റിയാദ്: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഭീകരാക്രമണത്തിനു പിന്നാലെ സൗദിയിലും ആക്രമണം നടത്തുമെന്ന് കൊടും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്നറിയിപ്പ്. നിങ്ങളുടെ വീടുകളിൽ കയറി ആക്രമണം നടത്തുമെന്നാണ് സൗദിക്കെതിരായ ഭീഷണി വീഡിയോയിൽ ഐഎസ് മുന്നറിയിപ്പു നല്കുന്നത്.

ടെഹ്‌റാനിലെ ആക്രമണത്തിനു മുൻപേ ചിത്രീകരിച്ചതെന്നു കരുതുന്ന വിഡിയോയിലാണ് സൗദിക്കെതിരെ ഐഎസ് ഭീഷണി മുഴക്കിയിരിക്കുന്നത്. വിഡിയോയുടെ അവസാനഭാഗത്താണു സൗദിയെ ഉന്നമിട്ടുള്ള ഭീഷണി സന്ദേശമുള്ളത്. മുഖംമൂടി ധരിച്ച അഞ്ച് ഭീകരരാണ് വീഡിയോയിലുള്ളത്.

തങ്ങളുടെ 'ഊഴം' വരുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയിൽ ഷിയാകൾക്കെതിരെയും സൗദി അറേബ്യൻ സർക്കാരിനെതിരെയും കടുത്ത ഭീഷണി മുഴക്കുന്നു. സൗദി അറേബ്യയോട് നിങ്ങളുടെ വീടുകളിൽ വന്ന് ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഞങ്ങൾ ആരുടെയും ഏജന്റുമാരല്ല. ഈ മതത്തിനായാണു ഞങ്ങളുടെ പോരാട്ടം. ഇറാനോ സൗദിക്കോ വേണ്ടിയല്ല വിഡിയോ വ്യക്തമാക്കുന്നു.

അനുയായികളോട് തങ്ങളുടെ പാത പിൻതുടരാനുള്ള ആഹ്വാനവും ഭീകരർ വീഡിയോയിലൂടെ നൽകുന്നുണ്ട്. 'ദൈവം അനുവദിച്ചാൽ, ടെഹ്‌റാനിലെ ആക്രമണം ഇറാനെതിരായ ജിഹാദിന്റെ തുടക്കമായിരിക്കും. നാം കൊളുത്തിയിരിക്കുന്ന ഈ തീ അണയാതെ സൂക്ഷിക്കാൻ, നമ്മുടെ സഹോദരന്മാരായ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു.

ബുധനാഴ്ച ഇറാൻ പാർലമെന്റിലും ആയത്തൊള്ള ഖൊമേനിയുടെ സ്മാരകത്തിലും നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാനിലെ ഷിയ വിഭാഗങ്ങൾക്കെതിരെ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുമെന്നും ഐഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്.

ഭീകരർക്ക് സൗകര്യങ്ങൾ നൽകുന്നതായി ആരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിനെതിരായി ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് മേഖലയിൽ പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയ്ക്കെതിരായ ഐഎസിന്റെ ഭീഷണിയെന്നത് ശ്രദ്ധേയമാണ്.

സൗദി അറേബ്യയിലെ അമേരിക്കൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ അമേരിക്കൻ എംബസി അധികൃതർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.