- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ് റിക്രൂട്ട്മെന്റ് കേസ്: കേരളം അടക്കം മൂന്നുസംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പരിശോധന മലയാളി മുഹമ്മജ് അമീനും സംഘവുമായി ബന്ധപ്പെട്ട് സ്ഥലങ്ങളിൽ; സംസ്ഥാനത്ത് എട്ടിടങ്ങളിൽ റെയ്ഡ്; കണ്ണൂരിലെ എൻഐഎ റെയ്ഡിന് തങ്ങളുമായി ബന്ധമെന്ന വാർത്ത തെറ്റെന്ന് പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്. കേരളത്തിൽ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ എട്ടിടങ്ങളിലും, ബെംഗളൂരുവിൽ രണ്ടും ഡൽഹിയിൽ ഒരിടത്തുമാണ് റെയ്ഡ്. കേരള സ്വദേശി മുഹമ്മദ് അമീനും സംഘവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും നിർണായകമായ രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചു.
മലപ്പുറം ചേളാരിയിൽ പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡണ്ട് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻഐഎ-എടിഎസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ താണെയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന തുടരുന്നു. എൻഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്.
രണ്ട് ദിവസം മുമ്പ് എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ഡൽഹിയിൽ ജാഫറാബാദിലും ബെംഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. പരിശോധനയുമായി ബന്ധപ്പെട്ട് ഏഴ് പേർ നിരീക്ഷണത്തിലാണെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.പാക്കിസ്ഥാൻ സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും, ഓൺലൈൻ വഴി പരിശീലനം നൽകുകയും ചെയ്യുന്നുവെന്നും, പ്രാദേശിക ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നുവെന്നും എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.
കണ്ണൂരിലെ എൻ ഐ എ റെയ്ഡ്: പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ല
കണ്ണൂരിൽ നടക്കുന്ന എൻ.ഐ.എ.റെയ്ഡിന് പോപുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ, സംഘടനയെ ബന്ധപ്പെടുത്തി വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സെക്രട്ടറി സി സി അനസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ കൂച്ചു വിലങ്ങിടാനുള്ള ഒരു ഏജൻസിയായി എൻ ഐ എ മാറിയെന്നത് ഏവർക്കുമറിയാവുന്നതാണ്.
റെയ്ഡിന്റെ കാരണം വെളിപ്പെടുത്തേണ്ട എൻ ഐ എ മൗനം പാലിക്കുമ്പോൾ ചില മാധ്യമങ്ങൾ ഭീകര പരിവേഷം നൽകി എൻ ഐ എ റെയ്ഡിനെ ചിത്രീകരിക്കുന്നതിനു പിന്നിൽ പൊലീസിലെയും മാധ്യമങ്ങളിലെയും തത്പര കക്ഷി കളുടെ പ്രത്യേക താത്പര്യമാണ് വെളിപ്പെടുന്നത്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ചില മാധ്യമങ്ങളുടെ നുണ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.