടുത്തിയിട്ടുണ്ട്. യാസ്മിന്റെ ക്ലാസിൽ പങ്കെടുത്തവരും ചർച്ചകൾ നടത്തിയവരുമെല്ലാം അഫ്ഗാനിസ്ഥിനിലെത്തുകയും ഭൂരിഭാഗം പേരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അൽപ്പകാലത്തെ ഇടവേളക്കു ശേഷം വീണ്ടും ഐഎസിലേക്ക് ചേക്കേറിയത് അന്വേഷണ ഏജൻസികളെ ജാഗരൂകരാക്കിയിട്ടുണ്ട്.