അവസാനം കാത്ത് കാത്തിരുന്ന അത്ഭുത ഡിവൈസായ ആപ്പിൾ വാച്ചിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. ഏപ്രിൽ 24നാണ് ഈ വാച്ച് വിപണിയിലെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഈ വാച്ചിനെക്കുറിച്ച് ആപ്പിൾ വെളിപ്പെടുത്തിയപ്പോൾ ഇതിനെക്കുറിച്ച് നിഗൂഢ സങ്കൽപ്പങ്ങൾ മാത്രമെ നമുക്കുണ്ടായിരുന്നുള്ളൂ.

എന്നാൽ ഇപ്പോൾ ആപ്പിളിന്റെ സാരഥി ടിം കുക്ക് ഈ അത്ഭുത വാച്ചിനെപ്പറ്റിയുള്ള വിശദാംശങ്ങളെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ്. നടക്കാനായി ജിപിഎസും ചെക്കിൻ ചെയ്യാൻ ആപ്പുമുള്ള അസാധാരണമായ വാച്ചാണിത്. വാതിൽ തുറക്കാനുള്ള കീയെ ഉൾക്കൊള്ളുന്ന ഈ വാച്ചുപയോഗിച്ച് ഇമെയിൽ അയക്കൽ ഫോൺ വിളിക്കൽ തുടങ്ങിയ സാധാരണ ധർമങ്ങൾ കൂടി അനായാസം നിർവഹിക്കാവുന്നതാണ്. ഇതിന്റെ വില 349 ഡോളർ മുതൽ 17,000 ഡോളർ വരെയാണെന്നും റിപ്പോർട്ടുണ്ട്.

സാധാരണ ഉപയോഗം നിർവഹിക്കുകയാണെങ്കിൽ ഇതിന്റെ ബാറ്ററി 18 മണിക്കൂർ വരെ ലഭിക്കുമെന്നാണ് ആപ്പിൾ സിഇഒ വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസിൽ ഇതിന്റെ വില 349 ഡോളറിലും യുകെയിൽ 299 ഡോളറിലുമാണ് ആരംഭിക്കുന്നത്. എന്നാൽ സ്‌റ്റെയിൻലെസ് സ്റ്റീൽ വാച്ചിന്റെ വില 549 ഡോളർ അഥവാ 479 പൗണ്ടിലാണ് തുടങ്ങുന്നത്. ഇതിന്റെ ഏറ്റവും ആഢംബര മോഡലിന് യുഎസിൽ 17,000 ഡോളർ(11,200 പൗണ്ട്) വില വരും.

ഇതുവരെ നാം നിർമ്മിച്ചതിനേക്കാൾ ഏററവും വ്യക്തിപരമായ ഡിവൈസ് എന്നാണ് കാലിഫോർണിയയിലെ യെർബ ബ്യൂന സെന്ററിൽ വച്ച് നടന്ന ഇവന്റിൽ കുക്ക് അവകാശപ്പെട്ടിരിക്കുന്നത്. കാലിഫോർണിയയിൽ വച്ച് കഴിഞ്ഞ സെപ്റ്റംബറിൽ വച്ച് നടന്ന ഐഫോൺ 6, 6 പ്ലസ് എന്നീ ഫോണുകളുെ ലോഞ്ചിങ് ഇവന്റിൽ വച്ചാണ് ആപ്പിൾ ഈ വാച്ചിനെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്തിയിരുന്നത്.

പ്രധാനമായും മൂന്ന് മോഡലിലാണീ വാച്ച് എത്തുന്നത്. ആപ്പിൾ വാച്ച്, ആപ്പിൾ വാച്ച് സ്‌പോർട്ട്, ആപ്പിൾ വാച്ച് എഡിഷൻ എന്നിവയാണവ. ഇതിൽ എഡിഷൻ വേർഷൻ 18 കാരറ്റ് യെല്ലോ അല്ലെങ്കിൽ റോസ് ഗോൾഡ് നിറത്തിലാണ്. ഈ എല്ലാ മോഡലുകളും ഒന്നുകിൽ 1.4 ഇഞ്ച് വേർഷനിലോ അല്ലെങ്കിൽ 1.7 ഇഞ്ച് വേർഷനിലോ ആണ് വിപണിയിലെത്തുന്നത്. ആപ്പിൾ വാച്ചിലെ ജിപിഎസ് നാവിഗേഷനാണ് ഇതിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന്. കൂടാതെ മാപ്പുകളും നടക്കാനുള്ള നിർദ്ദേശങ്ങളും(വാക്കിങ് ഡയറക്ഷൻസ്) ഇതിലുണ്ട്. നാം നടന്ന് പോകുമ്പോൾ ഇടത്തോട്ടോ വലത്തോട്ടോ തിരിയണമെങ്കിൽ വാച്ച് അപ്പോൾ വൈബ്രേറ്റ് ചെയ്യും.

എയർപോർട്ട് ഡിപ്പാർച്ചർ ലോഞ്ചിൽ ഉപകാരപ്പെടുന്ന ബോർഡിങ് പാസ് ആപ്പ് നിങ്ങൾക്ക് പുതിയൊരു അനുഭവമായിരിക്കും. ഇതിലെ ആപ്പുകൾ തുറക്കാൻ ടച്ച് സ്‌ക്രീൻ ടാപ്പ് ചെയ്താൽ മതി. ഈ വാച്ച് ഉപയോഗിക്കാൻ തുടങ്ങിയാൽ ഡോറുകൾ തുറക്കാൻ നിങ്ങൾ ബുദ്ധിമുട്ടേണ്ടി വരില്ല. കാർഡോർ, ഫ്രന്റ് ഡോർ, ഹോട്ടൽ ഡോർ തുടങ്ങിയവയെല്ലാം ഈ വാച്ചുപയോഗിച്ച് തുറക്കാൻ സാധിക്കും. ഇതിന് പുറമെ ഫേസ്‌ബുക്ക്, ഇമെയിൽ, ടെക്സ്റ്റ് നോട്ടിഫിക്കേഷനുകൾ എന്നിവയെല്ലാം ഇതിലൂടെ കരഗതമാകും. ഈ വാച്ചിൽ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്‌സി) റേഡിയോ ആന്റിനയുണ്ട്. ഇതിലൂടെ വാച്ചിനെ സ്‌കാനേർസ്/ ഡിവൈസുമായി കണക്ട് ചെയ്യാം. ഇതിന് പുറമെ ടഫ് സഫയർ ഗ്ലാസ് സ്‌ക്രീൻ, ഡിജിറ്റൽ ക്രൗൺ ബട്ടൺ തുടങ്ങിയവയും ഇതിലുണ്ട്.

നമ്മുടെ ആരോഗ്യകാര്യത്തിലും അൽപം ശ്രദ്ധയുള്ള വാച്ചാണിത്. ഇതിലെ ഹേർട്ട് മോണിറ്റർ യൂസറുടെ റേറ്റ് മോണിറ്റർ ചെയ്തുകൊണ്ടേയിരിക്കും. സ്‌ക്രീൻ മോണിറ്ററിന്റെ റിവേഴ്‌സിലുള്ള നാല് സെൻസറുകളാണിതിന് സഹായിക്കുന്നത്. ഉപയോഗിക്കുന്നയാളിന്റെ പഴ്‌സണൽ ട്രെയിനറായി പ്രവർത്തിക്കുന്നതിനുള്ള കഴിവും ഈ വാച്ചിനുണ്ട്. ഇതിലെ ആപ്പുകൾ നിങ്ങളുടെ ആക്ടിവിറ്റി ലെവലുകൾ കണക്ക് കൂട്ടുന്നതിലൂടെയാണിത് സാധ്യമാകുന്നത്. ഈ വാച്ച് ധരിക്കാൻ തുടങ്ങിയാൽ പിന്നെ ബില്ലുകൾ അടയ്ക്കാൻ നിങ്ങൾക്ക് ക്യൂ നിന്ന് സമയം പോക്കേണ്ടി വരില്ല.

ഇതിലെ ആപ്പിൾ പേ സിസ്റ്റത്തിലൂടെ നിങ്ങൾക്ക് ബില്ലുകൾ അനായാസം അടയ്ക്കാൻ സാധിക്കും. അക്കൗണ്ട് വിവരങ്ങൾ സ്‌കാനറിലൂടെ വാച്ചിലേക്ക് കയറ്റി വിട്ടാണിത് സാധ്യമാകുന്നത്. കൈകളുപയോഗിക്കാതെ മെസേജ് അയക്കാൻ ഈ വാച്ചിലൂടെ നിങ്ങൾക്ക് സാധിക്കും. അയക്കേണ്ട മേസേജുകൾ വാക്കുകളായി ഉരുവിട്ടാൽ അത് ഇമെയിൽ അല്ലെങ്കിൽ ടെക്സ്റ്റ് മെസേജായി ട്രാൻസ്ലേറ്റ് ചെയ്യാൻ ഈ വാച്ചിന് കഴിവുണ്ട്. ഇതിലെ മിക്ക ഫംക്ഷനുകളും ആപ്പിൾ ഐഫോണുമായി ചേർന്നാണ് വാച്ച് നിർവഹിക്കുന്നതെന്നും കുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിൽ 24ന് ഈ വാച്ചിന്റെ ലോഞ്ചിങ് തീരുമാനിച്ചതിനെത്തുടർന്ന് ഇതിനായി ഏപ്രിൽ 10 മുതൽ പ്രീ ഓർഡർ ചെയ്യാവുന്നതാണ്. യുഎസ്, യുകെ, ചൈന, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, ഹോംഗ്‌കോംഗ് എന്നീ ഒമ്പത് രാജ്യങ്ങളിലെ സ്റ്റോറുകളിലാണീ വാച്ച് ലഭിക്കുക.